” ഈ പെലപ്പെണ്ണുങ്ങള്‍ ഇവിടെ  കൂടി നിന്നപ്പഴേ എനിക്ക് തോന്നീതാ എന്‍റെ കുട കാണാതെ പോകൂന്ന്”

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളിയില്‍ കേട്ട ഒരു സംഭാഷണമാണ്. അതില്‍ ഒരു ഞെട്ടലും തോന്നിയില്ല. ഓര്‍ത്തെടുക്കാന്‍ പറ്റുന്ന കാലം മുതല്‍ നമ്മള്‍ വേറെയും അവര്‍ വേറെയും ആയിരുന്നു, ‘ക്രിസ്തുവിന്‍റെ രക്തത്തിന്’ അതില്‍ ഒരു മാറ്റവും വരുത്താന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. അത് പോരല്ലോ എന്ന് പൊയ്കയില്‍ അപ്പച്ചനെ പോലുള്ളവര്‍ കാര്യമായി പറഞ്ഞുവെങ്കിലും കേരളത്തിലെ സഭയുടെ വളര്‍ച്ചയെ അത് തെല്ല് ബാധിച്ചതുമില്ല.

‘സ്വര്‍ഗം’, ‘വിമോചനം’, ‘രക്ഷ’ എന്നീ പദങ്ങളെടുത്ത് ക്രൈസ്തവ പുരോഹിതര്‍ ദലിതരെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് ആകര്‍ഷിച്ചു കൊണ്ടേയിരുന്നു.

sunilkumar

ഞങ്ങളുടെ പള്ളിയില്‍ ഭൂരിഭാഗവും ദലിതരാണ്. അവിടേയ്ക്ക് ദലിതനല്ലാതെ ഒരു പുരോഹിതന്‍ പോലും ഇതുവരെ വന്നിട്ടില്ല. മിക്ക പ്രൊട്ടസ്റ്റന്‍റ് സഭകളിലും സഭാംഗങ്ങളുടെ വരുമാനത്തിന്‍റെ പത്തില്‍ ഒന്നാണ് പുരോഹിതന്‍റെ വരുമാനം. പുലയന്‍റെയും പറയന്‍റെയും പണം കൊണ്ട് ജീവിക്കുന്നത് ഒരു സുറിയാനി ക്രിസ്ത്യാനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുമോ? അത്തരത്തില്‍ ശക്തമാണ് മേല്‍ജാതി ക്രിസ്ത്യാനികളുടെ സവര്‍ണ്ണ ബോധം.

ഹിന്ദു മതത്തില്‍ ജാതി വ്യവസ്ഥയെ ഉറപ്പിക്കുന്ന മനുസ്മൃതി പോലൊന്ന് ക്രിസ്ത്യാനിക്ക് ഇല്ലാത്തതിനാല്‍ തങ്ങള്‍ക്ക് ജാതി ഇല്ലെന്നും തങ്ങള്‍ തുല്യരാണെന്നും എളുപ്പത്തില്‍ സ്ഥാപിക്കാന്‍ അവന് കഴിയുന്നു. ബൈബിളില്‍ വിവേചനത്തെ അനുകൂലിക്കുന്ന ഒരു പരാമര്‍ശവും ഇല്ലാത്തതും, ക്രിസ്തു മതം ജാതിക്കും മറ്റെല്ലാ വേര്‍തിരിവുകള്‍ക്കും അതീതമാണ് എന്ന ധാരണ വരുത്താന്‍ ഇടയാക്കി.

Read More : തലോടുന്ന കൈയ്യും കൊല്ലുന്ന കൈയ്യും, കേരളത്തിലെ ജാതിക്കൊലപാതകങ്ങൾ

ഇരുപതാം നൂറ്റാണ്ടില്‍ ദലിതരെ ക്രിസ്തു മതത്തിലേയ്ക്ക് അടുപ്പിച്ചതും ഒരു പരിധി വരെ ഈ തെറ്റിദ്ധാരണയാണ്. ക്രിസ്തു മതത്തിലെ പ്രത്യക്ഷമായ ഈ ‘ജാതി ഇല്ലായ്മ’ ആക്രമിക്കുന്നത് സുറിയാനി ക്രിസ്ത്യാനികളുടെ കുല മഹിമാവാദത്തെയോ സവര്‍ണ്ണ ബോധത്തെയോ അല്ല, ദലിതന്‍റെ സ്വത്വബോധത്തെ മാത്രമാണ്.

