/indian-express-malayalam/media/media_files/2025/01/25/JFMK3LKwVBuhdMrOUahi.jpg)
തിലക് വർമ, സൂര്യകുമാർ യാദവ്: (ഇൻസ്റ്റഗ്രാം)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ ചെപ്പോക്കിൽ അവസാന ഓവറിൽ ഇന്ത്യക്ക് ത്രില്ലിങ് ജയം. 17ാം ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 എന്ന നിലയിലേക്ക് വീണ് ഇന്ത്യ തോൽവി മുൻപിൽ കണ്ടെങ്കിലും തിലക് വർമ ഇന്ത്യയുടെ രക്ഷകനായി. അവസാന ഓവറിൽ അഞ്ച് റൺസ് ആണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ആദ്യ പന്തിൽ ഡബിളും രണ്ടാമത്തെ പന്തിൽ കവറിലൂടെ ബൌണ്ടറിയും കണ്ടെത്തി തിലക് ഇന്ത്യയെ പരമ്പരയിൽ 2-0ന് മുൻപിലെത്തിച്ചു.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് പിടിച്ചു നിൽക്കുകയായിരുന്നു തിലക്. 55 പന്തിൽ നിന്ന് 72 റൺസോടെയാണ് തിലക് പുറത്താവാതെ നിന്നത്. നാല് ഫോറം അഞ്ച് സിക്സും തിലകിന്റെ ബാറ്റിൽ നിന്ന് വന്നു. 166 റൺസ് വിജയ ലക്ഷ്യം മുൻപിൽ വെച്ച് ഇറങ്ങിയപ്പോൾ ഇംഗ്ലണ്ട് പേസ് ബോളിങ്ങിന് മുൻപിൽ വീണാണ് ഇന്ത്യയുടെ ഓപ്പണർമാർ മടങ്ങിയത്. 58-2 എന്ന നിലയിൽ നിന്ന് 78-5ലേക്ക് ഇന്ത്യ കൂപ്പുകുത്തി.
തോൽവി ഇന്ത്യ മുൻപിൽ കണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ കൈകളിൽ നിന്ന് തിലക് ജയം തട്ടിയകറ്റി. തിലക് വർമ കഴിഞ്ഞാൽ 19 പന്തിൽ നിന്ന് 26 റൺസ് നേടിയ വാഷിങ്ടൺ സുന്ദറാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോറർ. വാഷിങ്ടണിനേയും തിലകിനേയും കൂടാതെ ഇന്ത്യൻ നിരയിൽ സ്കോർ രണ്ടക്കം കണ്ടത് രണ്ട് പേർ മാത്രം.
View this post on InstagramA post shared by Team india (@indiancricketteam)
ആർച്ചറെ പ്രഹരിച്ച് അഭിഷേകിന്റെ തുടക്കം
നേരത്തെ 166 റൺസിൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയതിന് ശേഷം ഇന്ത്യക്ക് ആദ്യ ഓവറിൽ മികച്ച തുടക്കമാണ് ഓപ്പണർ അഭിഷേക് നൽകിയത്. ആർച്ചറിനെ അഭിഷേക് ആദ്യ ഓവറിൽ മൂന്ന് വട്ടം ബൌണ്ടറി കടത്തി. എന്നാൽ രണ്ടാമത്തെ ഓവറിൽ മാർക്ക് വുഡിന് മുൻപിൽ അഭിഷേക് വീണു. ആറ് പന്തിൽ നിന്ന് 12 റൺസ് എടുത്ത് നിന്ന അഭിഷേകിനെ വുഡ് വിക്കറ്റിന് മുൻപിൽ കുടുക്കി. സഞ്ജുവുമായി സംസാരിച്ച് അഭിഷേക് റിവ്യു എടുത്തെങ്കിലും ഓൺ ഫീൽഡ് അംപയറുടെ തീരുമാനം തേർഡ് അംപയർ ശരിവെച്ചു. ഇതോടെ 15-1ലേക്ക് ഇന്ത്യ വീണു.
