/indian-express-malayalam/media/media_files/2025/03/26/dBYLRyPEjHeyHs0ZtIEk.jpg)
Argentina Beat Brazil Photograph: (Argentina Football Team, Instagram)
ARG vs BRA FIFA World Cup 2026 Qualifiers: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന. മെസിയില്ലാതെ ഇറങ്ങിയ അർജന്റീന 4-1ന് ആണ് ജയം ആഘോഷിച്ചത്. നാലാം മിനിറ്റിൽ തന്നെ വല കുലുക്കി അൽവാരസാണ് അർജന്റീനയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഷോട്ടുകളിലും ഓൺ ടാർഗറ്റിലേക്കുള്ള ഷോട്ടുകളിലും എല്ലാം അർജന്റീന ബ്രസീലിനേക്കാൾ ബഹുദൂരം മുൻപിൽ നിന്നു.
ചൊവ്വാഴ്ച നടന്ന കളിയിൽ ബോളീവിയ-യുറുഗ്വെ മത്സരം ഗോൾരഹിത സമനിലയിൽ പിരിയുക കൂടി ചെയ്തതോടെയാണ് അർജന്റീന ലോകകപ്പ് യോഗ്യത ബ്രസീലിന് എതിരെ ഇറങ്ങുന്നതിന് മുൻപ് തന്നെ ഉറപ്പിച്ചിരുന്നു. നാലാം മിനിറ്റിൽ 1-0ന് ലീഡ് പിടിച്ചതിന് ശേഷം 12ാം മിനിറ്റായപ്പോഴേക്കും അർജന്റീന ലീഡ് 2-0 ആയി ഉയർത്തി. എൻസോ ഫെർണാണ്ടസ് ആണ് കളിയിലെ അർജന്റീനയുടെ രണ്ടാമത്തെ ഗോൾ നേടിയത്. എന്നാൽ 26ാം മിനിറ്റി ഗോൾ നേടി ബ്രസീൽ കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. കുഞ്ഞ്യയിലൂടെയാണ് ബ്രസീൽ കളിയിലെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ആദ്യ പകുതിയിൽ തന്നെ അർജന്റീന മൂന്നാമത്തെ ഗോളും അടിച്ചു. മകലിസ്റ്ററായിരുന്നു സ്കോർ ബോർഡ് 3-1 ആയി മാറ്റി അർജന്റീനയ്ക്ക് രണ്ട് ഗോൾ ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ സിമിയോണിയും വല കുലുക്കിയതോടെ 4-1ന്റ തകർപ്പൻ ജയത്തോടെ അർജന്റീന ലോകകപ്പ് പ്രവേശനം ആഘോഷമാക്കി.
ആദ്യ പകുതിയിൽ ബ്രസീലിന്റേയും അർജന്റീനയുടേയും കളിക്കാർ തമ്മിൽ കാര്യങ്ങൾ കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു.ആദ്യ പകുതിയുടെ ഇടവേള വരുന്ന സമയത്തും ഇരുടീമിലേയും കളിക്കാർ കൊമ്പുകോർത്തു.
ബ്രസീലിന് എതിരായ ജയത്തോടെ ലോകകപ്പ് യോഗ്യതാ പോയിന്റ് പട്ടികയിൽ അർജന്റീനയ്ക്ക് 31 പോയിന്റായി. 14 മത്സരങ്ങളാണ് അർജന്റീന ഇതുവരെ കളിച്ചത്. 21 പോയിന്റാണ് ബ്രസീലിനുള്ളത്. ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ബ്രസീലിന് ഇനി അടുത്ത ഇന്റർനാഷണൽ ബ്രേക്ക് വരെ കാത്തിരിക്കണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.