/indian-express-malayalam/media/media_files/2025/01/28/4P193GPwUItwSI0diWo6.jpg)
ഇന്ത്യയെ തോൽപ്പിച്ച ഇംഗ്ലണ്ട് താരങ്ങളടെ ആഘോഷം : (ഇൻസ്റ്റഗ്രാം)
രാജ്കോട്ട് ട്വന്റി20യിൽ ബോളർമാരുടെ കരുത്തിൽ ജയം പിടിച്ച് പരമ്പരയിൽ ജീവൻ നിലനിർത്തി ഇംഗ്ലണ്ട്. 172 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്താനായത് 145 റൺസ് മാത്രം. 26 റൺസ് ജയത്തോടെ അഞ്ച് ട്വന്റി20കളുടെ പരമ്പര ഇംഗ്ലണ്ട് 2-1 എന്ന നിലയിലാക്കി.
ഇംഗ്ലീഷ് ബോളർമാരുടെ അച്ചടക്കത്തോടെയുള്ള ബോളിങ്ങിന് മുൻപിൽ ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനാവാതെ വരികയായിരുന്നു. ആർച്ചറും വുഡും ബ്രൈഡനും ഓവെർട്ടനും ചേർന്ന് ഇന്ത്യയെ സമ്മർദത്തിലാക്കി. മധ്യഓവറുകളിൽ ആദിൽ റാഷിദ് ഇന്ത്യൻ ബാറ്റർമാരെ പിടിച്ചുകെട്ടി. ഇതോടെ ആവശ്യമായ റൺറേറ്റ് ഉയർന്നതോടെ കളി ഇന്ത്യയുടെ കൈകളിൽ നിന്ന് നഷ്ടമായി.
ഒവെർടൻ മൂന്നും ബ്രൈഡൻ രണ്ടും ആർച്ചറും വുഡും റാഷിദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 35 പന്തിൽ നിന്ന് 40 റൺസ് എടുത്ത ഹർദിക് പാണ്ഡ്യയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. അഭിഷേക് ശർമ 14 പന്തിൽ നിന്ന് 24 റൺസ് എടുത്തു.
വീണ്ടും ഷോർട്ട് പിച്ച് പന്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു സാംസൺ മടങ്ങിയതോടെയാണ് ഇന്ത്യയുടെ തകർച്ച ആരംഭിച്ചത്. ഇംഗ്ലണ്ടിന് എതിരായ രാജ്കോട്ട് ട്വന്റി20യിലും പേസർ ജോഫ്ര ആർച്ചർ തന്നെയാണ് സഞ്ജുവിനെ വീഴ്ത്തിയത്. ആർച്ചറുടെ മണിക്കൂറിൽ 145.7 കിമീ വേഗതയിൽ എത്തിയ പന്തിൽ പുൾ ഷോട്ട് കളിച്ച സഞ്ജുവിന്റെ ടൈമിങ് ശരിയായില്ല. പന്ത് നേരെ മിഡ് ഓണിൽ ആദിൽ റാഷിദിന്റെ കൈകളിലേക്ക്.
സഞ്ജു മടങ്ങിയതിന് പിന്നാലെ ബ്രൈഡന് എതിരെ നാലാം ഓവറിൽ രണ്ട് ഫോറടിച്ച് അഭിഷേക് കൂടുതൽ ആക്രമണകാരിയാവൻ ശ്രമിച്ചെങ്കിലും ആ ഓവറിലെ നാലാമത്തെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച് ഇന്ത്യൻ ഓപ്പണർ മടങ്ങി. ബ്രൈഡന്റെ ഡെലിവറിൽ മിഡ് ഓഫിൽ ആർച്ചറിന് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്. 14 പന്തിൽ നിന്ന് അഭിഷേക് നേടിയത് 24 റൺസ്. അഭിഷേക് പുറത്തായതോടെ നാല് ഓവറിൽ ഇന്ത്യ 31-2 എന്ന നിലയിലേക്ക് വീണു.
