/indian-express-malayalam/media/media_files/2024/11/17/5mBrLwFOhueKrS6G42x3.jpg)
Rohit Sharma
റെഡ് ബോൾ ക്രിക്കറ്റിൽ മോശം ഫോമിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിങ്. ആർ അശ്വിൻ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ രോഹിത്തിന്റെ തീരുമാനം എന്താവും എന്ന ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. ബോർഡർ ഗാവസ്കർ ട്രോഫിക്ക് പിന്നാലെ രോഹിത് റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കും എന്ന പ്രവചനവുമായി എത്തുകയാണ് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററായ ഭരത് സുദർശന്റെ വാക്കുകൾ. ബോക്സിങ് ഡേ ടെസ്റ്റ് തുടങ്ങുന്നതിന് മണിക്കൂറുകൾ മാത്രം മുൻപാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ഓപ്പണിങ്ങിൽ നിന്ന് മാറി മധ്യനിരയിലേക്ക് രോഹിത് ഇറങ്ങി എന്നത് അദ്ദേഹം ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ മനസിൽ കാണുന്നത് കൊണ്ടാണെന്നാണ് ഭരത് സുദർശന്റെ വാക്കുകൾ. രാഹുൽ-ജയ്സ്വാൾ സഖ്യമാണ് അടുത്ത നാലഞ്ച് വർഷത്തേക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഓപ്പണിങ് കൂട്ടുകെട്ടായി തുടരാൻ പോകുന്നത്. രണ്ട് പേരും പരസ്പരം അഭിനന്ദിച്ച് കളിക്കുന്നു. 10 വർഷത്തോളമായി രാഹുൽ ടീമിലുണ്ടെങ്കിലും ഈ രണ്ട് പേരും ചേർന്ന ഓപ്പണിങ് സഖ്യത്തിന് അടുത്ത അഞ്ച് വർഷത്തോളം ഇന്ത്യൻ ടീമിൽ തുടരാൻ സാധിക്കും. രാഹുലിന് ഇപ്പോൾ പ്രായം 32 വയസാണ്. അഞ്ചാറ് വർഷം കൂടി രാഹുലിന് കളിക്കാൻ സാധിക്കും, ഭരത് സുദർശൻ പറയുന്നു.
റൺസ് സ്കോർ ചെയ്യുകയാണ് ഇപ്പോൾ രോഹിത്തിന് മുൻപിലുള്ള വെല്ലുവിളി. മധ്യനിരയിൽ താഴേക്ക് ഇറങ്ങി കളിച്ചിട്ടും ഫോമിലേക്ക് എത്താൻ രോഹിത്തിന് സാധിച്ചിട്ടില്ല. വിരമിച്ച് മാറി നിൽക്കാൻ പോകുന്നത് അശ്വിൻ മാത്രമാണെന്ന് തോന്നുന്നില്ല.അതറിയാൻ നമ്മൾ കാത്തിരിക്കേണ്ടതുണ്ട്. രോഹിത്തിനും കോലിക്കും റൺ കണ്ടെത്താൻ പ്രയാസപ്പെടുന്ന സമയമാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് എത്താൻ ഇന്ത്യക്ക് സാധിച്ചില്ലെങ്കിൽ പിന്നെ ഇവർ ഇന്ത്യൻ ടീമിൽ തുടരുന്നതിലെ കാര്യമെന്താണ്? ഓസ്ട്രേലിയക്കെതിരായ പരമ്പര കഴിഞ്ഞാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് പിന്നെ ഇന്ത്യക്ക് മുൻപിലുള്ളത്, ഭരത് സുദർശൻ പറയുന്നു.
രോഹിത് ആണ് ഇവിടെ തീരുമാനം എടുക്കേണ്ടത്. ഇനി വരുന്ന ടെസ്റ്റുകളിൽ രോഹിത് റൺസ് സ്കോർ ചെയ്തില്ലെങ്കിലും ചെയ്താലും വിരമിക്കൽ എന്ന ആശയം രോഹിത്തിന് മുൻപിൽ ശക്തമായി നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 13 ടെസ്റ്റുകളിലായി 24 ഇന്നിങ്സ് ആണ് രോഹിത് 2024ൽ ബാറ്റ് ചെയ്തത്. നേടിയത് 607 റൺസ് മാത്രം. ബാറ്റിങ് ശരാശരി 26.39.രണ്ട് സെഞ്ചറിയും രണ്ട് അർധ ശതകവും മാത്രമാണ് ഈ കാലയളവിൽ രോഹിത്തിന്റെ ബാറ്റിൽ നിന്ന് വന്നത്. 2013ൽ ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച രോഹിത് 66 ടെസ്റ്റിൽ നിന്ന് 4289 റൺസ് ആണ് ഇതുവരെ സ്കോർ ചെയ്തത്. ടെസ്റ്റ് കരിയറിലെ ബാറ്റിങ് ശരാശരി 41.24. 12 സെഞ്ചുറിയും 18 അർധ സെഞ്ചറിയും രോഹിത്തിന്റെ ടെസ്റ്റ് കരിയറിൽ വന്നു.
കഴിഞ്ഞ 13 ഇന്നിങ്സിൽ നിന്ന് 152 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. കഴിഞ്ഞ ഏഴ് ടെസ്റ്റുകൾ എടുത്താൽ രോഹിത് ശർമ ഫോമില്ലായ്മയെ തുടർന്ന് എത്രമാത്രം ഉഴലുന്നു എന്ന് വ്യക്തമാകും. കഴിഞ്ഞ 13 ഇന്നിങ്സിൽ നിന്ന് രോഹിത്തിന്റെ ബാറ്റിങ് ശരാശരി 11.69 മാത്രമാണ്. 2019ലാണ് രോഹിത് ടെസ്റ്റിൽ ഓപ്പണറുടെ റോളിലേക്ക് എത്തുന്നത്. പിന്നീട് വന്ന അഞ്ച് വർഷം ഓപ്പണിങ്ങിൽ ലഭിച്ച അവസരം മുതലാക്കി കളിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 12 മാസത്തെ കണക്കെടുക്കുമ്പോൾ രോഹിത്തിന്റെ പേസ് ബോളിങിന് എതിരായ ബാറ്റിങ് ശരാശരി ആശങ്ക ഉയർത്തുന്നതാണ്. 18.50 ആണ് ഇത്.
Read More
- ചാംപ്യൻസ് ട്രോഫി 2025; ടൂർണമെന്റ് ഷെഡ്യൂൾ പ്രഖ്യാപിച്ച് ഐസിസി
 - 13 ഇന്നിങ്സ്, 152 റൺസ്; ഗുഡ് ലെങ്ത് ബോളുകളിൽ തട്ടി വീഴുന്ന രോഹിത്
 - അന്ന് വാഴ്ത്തു പാട്ടുകൾ ഉയർന്നു; പക്ഷേ കയ്യിലിരിപ്പ് പ്രശ്നമായി; വീണവർ
 - 'ബുമ്രയുടെ ബോളിങ് ആക്ഷൻ നിയമവിരുദ്ധം; ആരും മിണ്ടാത്തത് എന്തുകൊണ്ട്'; വിമർശനം
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us