/indian-express-malayalam/media/media_files/2025/05/26/Yytlo9OaDcOElUJi0CuF.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
നടന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ബഹുമുഖ പ്രതിഭയാണ് മനോജ് കെ. ജയന്‍. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം പലപ്പോഴും ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മനോജ് കെ. ജയൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഫ്രാൻസിലെ പാരീസിൽ നിന്നുള്ള തന്റെ ചിത്രമാണ് നടൻ പോസ്റ്റു ചെയ്തത്. "നമ്മളില്ലേ..." എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവച്ചത്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ രണ്ടുപേർ പരസ്പരം ചുംബിക്കുന്നതും കാണാം.
നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്. "അറിയാത്ത പോലെ നിൽക്കാം", "ഒന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല","ചത്തൊടുങ്ങേണ്ടി വന്നാലും നോക്കില്ല ഈ സെൽവം", "ആയുർ രേഖക്ക് എന്തോ ഒരു വശപിശക്", "കണ്ടാൽ മതി നമ്മൾ ഇതിൽ ഇല്ല", എന്നിങ്ങനെയാണ് കമന്റുകൾ.
മൂന്നര പതിറ്റാണ്ടിലേറെ മലയാളസിനിമയിൽ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് മനോജ് കെ. ജയൻ. 1988 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'കുമിളകൾ' എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ. ജയന്റെ അരങ്ങേറ്റം.
1987-ൽ റിലീസായ 'എൻ്റെ സോണിയ' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം. 'മാമലകൾക്കപ്പുറത്ത്' എന്ന സിനിമയിൽ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1992ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്.
'പെരുന്തച്ചൻ' (1990), 'സർഗ്ഗം' എന്നീ ചിത്രങ്ങൾ മനോജ് കെ ജയന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. സർഗ്ഗത്തിലെ അഭിനയത്തിന് 1992ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. തുടർന്നിങ്ങോട്ട് ഒട്ടേറെ സിനിമകളിൽ നായകനായും ഉപനായകനായും വില്ലനായും തിളങ്ങി.
'ചമയം', 'വെങ്കലം', 'അനന്തഭദ്രം', 'പഴശ്ശിരാജ' എന്നീ സിനിമകളിലെ വേഷവും ശ്രദ്ധ നേടി. മണിരത്നം സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിച്ച 'ദളപതി' എന്ന ചിത്രത്തിലൂടെയായിരുന്നു മനോജിന്റെ തമിഴ് സിനിമയിലെ അരങ്ങേറ്റം. തമിഴിലും തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
2000ൽ നടി ഉർവ്വശിയെ വിവാഹം ചെയ്തെങ്കിലും 2008ൽ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തിൽ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മിയാണ് മകൾ. 2011 ൽ മനോജ് പുനർവിവാഹിതനായി. ഭാര്യ ആശ. അമൃത് എന്നൊരു മകനുമുണ്ട്. ആശയുടെ ആദ്യ വിവാഹത്തിലുള്ള മകൾ ശ്രേയയും തേജലക്ഷ്മിയും സമപ്രായക്കാരാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.