എന്നാൽ തിലകും സൂര്യകുമാർ യാദവും ചേർന്ന് ഏതാനും ബൌണ്ടറികളിലൂടെ കളിയിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ മാർക് വുഡിനെ തിരികെ കൊണ്ടുവന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ട്ലറുടെ നീക്കം ഫലിച്ചു. ആറാം ഓവറിലെ ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവിനെ വുഡ് ഫിൽ സോൾട്ടിന്റെ കൈകളിൽ എത്തിച്ച് മടക്കി. 7 പന്തിൽ നിന്ന് 14 റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റന് നേടാനായത്.
ഏഴാം ഓവറിൽ ലിവിങ്സ്റ്റണിന് എതിരെ തിലക് വർമ സിക്സ് പറത്തിയതിന് ശേഷം ഏഴ് ഓവറോളം ഇന്ത്യക്ക് പിന്നെയൊരു ബൌണ്ടറി കണ്ടെത്താനായില്ല. രണ്ടാം ട്വന്റി20യിൽ ഇന്ത്യയെ ഒറ്റയ്ക്ക് നിന്ന് ജയിപ്പിച്ച തിലകിനെ ആദിൽ റാഷിദ് ആണ് രാജ്കോട്ടിൽ മടക്കിയത്. ആദിലിന്റെ ആദ്യ ഓവറിലെ അവസാന പന്തിൽ വന്ന എക്സ്ട്രാ ബൌൺസ് തിലകിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ഇൻസൈഡ് എഡ്ജ് ആയി പന്ത് മിഡിൽ സ്റ്റംപ് ഇളക്കി.
13ാം ഓവറിലെ ആദ്യ പന്തിൽ വാഷിങ്ടൺ സുന്ദറിന്റെ ഭീഷണി ഒവെർടൻ ഒഴിവാക്കി. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ഒവെർടന്റെ ഫുള്ളർ ഡെലിവറിയിൽ മിഡ് ഓഫിലൂടെ ലോഫ്റ്റ് ഷോട്ട് കളിക്കാനാണ് വാഷിങ്ടൺ സുന്ദർ ശ്രമിച്ചത്. എന്നാൽ പന്ത് എത്തിയത് മിഡ് ഓഫിൽ ബട്ട്ലറുടെ കൈകളിലേക്ക്. ഇതോടെ 85-5ലേക്ക് ഇന്ത്യ വീണു. പിന്നെ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് ബോളർമാർ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ ഫിൽ സോൾട്ടിനെ നഷ്ടമായി. എന്നാൽ ബട്ട്ലറും ബെന്നും ചേർന്ന് അർധ ശതക കൂട്ടുകെട്ട് കണ്ടെത്തി. എന്നാൽ വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് പിഴുത് ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്ക് മേൽ കയറി ഇറങ്ങിയപ്പോൾ കൂറ്റൻ വിജയ ലക്ഷ്യം ഇന്ത്യക്ക് മുൻപിൽ വെക്കാൻ ഇംഗ്ലണ്ടിനായില്ല. എന്നാൽ ബെന്നിന്റെ അർധ ശതകവും ലിവിങ്സ്റ്റണിന്റെ 40 റൺസും ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചു.
Read More
- india Vs England Live Score: ചുറ്റിവരിഞ്ഞ് വരുൺ; പിഴുതത് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് 172 റൺസ് വിജയ ലക്ഷ്യം
- India Vs England Live Score: തകർത്തടിച്ച ബെൻ ഡക്കറ്റിനെ മടക്കി; കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇംഗ്ലണ്ട്
- ഇത് കിങ് കോഹ്ലി തന്നെയോ; പെരുമാറ്റം കണ്ട് ഞെട്ടി ഡൽഹി താരങ്ങൾ
- IND vs ENG 3rd T20 Live Score: വീണ്ടും ടോസ് ജയിച്ച് സൂര്യ;ഇംഗ്ലണ്ടിന് ബാറ്റിങ്;ഷമി തിരിച്ചെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.