മൂന്നാമത്തെ ഓവറിലേക്ക് എത്തിയപ്പോഴേക്കും സഞ്ജു സാംസണും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. മണിക്കൂറിൽ 148 കിമീ വേഗതയിൽ എത്തിയ ആർച്ചറുടെ പന്തിൽ ഡീപ്പ് മിഡ് വിക്കറ്റിൽ ബ്രൈഡന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. ഏഴ് പന്തിൽ നിന്ന് സഞ്ജുവിന് നേടാനായത് അഞ്ച് റൺസ് മാത്രം. ഓപ്പണർമാർ തുടക്കത്തിലെ മടങ്ങിയെങ്കിലും ക്യാപ്റ്റൻ സൂര്യയും തിലക് വർമയും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് മുൻപോട്ട് കൊണ്ടുപോകും എന്ന് തോന്നിച്ചു.
തന്റെ ആദ്യ ഓവർ എറിയാൻ എത്തിയ ബ്രൈഡനെ തിലക് വർമ സിക്സ് പറത്തിയാണ് സ്വീകരിച്ചത്. എന്നാൽ ആറാം ഓവറിലെ നാലാമത്തെ പന്തിൽ ബ്രൈഡൻ 12 റൺസ് എടുത്ത നിന്ന സൂര്യകുമാർ യാദവിനെ മടക്കി. ഇൻസൈഡ് എഡ്ജ് ആയി പന്ത് സ്റ്റംപ് ഇളക്കുകയായിരുന്നു. തന്റെ രണ്ടാമത്തെ ഓവർ എറിയാൻ എത്തിയ ബ്രൈഡൻ നാലാമത്തെ പന്തിൽ ധ്രുവ് ജുറലിനേയും മടക്കി. ഇതോടെ 66-4 എന്ന നിലയിലേക്ക് ഇന്ത്യ വീണു. എന്നാൽ ജുറെലിന് പിന്നാലെ എത്തിയ ഹർദിക് പാണ്ഡ്യ ബ്രൈഡന് എതിരെ ബൌണ്ടറിയോടെയാണ് തുടങ്ങിയത്.
രവി ബിഷ്ണോയിയുടെ വിലയേറിയ 5 പന്തുകൾ
എന്നാൽ പത്താം ഓവറിലെ ആദ്യ പന്തിൽ ഒവെർടൻ ഹർദിക്കിന്റെ ഭീഷണിയും ഒഴിവാക്കി. ഇതോടെ പത്ത് ഓവറിൽ 78-5ലേക്ക് ഇന്ത്യ വീണു. ആറ് പന്തിൽ നിന്ന് ഏഴ് റൺസ് എടുത്താണ് ഹർദിക് മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ പന്തിൽ ഔട്ട്സൈഡ് എഡ്ജ് ആയി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തി. പിന്നാലെ അക്ഷർ പട്ടേലും വാഷിങ്ടണും അർഷ്ദീപും കൂടാരം കയറി. എന്നാൽ അഞ്ച് പന്തിൽ നിന്ന് രണ്ട് ബൌണ്ടറി നേടി 9 റൺസോടെ രവി ബിഷ്ണോയ് പിടിച്ചു നിന്നപ്പോൾ തിലകിന് ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാനുമായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി 45 റൺസ് നേടിയ ക്യാപ്റ്റൻ ബട്ട്ലറായിരുന്നു ടോപ് സ്കോറർ. സ്മിത്ത് 12 പന്തിൽ നിന്ന് 22 റൺസ് നേടി. ഏഴ് ബോളർമാരെ ഇന്ത്യ പരീക്ഷിച്ചപ്പോൾ അക്ഷറും വരുണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപും ഹർദിക്കും വാഷിങ്ടണും അഭിഷേക് ശർമയും ഓരോ വിക്കറ്റ് വീതവും പിഴുതു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us