scorecardresearch

'ക്രിസ്തുമതത്തിനും ഹിന്ദു മതത്തിനും പുറവഴിയെ അനാഥരായി സഞ്ചരിച്ച'വരുടെ നാൾവഴികൾ

പ്രത്യക്ഷ രക്ഷ ദൈവ സഭ പ്രസിദ്ധീകരിച്ച പൊയ്കയിൽ അപ്പച്ചന്റെ ജീവചരിത്രമായ "വ്യവസ്ഥയുടെ നടപ്പാതകൾ",എല്ലാ ചരിത്രവും തത്വശാസ്ത്രങ്ങളും അരിക്കവത്കരിച്ച ഒരു ജനതയുടെ അതിജീവന പോരാട്ടത്തിന്റെ നാൾ വഴി കുറിപ്പുകൾ ആണ്.

പ്രത്യക്ഷ രക്ഷ ദൈവ സഭ പ്രസിദ്ധീകരിച്ച പൊയ്കയിൽ അപ്പച്ചന്റെ ജീവചരിത്രമായ "വ്യവസ്ഥയുടെ നടപ്പാതകൾ",എല്ലാ ചരിത്രവും തത്വശാസ്ത്രങ്ങളും അരിക്കവത്കരിച്ച ഒരു ജനതയുടെ അതിജീവന പോരാട്ടത്തിന്റെ നാൾ വഴി കുറിപ്പുകൾ ആണ്.

author-image
Sabloo Thomas
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ക്രിസ്തുമതത്തിനും ഹിന്ദു മതത്തിനും പുറവഴിയെ അനാഥരായി സഞ്ചരിച്ച'വരുടെ  നാൾവഴികൾ

കേരളത്തിലൊരിക്കൽ കൂടി ക്രൈസ്തവസഭയ്ക്കുളളിലെ ജാതി, കുടുംബമഹിമയുടെ പുറന്തോട് പൊട്ടിച്ച് പുറത്തിറങ്ങിയിരിക്കുന്നു. കുടുംബ മഹിമയിൽ​ പൊതിഞ്ഞും സവർണബോധത്തിന്റെ ആടയാഭരണങ്ങൾ​ തോമാശ്ലീഹയുടെ ഐതീഹ്യത്തിൽ ചേർത്ത് വിളക്കിയും നിലനിർത്തുന്ന ക്രൈസ്തവരുടെ ഇടയിലെ ജാതി ബോധം ദുരഭിമാനക്കൊലയിലൂടെയാണിപ്പോൾ പുറത്തുവന്നത്. ഈ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമാകുന്ന ഒന്നാണ് "ക്രിസ്തുമതത്തിനും ഹിന്ദു മതത്തിനും പുറവഴിയെ അനാഥരായി സഞ്ചരിച്ച"വർക്കായുളള പൊയ്കയിൽ​ അപ്പച്ചന്റെ പോരാട്ടങ്ങൾ.

Advertisment

കേരളത്തിന്റെ ചരിത്രഎഴുത്തുകൾ തമസ്കരിച്ച അടിമാനുഭവങ്ങളുടെ,അടിമ ജനതയുടെ ആത്മാഭിമാന പോരാട്ടങ്ങളുടെ ചരിത്രമാണ് "വ്യവസ്ഥയുടെ നടപ്പാതകൾ" എന്നപുസ്തകം വരച്ചിടുന്നത്. കേരളത്തിന്റെ വൈജ്ഞാനിക പൊതുമണ്ഡലത്തിൽ നിന്നും ഒഴിവാക്കപ്പെട്ടവരായിരുന്നു ദലിത് വിഭാഗങ്ങൾ. മലയാളി മെമ്മോറിയലും അതിനെ തുടർന്നുണ്ടായ തൊഴിൽ, രാഷ്ടീയ അവകാശ പോരാട്ട സമരങ്ങളും ദലിത് പ്രാതിനിധ്യ അവകാശങ്ങളെ കുറിച്ച് മിണ്ടിയിട്ടില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. അദൃശ്യതകൾ അനുഭവമാക്കുന്ന ആ ചരിത്രപരിസരങ്ങളിലാണ് "കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി...... കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ" എന്ന അപ്പച്ചന്റെ എഴുത്ത് പ്രസക്തമാവുന്നത്.

