കോട്ടയത്ത് നടന്ന സംഭവം കേരളം പോലൊരു സ്ഥലത്ത് നടന്നതാണോ എന്ന് ആശങ്കപ്പെടുന്നവരാണ് പലരും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്ന സംഭവങ്ങളോടുള്ള സൂക്ഷ്മബോധമില്ലായ്മയാണ് ഇങ്ങനെയൊരു സംശയത്തിന് പിന്നില്‍. കേരളത്തില്‍ ജാതിയില്ല എന്നൊരു അജ്ഞത ധാരാളമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ കേരളം ജാതി വിമുക്തമല്ല എന്ന് തന്നെയാണ് പല സമീപകാല സംഭവങ്ങളും വിളിച്ചുപറയുന്നത്.
കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കാര്യമാണ് പറയാനുള്ളത്. ഒന്ന് അതിലെ ജാതിയാണ്. രണ്ട് ആ ജാതിക്ക് കൂട്ട് നില്‍ക്കുന്ന പൊലീസ് സംവിധാനമാണ്. കഴിഞ്ഞ രണ്ട് ദിവസമായി കെവിനെ പെണ്‍വീട്ടുകാര്‍ അടങ്ങുന്ന സംഘം നിരന്തരമായി ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിനെകുറിച്ച് കെവിന്‍റെ അച്ഛനും പിന്നീട് പെണ്‍കുട്ടി തന്നെയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പരാതി ഫയലില്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി സ്റ്റേഷനില്‍ കുത്തിയിരുപ്പ് നടത്തിയിരുന്നു. നേരത്തെ പെണ്‍വീട്ടുകാരുടെ പരാതിയില്‍ ഇരുവിഭാഗങ്ങളെയും ഒത്തുതീര്‍പ്പിന് വിളിച്ച അതേ പൊലീസ് ആണ് ഈ അനാസ്ഥ കാണിച്ചത്.
അങ്ങനെ പെരുമാറാന്‍ ഒരു കാരണമുണ്ട് അത് കെവിന്‍റെ ദലിത് ക്രിസ്ത്യന്‍ പശ്ചാത്തലം തന്നെയാണ്. ഒരു ഉയര്‍ന്ന ജാതിക്കാരനാണ് അയാള്‍ എങ്കില്‍ പൊലീസില്‍ ഇടപെടാനുള്ള ബന്ധങ്ങള്‍ അയാള്‍ക്ക് ഉണ്ടാകുമായിരുന്നു.
ഭീകരമായ മര്‍ദ്ദനത്തിലൂടെയാണ് കൊല്ലപ്പെടുന്നതിന് മുന്‍പ് കെവിന്‍ കടന്നുപോയത്. അയാളുടെ കണ്ണ് ചൂഴ്ന്നെടുത്തിരുന്നു എന്നാണ് പറയുന്നത്. ഒരു സമൂഹത്തെ ഇത്രയും വലിയ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയും പ്രചോദനവുകയും ചെയ്യുന്നത് എന്താണ്?. കുറ്റകൃത്യത്തെ സാമാന്യവത്കരിക്കാതെ അതിന്‍റെ അടിസ്ഥാനപരമായ കാരണം ചികഞ്ഞാല്‍ എത്തുക ജാത്യാഭിമാനത്തിലേക്കാണ്. അതിനാല്‍ തന്നെയാണ് ജാതിയെ കുറിച്ച് നമ്മള്‍ തുറന്നു ചര്‍ച്ച ചെയ്യേണ്ടത്. കേരളത്തില്‍ ജാതിയുണ്ട് എന്നും ജാതിക്കൊലകള്‍ ഉണ്ട് എന്നും പറയണം.
ജാത്യാഭിമാന കൊലയ്ക് കൂട്ടുനില്‍ക്കുന്ന തരത്തിലാണ് കേരളാ പൊലീസ് പ്രവര്‍ത്തിച്ചത്. ഈ ജാതിക്കൊലയില്‍ പൊലീസും ഭരണകൂടവും വഹിച്ച പങ്ക് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പൊലീസ് അനാസ്ഥ ആരോപിച്ചാണ് ഹര്‍ത്താല്‍.
ഈ എല്‍ഡിഎഫ് ഭരണത്തിന്‍റെ കീഴിലെ നിയമപാലകര്‍ വലിയ കുറ്റകൃത്യങ്ങള്‍ തന്നെയാണ് നടത്തിയിട്ടുള്ളത്. നേരത്തെ വിനായകന്‍ എന്ന ദലിത് യുവാവിനെ മര്‍ദ്ദിച്ചതും ആത്മഹത്യയിലേക്ക് തള്ളിവിട്ടതും ഇതേ പൊലീസായിരുന്നു. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടു എന്ന് പറഞ്ഞായിരുന്നു ആ യുവാവിന്‍റെ അറസ്റ്റും പീഡനവും.
ഓരോ പൊലീസ് അതിക്രമങ്ങളും നടന്ന ശേഷം നടപടിയെടുത്ത് മുഖം രക്ഷിക്കുകയല്ലാതെ പൊലീസിന്‍റെ അധഃപതനത്തെ അഭിസംബോധന ചെയ്യുന്നതിനായുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

പൊലീസ് അനാസ്ഥയോടൊപ്പം തന്നെ ചര്‍ച്ചയാകേണ്ടതായ പ്രേരക ശക്തിയാണ് ജാതിയെന്നത്. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന ‘സോഷ്യല്‍ ക്രൈം’ ആണത്. പ്രണയിച്ചതിന്‍റെ പേരില്‍ ഭീഷണിയില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും ഇടപെടാതിരുന്നത് ? കേരളസമൂഹം ജാതിയോട് കാണിക്കുന്ന ജാഗ്രതയെന്താണ് ?
ഇന്ന് കോട്ടയത്ത് പിടിക്കപ്പെട്ട ഒരാള്‍ ഇടതുപക്ഷ യുവജനപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകനാണ് എന്നാണ് അറിഞ്ഞത്. ഒരുപക്ഷെ ‘ ജാതിയില്ലാ കേരളം’ എന്ന പേരില്‍ ആ പ്രസ്ഥാനം നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ആളായിരിക്കാം ഇയാള്‍. ആധുനികതയുടേതായ ഒരു മാനദണ്ഡങ്ങളും ജാത്യാഭിമാനികള്‍ക്ക് ബാധകമല്ല.
മഞ്ചേരിയില്‍ നടന്ന ദുരഭിമാന കൊല നോക്കിയാല്‍ നമുക്കറിയാം. താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചതിനാണ് ആതിര എന്ന യുവതിയെ അച്ഛൻ കൊന്നു കളഞ്ഞത്. ആതിരയെക്കാള്‍ മെച്ചപ്പെട്ട കുടുംബ പരിസരമാണ് കാമുകന്‍ ബ്രിജേഷിന്‍റെത്. ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായ ഈ യുവാവിന് ആവശ്യമായ സാമ്പത്തിക ഭദ്രതയുമുണ്ട്. സാധാരണ ഗതിയില്‍ ഒരു വിവാഹത്തിന് പരിഗണിക്കാവുന്നതായ മാനദണ്ഡങ്ങളെല്ലാം പൂരിപ്പിച്ചിട്ടും പട്ടികജാതിക്കാരനുമായുള്ള വിവാഹം തങ്ങളുടെ അഭിമാനത്തിന് പോറലേല്‍പ്പിക്കും എന്ന ഒരൊറ്റ കാരണത്തിലാണ് അവളെ കൊലപ്പെടുത്തുന്നത്.
വടക്കേ ഇന്ത്യയില്‍ മാത്രമല്ല ജാതിയുള്ളത് എന്നും ജാതി കൊലപാതകങ്ങള്‍ ഇവിടെയും നടക്കുന്നു എന്ന യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നുമുള്ള ഈ ഒളിച്ചോട്ടം എന്നാണ് നിര്‍ത്തുക? എന്നെയൊക്കെ പലരും വിളിക്കുന്നത് ജാതിവാദി എന്നാണ്.
ജാതി പ്രശ്നമായിരിക്കുന്നിടത്തോളം ജാതി പറയേണ്ടതുണ്ട് എന്നും അഭിസംബോധന ചെയ്യേണ്ടതുണ്ട് എന്നുമുള്ള സൂക്ഷ്മ രാഷ്ട്രീയമാണ് മുഖ്യധാരാ പാര്‍ട്ടികള്‍ ഇല്ലാതാക്കുന്നത്.
ജാതി എന്നത് ഹിന്ദു മതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു കാര്യമല്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകെ പരന്നു കിടക്കുന്നതായ ഈ സാമൂഹിക അനീതി മറ്റ് മതങ്ങളെയും പല തോതിലായി ബാധിച്ചിട്ടുണ്ട്. ജാതി ഇല്ല എന്ന് പറയുമ്പോഴും ക്രൈസ്തവ, ഇസ്‌ലാമിക മതങ്ങളുടെ ഇടയിലും ജാതി ഒരു യാഥാര്‍ഥ്യമാണ്. കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ ഇടയില്‍ ഇത് പ്രകടമായുണ്ട്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ ക്രൈസ്തവ മതം സ്വീകരിച്ച ദലിതരെ ഉള്‍ക്കൊള്ളാന്‍ സഭകള്‍ ഇന്നും തയ്യാറായിട്ടില്ല.
ജാതിയുടെ പ്രധാന അടിത്തറയാണ് വിവാഹം എന്നുള്ളത്. മറ്റുള്ള ഗോത്രങ്ങളില്‍ നിന്നും വിവാഹം കഴിക്കാതിരിക്കുക എന്ന ‘ശുദ്ധവാദ’മാണ് ഇവിടെയും പ്രകടമായത്.
മതങ്ങള്‍ തമ്മിലുള്ള ബന്ധം സാരാംശത്തില്‍ ജാതിയാണ് എന്ന് ബി.ആര്‍.അംബേദ്‌കര്‍ പറയുന്നുണ്ട്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ച് ഇത് സത്യമാണ്. കെവിനെ കൊന്നത് ആ ജാത്യാഭിമാനമാണ്. ബൈബിള്‍ ഒന്നാകുമ്പോഴും ഒരാള്‍ കൊല്ലപ്പെടേണ്ടതും മറ്റൊരാള്‍ തലോടപ്പെടേണ്ടതുമാകുന്ന ജാതി തന്നെയാണ് ആ കൊലപാതകത്തിന് പിന്നില്‍.
Read More: ജാതിക്കൊലകളുടെ കേരളാ മോഡൽ
( സണ്ണി കപിക്കാടിനോട് ഫോണില്‍ സംസാരിച്ച് തയ്യാറാക്കിയത്)