/indian-express-malayalam/media/media_files/KPp7J1hoCMC8TvMjVNgq.jpg)
'കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിക്കുന്ന രീതി തന്റെ കുടുംബത്തിൽ നടന്നിരുന്നു' എന്ന് നടി സ്വാസിക പറഞ്ഞ വാക്കുകളാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുന്നത്. തന്റെ അമ്മയുടെ മുത്തച്ഛൻ ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നെന്നാണ് ‘വിവേകാനന്ദൻ വൈറലാണ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെ സ്വാസിക പറഞ്ഞത്.
“എന്റെ അമ്മയുടെ അച്ഛൻ വിഷ വൈദ്യനാണ്. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചിട്ടുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. കടിച്ച പാമ്പ് തിരിച്ചുവരുന്നു. അതേ ആളുകളുടെ കടിച്ച ഭാഗത്ത് നിന്നും വിഷം ഇറക്കുന്നു. എന്നിട്ട് പാമ്പ് തിരിച്ചുപോകുന്നു. ആ സമയത്ത് നമ്മുടെ വീട്ടിലെ തൊഴുത്ത് നിന്ന് കത്തും എന്നാണ് പറയുന്നത്. ഇത് പറയുമ്പോള്‍ ആളുകള്‍ക്ക് തമാശ എന്നൊക്കെപ്പറയും. പക്ഷെ ഇത് റിയല്‍ ആയിട്ടുള്ള നമ്മുടെ ഫാമിലിയില്‍ സംഭവിച്ചതാണ്. അത് പക്ഷെ ഫാമിലിക്ക് ഏറെ ദോഷമാണ്. അത് കൊണ്ടാണ് പിന്നീട് ആ ഫാമിലിയില്‍ ഒരോരോ ഇഷ്യൂസ് വരുന്നത്. കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യവും ചര്‍മ്മരോഗങ്ങളും വരുന്നത് അതുകൊണ്ടാണ്. അതുകൊണ്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തി. ഞാന്‍ കണ്ടിട്ടില്ല. എന്‍റെ അമ്മയുടെ മുത്തച്ഛനാണ് ഇതൊക്കെ ചെയ്തിരുന്നത്. അദ്ദേഹം മരിച്ചു ഇപ്പോൾ ആരും ചെയ്യുന്നില്ല," സ്വാസികയുടെ വാക്കുകളിങ്ങനെ. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് ഇപ്പോൾ.
'കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുക' എന്ന പ്രയോഗം മലയാളികൾ ആദ്യമായി കേൾക്കുന്നത് സ്വാസിക പറഞ്ഞിട്ടല്ല. കാലാകാലങ്ങളായി പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുള്ള ഒന്നാണത്. യഥാർത്ഥത്തിൽ, കടിച്ച പാമ്പ് തിരികെ വന്നു വിഷമിറക്കുമോ? എന്താണ് ഇതിനു പിന്നിലെ വസ്തുത?
ഇക്കാര്യത്തിലേക്ക് വരുന്നതിനു മുൻപ്, പാമ്പു കടിയേൽക്കുമ്പോൾ ശരീരത്തിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്താണ് എന്നു നോക്കാം.
"പാമ്പിന്റെ ഉമിനീരിൽ നിന്നുണ്ടാവുന്ന ഒരു പ്രോട്ടീനെയാണ് പാമ്പിന്റെ വിഷം എന്നു പറയുന്നത്. ആ വിഷം നമ്മൾ കുടിച്ചു കഴിഞ്ഞാൽ പോലും യാതൊരു പ്രശ്നവുമില്ല, ശരീരത്തിനകത്തോ ദഹനേന്ദ്രീയ വ്യൂഹത്തിലോ മുറിവുകൾ ഒന്നുമില്ലെങ്കിൽ അതൊരു പ്രോട്ടീനാണ്, ആഹാരമായി ഉപയോഗിക്കാം. എന്നാൽ ആ വിഷം രക്തത്തിലേക്ക് കടന്നാലാണ് പ്രശ്നം. പാമ്പിന്റെ കടിയേറ്റ മുറിവിലൂടെ ഈ വിഷം രക്തത്തിലേക്ക് കടക്കുമ്പോൾ ഒരു കെമിക്കൽ റിയാക്ഷനാണ് സംഭവിക്കുന്നത്. അത് രക്തം കട്ടിയാവാനോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾക്കോ കാരണമാവാം. ചിലപ്പോൾ പാമ്പു കടിയേറ്റ ആൾക്ക് തളർച്ചയോ കടിയേറ്റ ഭാഗം മരവിച്ചുപോകാനോ കാഴ്ചശക്തി പോവാനോ ഒരുവേള മരണം സംഭവിക്കാനോ കാരണമാവും. ശരീരത്തിലേക്ക് ഒരു അന്യ പദാർത്ഥം കയറി കഴിഞ്ഞാൽ ശരീരം അതിനെതിരെയുള്ള പ്രതിവസ്തു (ആന്റി ബോഡി) ഉണ്ടാക്കാൻ ശ്രമിക്കും. ആന്റി ബോഡിയുണ്ടാക്കാൻ നമ്മുടെ ശരീരമെടുക്കുന്ന സമയമാണ് നിർണായകം. പാമ്പിൻ കടിയേറ്റാൽ ചിലർ ഏറെസമയം മോഹാലസ്യപ്പെട്ടു കിടക്കും, ചിലരിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും കാണില്ല. ഈ സമയത്ത് ആ വിഷവസ്തുവിനെതിരെയുള്ള ആന്റി ബോഡിയുണ്ടാക്കുകയാണ് നമ്മുടെ ശരീരം. അതു പൂർത്തിയാവുമ്പോൾ നിങ്ങൾ കണ്ണുതുറക്കും, തളർച്ച മാറും. ആ സമയത്തിനിടയിൽ ആന്റി ബോഡി ഉത്പാദനം നടന്നില്ലെങ്കിലാണ് മരണം സംഭവിക്കുക," പ്രമുഖ ചിന്തകനും ശാസ്ത്രപ്രചാരകനുമായ രവിചന്ദ്രൻ സി വിശദീകരിക്കുന്നു.
'കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കണോ?'
പാമ്പു കടിയേയും തുടർ ചികിത്സയേയും കുറിച്ച് അനേകം മിഥ്യാധാരണകളും അന്ധവിശ്വാസങ്ങളും നില നില്‍ക്കുന്നുണ്ട്. അതിലൊന്നാണ് 'കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുക' എന്നത്. പലപ്പോഴും ഈ മിഥ്യാധാരണ വിശ്വസിച്ച്, കടിച്ച പാമ്പിനെ തേടി നടന്ന്, കടിയേറ്റ ആൾക്ക് ചികിത്സ വൈകിയ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാൽ പാമ്പു കടിയേറ്റാൽ, കടിച്ച പാമ്പിനെ പിടിക്കാൻ നിൽക്കാതെ, എത്രയും പെട്ടെന്ന് കടിയേറ്റ ആൾക്ക് വേണ്ട പ്രഥമ ശുശ്രൂഷകൾ നൽകുകയാണ് വേണ്ടതെന്നാണ് വിദഗ്ധർ പറയുന്നത്.
അതുമാത്രമല്ല, പാമ്പിനെ തിരിച്ചറിയുന്നതിലുപരി, കടിയേറ്റ ആളുടെ ശാരീരികലക്ഷണങ്ങള്‍ നോക്കിയാണ് ഡോക്ടര്‍മാർ ചികിത്സ നിര്‍ണയിക്കുന്നത്. ആന്റി സ്നേക്ക് വെനത്തിന്റെ ഡോസ് നിശ്ചയിക്കപ്പെടുന്നതും ഇങ്ങനെയാണ്.
പാമ്പുകൾ ആളെ ഓർത്തുവച്ച് പ്രതികാരം ചെയ്യുമോ?
പാമ്പുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റൊരു അന്ധവിശ്വാസമാണ്, പാമ്പിനെ അറിഞ്ഞോ അറിയാതെയോ ദ്രോഹിച്ചാൽ പാമ്പ് ഓർത്തുവച്ച് പ്രതികാരം ചെയ്യും എന്നത്. പാമ്പിനു ഇത്തരം യാതൊരു പ്രത്യേകതയോ ഓര്‍മ്മശക്തിയോ ദിവ്യശക്തിയോ ഒന്നുമില്ല. മനുഷ്യരോളം പകയൊന്നും പാമ്പിനില്ല എന്നതാണ് സത്യം. സ്വന്തം ജീവൻ അപായപ്പെടുത്തും എന്നു തോന്നുമ്പോഴോ ഇരയാണ് എന്ന് തെറ്റിദ്ധരിച്ചോ ഒക്കെയാണ് പാമ്പ് കടിക്കുക. അല്ലാതെ മനുഷ്യരെ വെറുതെ പ്രതികാരബുദ്ധി വച്ച് വേട്ടയാടി പിടിക്കാൻ ഒന്നും പാമ്പു വരില്ല.
എല്ലാ പാമ്പുകൾക്കും വിഷമുണ്ടോ?
ഇല്ല, ഇന്ത്യയില്‍ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളില്‍ വിരലില്‍ എണ്ണാവുന്നവക്ക് മാത്രമേ വിഷമുള്ളൂ എന്നാണ് വിദഗ്ധർ പറയുന്നത്. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു തരം വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയിൽ പ്രധാനമായും ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്.
Read More
- വിമാനത്തിൽ പാമ്പ്; പിടികൂടാൻ ജീവനക്കാർ; വീഡിയോ
- യാത്രക്കാർക്ക് റൺവേയിൽ ഭക്ഷണം; ഇൻഡിഗോ 1.20 കോടി രൂപ പിഴയടയ്ക്കണം
- ആകാശത്തെ ജീവന്മരണ പോരാട്ടത്തിൽ രക്ഷകനായി മലയാളി ഡോക്ടർ
- സവാരിക്കിറങ്ങി കാട്ടുപറമ്പനും രമണനും ദശമൂലം ദാമുവും; വൈറലായൊരു കാഴ്ച
- ഞാൻ തന്നെ പാട്ടും പാടും വേണേൽ മ്യൂസിക്കും ഇടും; പാട്ടു പാടി സോഷ്യൽ മീഡിയയെ കൈയ്യിലെടുത്ത് മിടുക്കി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us