പ്രത്യക്ഷ ദൈവ സഭയുടെ ചരിത്രം ജാതി അധികാര സംവിധാനത്തോട് മാത്രമല്ല സുറിയാനി ക്രിസ്ത്യാനികളും ക്രിസ്ത്യൻ മിഷനറിമാരും ഉൾപ്പെടുന്ന സാമുദായിക ഒത്തു തീർപ്പുകൾ രൂപീകരിച്ച പൊതുമണ്ഡലത്തോടുമുള്ള വിയോജിപ്പാണ്. വിഭവാധികാരമാണ് വിമോചനത്തിന്റെ വഴിയെന്ന് അപ്പച്ചൻ തിരിച്ചറിയുന്നത് സാമ്പ്രദായികമായ മത സങ്കല്പങ്ങളുടെ പുറവഴിയിലൂടെ സഞ്ചരിച്ചാണ് എന്ന് അദ്ദേഹത്തിന്റെ പാട്ടുകൾ ബോധ്യപ്പെടുത്തുന്നുണ്ട്. ഹിന്ദുമതത്തിന്റെ പുറവഴിയിൽ അയിത്താനുഭവങ്ങളുടെ അടിമജീവിതവും കരുണയും സാഹോദര്യവും മോഹിച്ച് ക്രിസ്തുമതത്തിന്റെ പുറവഴികളിൽ അടിമയുടെ ഉഭയജീവിതവും അനുഭവിച്ചാണ് അപ്പച്ചൻ രക്ഷാ നിർണയം എന്ന ബോധ്യത്തിൽ എത്തുന്നത്. സംഘടിക്കണം. സംഘടന ആത്മാഭിമാനം ഉണ്ടാക്കും എന്ന ബോധ്യത്തിൽ നിന്നാണ് പാട്ടുകൂട്ടങ്ങളും സഭകളും എന്ന ആശയം ഉണ്ടായിവന്നത്. സംഘടിക്കണമെങ്കിൽ സാമ്പത്തികസ്വാശ്രയത്വം ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് സ്വന്തം ജനതയ്ക്കുവേണ്ടി വ്യവസായപരിശീലന കേന്ദ്രങ്ങൾ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് സ്കൂളുകൾ എന്നിങ്ങനെ മൂർത്ത ഭൗതികപ്രവർത്തനങ്ങളുടെ ലോകവും അദ്ദേഹം വിഭാവന ചെയ്തിട്ടുണ്ട്.poykayil appachan,sablu thomas

ആദിയർ ജനതയെന്ന അടിസ്ഥാന സങ്കല്പത്തിൽ ഉപജാതിവ്യത്യാസമില്ലാതെ നിലവിലുള്ള എല്ലാ മതസങ്കല്പങ്ങളേയും നിരാകരിച്ച് ഒരു ‘ജനത'യെന്ന നിലപാട് അപ്പച്ചൻ സ്വീകരിക്കുന്നു. ദലിതർ ജാതികളല്ലെന്നും ഒരു വംശമാണ് എന്നും അപ്പച്ചൻ പ്രഖ്യാപിച്ചു. പ്രത്യക്ഷരക്ഷാദൈവസഭ സ്വന്തമായി ആരാധനാലയങ്ങളും, വിദ്യാലയങ്ങളും സ്ഥാപിച്ചു .

