/indian-express-malayalam/media/media_files/YceZU90uhA8pKHzO6FqJ.jpg)
cristiano ronaldo playing for portugal | File Photo
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിക്കാൻ ക്ഷണം ലഭിച്ചാലോ? ആരും കൊതിക്കുന്നൊരു സ്വപ്നമാണ് അത്. എന്നാൽ അങ്ങനെ ഒരു ക്ഷണം ലഭിച്ചാൽ നിരസിക്കണം എന്ന് പറഞ്ഞാലോ? മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പ്രതിരോധനിര താരം പാട്രിക് ഇവ്ര ആണ് ഈ മുന്നറിയിപ്പ് നൽകുന്നത്. ക്രിസ്റ്റ്യാനോയുടെ ഫിറ്റ്നസ് നിലനിർത്താൻ വേണ്ടിയുള്ള കഠിനാധ്വാനത്തിലേക്കാണ് ഈ മുൻ ഫ്രഞ്ച് താരം വിരൽചൂണ്ടുന്നത്. ഫിറ്റ്നസ് നിലനിർത്താൻ ജിമ്മിലെ വർക്ക്ഔട്ട് മാത്രമല്ല, ഭക്ഷണക്രമത്തിന്റെ കാര്യത്തിലും ക്രിസ്റ്റ്യാനോയ്ക്ക് വിട്ടുവീഴ്ച്ചയില്ല.
121 മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയ്ക്കൊപ്പം കളിച്ച താരമാണ് ഇവ്ര. ക്രിസ്റ്റ്യാനോയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന്റെ അനുഭവം ഫ്രഞ്ച് താരം റഷ്യൻ ലോകകപ്പിന്റെ സമയത്താണ് വെളിപ്പെടുത്തുന്നത്. അത് ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ഞാൻ നിങ്ങൾക്കൊരു ഉപദേശം നൽകാം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉച്ചഭക്ഷണം കഴിക്കാൻ വിളിച്ചാൽ നോ പറയുക. ഭക്ഷണം അല്ല അവിടെ പ്രശ്നം. അവിടെ ക്രിസ്റ്റ്യാനോയ്ക്കൊപ്പം നമ്മൾ ചെയ്യേണ്ടി വരുന്ന പരിശീലനം ആണ് വിഷയം.
പരിശീലനത്തിന് ശേഷം എന്നെ ക്രിസ്റ്റ്യാനോ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു.ഞാൻ വളരെ ക്ഷീണിതനായിരുന്നു. ഭക്ഷണമേശയിൽ സാലഡും വൈറ്റ് ചിക്കനും വെള്ളവും മാത്രമാണ് ഉണ്ടായിരുന്നത്. ജ്യൂസ് പോലും ഉണ്ടായില്ല. ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി. സാലഡ് കഴിച്ച് കഴിയുമ്പോഴേക്കും കൂടുതൽ മാംസ ഭക്ഷണങ്ങൾ വരും എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഒന്നും വന്നില്ല. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ക്രിസ്റ്റ്യാനോ വീണ്ടും പന്തുകൊണ്ട് പരിശീലനം നടത്താൻ തുടങ്ങി. പിന്നാലെ സ്വിമ്മിങ്ങിന് പോകാൻ ക്രിസ്റ്റ്യാനോ എന്നെ ക്ഷണിച്ചു. അവിടം കൊണ്ടും പരിശീലനം തീർന്നില്ല, മുൻ ഫ്രഞ്ച് താരം പറയുന്നു.
നമ്മൾ എന്തിനാണ് ഇപ്പോൾ പരിശീലനം നടത്തുന്നത് എന്ന് ഞാൻ ക്രിസ്റ്റ്യാനോയോട് ചോദിച്ചു. നാളെ എന്തെങ്കിലും മത്സരമുണ്ടോ എന്ന് ചോദിച്ചു. ഇതുകൊണ്ടാണ് ഞാൻ എല്ലാവരോടും പറയുന്നത ക്രിസ്റ്റ്യാനോ ഉച്ചഭക്ഷണം കഴിക്കാൻ വിളിച്ചാൽ നോ പറയുക എന്ന്. കാരണം ക്രിസ്റ്റ്യാനോ ഒരു മെഷീൻ പോലെയാണ് പ്രവർത്തിക്കുന്നത്. എല്ലായ്പ്പോഴും ക്രിസ്റ്റ്യാനോയ്ക്ക് പരിശീലനം നടത്തിക്കൊണ്ടിരിക്കണം. ഈ നേട്ടങ്ങളിലേക്ക് എല്ലാം ക്രിസ്റ്റ്യാനോ എത്തിയതിന് പിന്നിൽ ഈ വിട്ടുവീഴ്ചയില്ലാത്ത പരിശീലനമാണ്. ഈ നേട്ടങ്ങളെല്ലാം ക്രിസ്റ്റ്യാനോ അർഹിക്കുന്നതാണ്, മാഞ്ചസ്റ്റർ യുണൈറ്റഡിലെ ക്രിസ്റ്റ്യാനോയുടെ മുൻ സഹതാരം പറയുന്നു.
ക്രിസ്റ്റ്യാനോയുടെ ഈ ഫിറ്റ്നസാണ് പ്രായം മുപ്പതുകളിൽ നിൽക്കുമ്പോഴും താരത്തെ വേറിട്ട് നിർത്തുന്നത്. കരിയറിൽ ക്ലബിനായും ദേശിയ ടീമിനായും ക്രിസ്റ്റ്യാനോ അടിച്ചുകൂട്ടിയ ഗോളുകൾ 916ൽ എത്തി നിൽക്കുന്നു. നിലവിൽ അൽ നസറിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ 83 മത്സരങ്ങളിൽ നിന്ന് 74 വട്ടമാണ് ഗോൾവല കുലുക്കിയത്. 18 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.
2024-25 സീസണിൽ 12 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ ഇതുവരെ സൌദി ലീഗിൽ കളിച്ചത്. അടിച്ചത് 10 ഗോളും രണ്ട് അസിസ്റ്റും.ഈ വർഷം എഎഫ്സി ചാംപ്യൻസ് ലീഗിൽ നാല് കളിയിൽ നിന്ന് നാല് ഗോളും ക്രിസ്റ്റ്യാനോ അക്കൌണ്ടിലാക്കി. സൂപ്പർ കപ്പിൽ രണ്ട് കളിയിൽ നിന്ന് രണ്ട് ഗോളും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.