/indian-express-malayalam/media/media_files/2024/12/25/FsoY7K91ZkpGlCk3Hkpf.jpg)
prithivi shaw batting Photograph: (courtesy -prithvi shaw, twitter)
വിനോദ് കാംബ്ലി, ഉന്മുക്ത് ചന്ദ്, ദാ ഇപ്പോൾ പൃഥ്വി ഷാ... ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന വാഴ്ത്തുപാടലുകൾ കേട്ട് കരിയർ ആരംഭിച്ച താരങ്ങളാണ് ഇവർ. എന്നാൽ കാര്യങ്ങൾ അവരുടെ വഴിയേ വന്നില്ല. പണവും പ്രശസ്തിയും നിറയുന്ന ക്രിക്കറ്റ് ലോകത്ത് ഒന്നുമാകാതെ മടങ്ങാനായിരുന്നു കാംബ്ലിയുടേയും ഉന്മുക്ത് ചന്ദിന്റേയും വിധി. ആ കൂട്ടത്തിലേക്ക് പൃഥ്വി ഷായുടെ പേര് കൂടി ചേർക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഐപിഎല്ലിൽ പൃഥ്വിയെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ ഒന്നും തയ്യാറാവാതിരുന്നതോടെ ആ ആശങ്ക ശക്തമാവുകയാണ്. വലിയ പ്രതീക്ഷയോടെ എത്തി ക്രിക്കറ്റ് ലോകത്ത് ഒന്നുമാകാതെ പോയ ക്രിക്കറ്റ് താരങ്ങളെ നോക്കാം...
വിനോദ് കാംബ്ലി
സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിനൊപ്പം ഒരുകാലത്തെ പറയപ്പെട്ടിരുന്ന പേരായിരുന്നു വിനോദ് കാംബ്ലിയുടേത്. കാംബ്ലിയുടെ തുടക്ക കാലത്ത് അദ്ദേഹത്തിന്റെ പ്രതിഭയുടെ പേരിൽ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇന്ത്യൻ ടീമിലേക്ക് എത്താൻ കാംബ്ലിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. എന്നാൽ കരിയറിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച പണവും പ്രശസ്തിയും കാംബ്ലിയുടെ ജീവിത രീതിയെ മാറ്റി മറിച്ചു. ക്രിക്കറ്റ് കരിയർ മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത വിധത്തിൽ അച്ചടക്കമില്ലാത്ത ജീവിതം താരത്തിന് മുൻപിലുള്ള വാതിലുകൾ അടച്ചു. ആഡംബര ജീവിതത്തിൽ കാംബ്ലി മുഴുകിയപ്പോൾ ക്രിക്കറ്റിനേക്കാൾ പ്രാധാന്യം ലഹരിക്ക് നൽകിയതായാണ് കാലം അടയാളപ്പെടുത്തുന്നത്.
മോശം ഫോമിനൊപ്പം അച്ചടക്കമില്ലാത്ത ജീവിത രീതി ഫിറ്റ്നസ് പ്രശ്നങ്ങളും സൃഷ്ടിച്ചതോടെ ഇന്ത്യൻ ടീമിൽ നിന്ന് കാംബ്ലിക്ക് പുറത്തേക്കുള്ള വാതിൽ തുറന്നു. പ്രായം 50 പിന്നിട്ട് നിൽക്കുന്ന കാംബ്ലി ഇപ്പോൾ പല ഗുരുതര രോഗങ്ങളുടേയും പിടിയിലായി കഴിഞ്ഞു.ബിസിസിഐയുടെ പെൻഷൻ മാത്രം ആശ്രയിച്ച് ജീവിക്കേണ്ട നിലയിലേക്ക് കാംബ്ലിയുടെ ജീവിതം മാറി.
