/indian-express-malayalam/media/media_files/GEOSUKYiCnG7p6QiFOEK.jpg)
Gautam Gambhir (File Photo)
ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിക്കുള്ള ടീമിൽ മുതിർന്ന താരം ചേതേശ്വർ പൂജാരയെ ഉൾപ്പെടുത്താൻ പരിശീലകൻ ഗംഭീർ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. എന്നാൽ അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി ഗംഭീറിന്റെ ഈ നിർദേശം തള്ളിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗംഭീറിന്റെ ഈ ആവശ്യം തള്ളിയത് രോഹിത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്താണെന്നും രോഹിത്തും ബുമ്രയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മെൽബണിലെ തോൽവിക്ക് പിന്നാലെ ഗംഭീർ ഡ്രസ്സിങ് റൂമിൽ പൊട്ടിത്തെറിച്ചു. എനിക്ക് മതിയായി എന്ന് ഗംഭീർ കളിക്കാരോട് പറഞ്ഞു. സാഹചര്യം ആവശ്യപ്പെടുന്ന വിധം കളിക്കുന്നതിന് പകരം സ്വതസിദ്ധമായ കളി തുടരാനാണ് പല മുതിർന്ന താരങ്ങളും ശ്രമിച്ചത് എന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ല എന്നും ഗംഭീർ ഡ്രസ്സിങ് റൂമിൽ വ്യക്തമാക്കിയതായാണ് വിവരം.
ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇതുവരെ സ്വതസിദ്ധമായ ശൈലിയിൽ താരങ്ങളെ സ്വതന്ത്രമായി കളിക്കാൻ വിടുന്ന ശൈലിയാണ് ഗംഭീർ സ്വീകരിച്ചത്. എന്നാൽ ഇനി അത് ഉണ്ടാവില്ലെന്ന മുന്നറിയിപ്പ് ഗംഭീർ താരങ്ങൾക്ക് നൽകി. മെൽബണിൽ ഋഷഭ് പന്ത്, വിരാട് കോഹ്ലി, രോഹിത് ശർമ, യശസ്വി ജയ്സ്വാൾ എന്നിവർ മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. ഇനി ടീമിന്റെ പ്ലാൻ അനുസരിച്ച് കളിക്കാൻ തയ്യാറാകാത്ത താരങ്ങൾക്ക് സ്ക്വാഡിൽ ഇടം ഉണ്ടാവില്ല എന്ന് ഗംഭീർ വ്യക്തമാക്കി. മാത്രമല്ല, ക്യാപ്റ്റൻസിക്ക് വേണ്ടി ടീമിനുള്ളിൽ നടക്കുന്ന ശ്രമങ്ങളും ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം മോശമാക്കുന്നു.
ഓസ്ട്രേലിയയിൽ മിന്നുന്ന പൂജാര
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ശേഷം പൂജാരയ്ക്ക് ഇന്ത്യൻ ടീമിലേക്ക് വരാനായിട്ടില്ല. എന്നാൽ ഓസ്ട്രേലിയൻ സാഹചര്യങ്ങളിലെ പൂജാരയുടെ പരിചയസമ്പത്ത് കണക്കിലെടുത്ത് താരത്തെ ടീമിൽ ഉൾപ്പെടുത്തണം എന്ന് ഗംഭീർ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് ബോർഡർ ഗാവസ്കർ
ട്രോഫി ടൂർണമെന്റുകളിലും 500ന് മുകളിൽ റൺസ് പൂജാര സ്കോർ ചെയ്തിരുന്നു.
രഞ്ജി ട്രോഫിയിൽ തന്റെ 25ാമത്തെ സെഞ്ചറി നേടിയും സൌരാഷ്ട്രയ്ക്ക് വേണ്ടി ഇരട്ട ശതകം നേടിയും പൂജാര ഇന്ത്യൻ ടീമിലേക്ക് തിരികെ എത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ യുവ താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്താനാണ് സെലക്ടർമാർ താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ സെലക്ടർമാരുടെ ഈ തീരുമാനം ഓസ്ട്രേലിയയിൽ തിരിച്ചടിയായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.