Advertisment

പ്രത്യക്ഷരക്ഷാ ദൈവസഭയെ കുറിച്ചുള്ള മൗലികമായ വീക്ഷണം അപ്പച്ചൻ വെളിപ്പെടുത്തുന്നത് 41 രാത്രിയും പകലും നീണ്ടു നിന്ന കുളത്തൂർ എന്ന സ്ഥലത്തു വെച്ച് നടത്തിയ “രക്ഷാനിർണയ" യോഗത്തിലാണ്. അതിനു മുൻപുണ്ടായിരുന്ന പൊയ്കക്കൂട്ടരുടെ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് “അപ്പച്ചൻ” സഭ രൂപം കൊള്ളുന്നത്. പൊയ്കക്കൂട്ടർ, അപ്പച്ചൻ സഭ എന്നിവയുടെ തുടർച്ചയായിട്ടാണ് പ്രത്യക്ഷരക്ഷാ ദൈവസഭ രൂപപ്പെടുന്നത്.

ഏഴുക്കൂട്ടം അടിമത്തത്തെ കുറിച്ചുള്ള സങ്കൽപം ആത്മീയ വീക്ഷണമായി അപ്പച്ചൻ അവതരിപ്പിക്കുന്നത് ഈ യോഗത്തിലാണ്. ഏഴുകൂട്ടം അടിമത്തത്തിൽ നിന്നുള്ള മോചനമാണ് രക്ഷ.അതിപ്രകാരമാണ്.(1) ദൈവത്തിന്റെ പേരിൽ അടിമ (2) മതത്തിന്റെ പേരിൽ അടിമ (3)രാജ്യത്തിന്റെ പേരിൽ അടിമ (4) ജാതിയുടെ പേരിൽ അടിമ (5) മായാശക്തികൾക്കും സേവന മൂർത്തികൾക്കും അടിമ (6) മാർഗങ്ങളുടെ പേരിലുള്ള അടിമ (7) ജീവന്റെയും ശരീരത്തിന്റെയും പേരിലുള്ള അടിമ.

1910-ൽ ചങ്ങനാശേരിയിൽ നടന്ന ഒരു കോടതി വിചാരണയിൽ മുൻസിഫിന്റെ ചോദ്യത്തിന് മറുപടിയായാണ് അപ്പച്ചൻ തന്റെ സഭയുടെ പേര് വെളിപ്പെടുത്തിയത്.  പത്തനംതിട്ട ജില്ലയിലെ, തിരുവല്ല താലൂക്കിലെ, ഇരവിപേരൂരിലാണ് പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം.

പൊയ്കയിൽ യോഹന്നാൻ,പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ, പൊയ്കയിൽ അപ്പച്ചൻ, പൊയ്കയിൽ ഉപദേശി തുടങ്ങി പല നിലകളിൽ രേഖപെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ, പൊയ്കയിൽ അപ്പച്ചൻ , എന്നീ പേരുകളാണ് ദൈവശാസ്ത്രപരമായ താൽപര്യം നിലനിർത്തി പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്നത്.

Read More:"പുലയരെല്ലാരും കൂടി ചേരമനായാലെന്താ പുലയന്‍റെ പുല മാറുമോ?"

വംശം, നടപ്പാതകള്‍,വ്യവസ്ഥ, ആഖ്യാനങ്ങള്‍ എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് ഈ പുസ്തകത്തിന്റെ ഘടന. ജീവചരിത്ര പുനരാഖ്യാന സമിതി. സൊസൈറ്റി ഓഫ് പി ആർ ഡി എസ് സ്റ്റഡീസ് അണ്‍സീണ്‍ ലെറ്റേഴ്‌സ് സ്ളേറ്റ് പബ്ലിക്കേഷന്‍ എന്നിവർ ചേർന്നാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read More: ജാതിക്കൊലകളുടെ കേരളാ മോഡൽ

Read More: തലോടുന്ന കൈയ്യും കൊല്ലുന്ന കൈയ്യും, കേരളത്തിലെ ജാതിക്കൊലപാതകങ്ങൾ

Honour Killing Dalit Conversion

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: