/indian-express-malayalam/media/media_files/2025/07/11/priya-nair-2025-07-11-19-13-13.jpg)
പ്രിയ നായർ
ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ (എച്ച്‌യുഎൽ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായർ നിയമിതയായതിനു പിന്നാലെ കമ്പനിയുടെ ഓഹരിയിൽ കുതിപ്പ്. കമ്പനിയുടെ ചരിത്രത്തിലെ ആദ്യ വനിതാ സിഇഒ ആണ് പ്രിയ. എച്ച്‌യുഎല്ലിന്റെ ഓഹരികൾ വെള്ളിയാഴ്ച 4.63 ശതമാനം ഉയർന്ന് 2520 രൂപയിലെത്തി. ഓഹരികളുടെ മൊത്തം വിപണി മൂലധനം 5,92,097 കോടി രൂപയാണ്.
അതേസമയം, നിരവധി ആളുകളാണ് പ്രിയ നായരെ തിരഞ്ഞ് ഗൂഗിളിൽ എത്തിയത്. ഗൂഗിൾ ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ് പ്രിയ നായർ. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപതിനായിരത്തിലധികം സെർച്ചുകളാണ് ഉണ്ടായത്.
യൂണിലിവറിന്റെ ബ്യൂട്ടി ആൻഡ് വെല്‍ബിയിങ് വിഭാഗം പ്രസിഡന്റായ പ്രിയ നായർ വ്യാഴാഴ്ചയാണ് സിഇഒ ആയി നിയമിതയായത്. ഓഗസ്റ്റ് 1 ന് സിഇഒ ആയി ചുമതലയേൽക്കും. അഞ്ചു വർഷത്തെ കാലാവധിയിലാണ് പ്രിയ സിഇഒ സ്ഥാനത്ത് എത്തുന്നത്. ജൂലൈ 31 ന് സിഇഒ സ്ഥാനം ഒഴിയുന്ന രോഹിത് ജാവയുടെ പകരക്കാരിയാണ് പ്രിയ എത്തുന്നത്.
Also Read: ഒരിക്കൽ സ്‌നേഹനിധിയായ അച്ഛൻ, ഇന്ന് കൊലയാളി; ടെന്നീസ് താരത്തെ വെടിവച്ചു കൊന്നത് എന്തിന്?
പാലക്കാട് സ്വദേശിയാണ് 53കാരിയായ പ്രിയ. മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയത്തോടെയാണ് കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്നത്. പേഴ്‌സണൽ കെയർ ബിസിനസുകളിൽ നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2014 മുതൽ 2020 വരെ എച്ച്‌യുഎല്ലിന്റെ ഹോം കെയറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായ അവർ പിന്നീട് 2020 നും 2022 നും ഇടയിൽ എച്ച്‌യുഎല്ലിന്റെ ബ്യൂട്ടി ആൻഡ് പേഴ്‌സണൽ കെയറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു.
പിന്നീട്, യൂണിലിവറിൽ ബ്യൂട്ടി ആൻഡ് വെൽബീയിംഗിന്റെ ആഗോള തലത്തിലുള്ള ചീഫ് മാർക്കറ്റിംഗ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. 2023ലാണ് പ്രിസിഡന്റ് സ്ഥാനത്ത് എത്തിയത്. ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് ബ്രാന്‍ഡുകളിലായി 1.30 ലക്ഷം കോടി മൂല്യമുള്ള ഉത്പന്ന നിരയുടെ മേല്‍നോട്ടമാണ് പ്രിയ വഹിച്ചിരുന്നത്.
Read More: ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചിന് തകരാർ ? എയർ ഇന്ത്യ വിമാനാപകടത്തിൽ കണ്ടെത്തലുമായി യു.എസ്. മാധ്യമങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.