ഉന്മുക്ത് ചന്ദ്
അണ്ടർ 19 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത ക്യാപ്റ്റന്മാരിൽ ഒരാളാണ് ഉന്മുക്ത് ചന്ദ്. ഇതോടെ ഇന്ത്യയുടെ ഭാവി താരമായി ഉന്മുക്ത് വാഴ്ത്തപ്പെട്ടു. എന്നാൽ ഇന്ത്യൻ ടീമിൽ സാന്നിധ്യം ഉറപ്പിക്കുന്ന നിലയിലേക്ക് വളരാൻ ഉന്മുക്തിന് സാധിച്ചില്ല. ഐപിഎല്ലിലും മിന്നി തിളങ്ങാൻ ഉന്മുക്തിന് സാധിച്ചില്ല. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിലെ സാധ്യതകൾ അടഞ്ഞതോടെ അമേരിക്കയിലേക്ക് ക്രിക്കറ്റ് സ്വപ്നങ്ങളുമായി ചേക്കേറുകയായിരുന്നു ഉന്മുക്ത്. എന്നാൽ അമേരിക്കയിലും തന്റെ സാന്നിധ്യം ഉറപ്പിക്കുന്ന നിലയിൽ പ്രകടനം നടത്താനാവാതെ വന്നതോടെ എന്നന്നേക്കുമായി പാഡഴിക്കേണ്ട അവസ്ഥയിൽ എത്തി നിൽക്കുകയാണ് ഉന്മുക്ത്.
പൃഥ്വി ഷാ
കോലിയെ പോലെ അണ്ടർ 19 കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത ക്യാപ്റ്റനാണ് പൃഥ്വി ഷായും. പിന്നാലെ ഇന്ത്യൻ റെഡ് ബോൾ ടീമിലേക്കും പൃഥ്വി ഷായ്ക്ക് വിളിയെത്തി. അരങ്ങേറ്റ ടെസ്റ്റിൽ മിന്നും സെഞ്ചറിയോടെ നിറഞ്ഞ് പൃഥ്വി പ്രതീക്ഷകൾ വാനോളം ഉയർത്തി. പിന്നാലെ വന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലും പൃഥ്വി ടീമിൽ ഇടം നേടി. ആദ്യം പരുക്ക് തിരിച്ചടിയായി. ഒടുവിൽ പരുക്കിൽ നിന്ന് തിരിച്ചെത്തിയെങ്കിലും ഓസ്ട്രേലിയൻ മണ്ണിൽ അതിജീവിക്കാൻ പാകത്തിൽ സാങ്കേതിക മികവ് പൃഥ്വിക്കില്ലെന്ന വിമർശനങ്ങൾ ക്രിക്കറ്റ് വിദഗ്ധരിൽ നിന്ന് ഉയർന്നു. ഇതോടെ ഇന്ത്യൻ ടീമിലെ സ്ഥാനം പൃഥ്വിയുടെ കൈകളിൽ നിന്ന് ഉയർന്നു.
സച്ചിനും ലാറയും സെവാഗും ചേർന്ന താരം എന്നെല്ലാം പൃഥ്വി ഷായെ ചൂണ്ടി വിലയിരുത്തലുകൾ ഉയർന്നിരുന്നു. എന്നാൽ നിലവിൽ ഡൊമസ്റ്റിക് ക്രിക്കറ്റിൽ മുംബൈ ടീമിൽ ഇടം നേടാൻ പോലും സാധിക്കാതെ നിൽക്കുകയാണ് പൃഥ്വി ഷാ. നൈറ്റ് പാർട്ടികളും മദ്യപാനവും എല്ലാമായി പൃഥ്വി ജീവിതം ആഘോഷിക്കുമ്പോൾ ക്രിക്കറ്റ് കരിയറിലെ ഗ്രാഫ് താഴേക്ക് പോയി.
ശ്രീശാന്ത്
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ജാക്ക് കാലിസിനെ വിറപ്പിച്ച് വന്ന ആ ഷോർട്ട് പിച്ച് ഡെലിവറി ഓർമയില്ലേ? ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ഡെലിവറികളിൽ ഒന്നായി അത് വിലയിരുത്തപ്പെടുന്നു. ഇന്ത്യയുടെ ട്വന്റി20 ലോക കിരീടം നേടിയ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗം. ഐപിഎല്ലിലും ശ്രീശാന്തിനെ തേടി ഫ്രാഞ്ചൈസികൾ എത്തുന്നതിൽ കുറവുണ്ടായില്ല. എന്നാൽ ഏവരേയും ഞെട്ടിച്ചായിരുന്നു ശ്രീശാന്തിന്റെ വീഴ്ച. ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ടതോടെ മൂന്ന് ഫോർമാറ്റിലും കളിച്ചിരുന്ന ശ്രീശാന്തിന്റെ മുൻപിലെ വാതിലുകൾ അടഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.