ഏപ്രില്‍ ഒമ്പതിന് നടന്ന ദലിത് ഹര്‍ത്താലില്‍ പങ്കെടുത്തവരെയും പിന്തുണച്ചവരെയും ഞങ്ങളുടെ സഭ നേരിട്ടത് പരസ്യമായി അപമാനിച്ചാണ്. നാമെല്ലാവരും ക്രിസ്തുവില്‍ ഒന്നാണെന്ന് വാദിച്ച് ദലിതന്‍റെ എല്ലാ സ്വാഭാവിക പ്രതികരണങ്ങളെയും പ്രതിരോധിക്കുന്ന നിര്‍ഭാഗ്യകരമായ പ്രവണതയാണ് സഭയുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുള്ളത്. എന്നാല്‍ ഇതേ സഭ, തങ്ങളുടെ നമ്പൂതിരി ഉത്ഭവങ്ങളെ ഓര്‍മ്മിക്കാനും ആഘോഷിക്കാനും വേണ്ടി സംഘടിപ്പിക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ കുടുംബ യോഗങ്ങള്‍ക്കെതിരെ ഒരു അക്ഷരം പോലും മിണ്ടുകയില്ല.

ക്രിസ്തുവിലെ ഒരുമയെക്കുറിച്ച് ഒരു നൂറ്റാണ്ടുകളായി വാചാലമായിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ സഭയില്‍ ഇന്നേ വരെ ഒരു സുറിയാനി ക്രിസ്ത്യാനിയും ദലിതനും തമ്മിലുള്ള വിവാഹം നടന്നിട്ടില്ല. അതിന് ന്യായീകരണമായി അവര്‍ പറയുന്നത് കുടുംബ മഹിമയാണ്. ഞങ്ങളുടെ കുടുംബത്തില്‍ ഇത്ര അച്ചന്മാരുണ്ട്, മെത്രാന്മാരുണ്ട് എന്നുപറഞ്ഞ് ജാതി ചിന്തയെ അതിവിദഗ്‌ധമായി ഒളിപ്പിച്ച് വെക്കുകയാണ് സഭ.

പള്ളിയിലെ ക്വയർ സംഘങ്ങള്‍ മുതല്‍ ഭരണ സംവിധാനങ്ങള്‍ വരെ വിരലിലെണ്ണാവുന്ന ദലിതരെയാണ് ഉള്‍ക്കൊള്ളുന്നത്. ചില പള്ളികളില്‍ ദലിതര്‍ക്കായി പ്രത്യേകം കുര്‍ബ്ബാനകളും സെമിത്തേരികളുമുണ്ട്. ചിലയിടത്ത് പ്രത്യേകം പള്ളികള്‍ വരെയും. അച്ചനോ, കന്യാസ്ത്രീയോ ആകുന്ന ദലിതന്‍റെ കഥ പിന്നെ പറയുകയേ വേണ്ട.

Read More : ജാതിക്കൊലകളുടെ കേരളാ മോഡൽ

അടുത്തിടെ പൊയ്കയില്‍ അപ്പച്ചനെക്കുറിച്ചുള്ള തീസിസ് നിരസിച്ചത് തിരുവനന്തപുരത്തെ പ്രശസ്തമായൊരു ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജായിരുന്നു. ജാതി വിവേചനം എടുത്ത് കാട്ടി സഭയെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്തതിന് ശേഷം മാത്രമാണ് ആ വിദ്യാര്‍ഥിയെ തീസിസ് സമര്‍പ്പിക്കാന്‍ അനുവദിച്ചത്. ദലിത് വിരുദ്ധതയുടെ കാര്യത്തില്‍ നായര്‍, നമ്പൂതിരി, വിഭാഗങ്ങളെ വിമര്‍ശിക്കുന്നവര്‍ പോലും സുറിയാനി ക്രിസ്ത്യാനികളുടെ വിവേചനം വേണ്ട വിധത്തില്‍ ചര്‍ച്ചയാക്കുന്നില്ല എന്നതും ദൗര്‍ഭാഗ്യകരമാണ്. ദലിത് രാഷ്ട്രീയം ഉള്‍ക്കോള്ളുന്നവര്‍ പോലും ദലിത് ക്രൈസ്തവരുടെ സ്വത്വം എത്രമാത്രം ഉള്‍ക്കോള്ളുന്നു എന്നതും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നു എന്നതും സംശയമാണ്.


പൊയ്കയില്‍ അപ്പച്ചന്‍റെ കവിത. സിജെ കുട്ടപ്പന്‍റെ ശബ്ദത്തില്‍

കേരള സര്‍ക്കാര്‍ ദലിത് ക്രൈസ്തവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത് Other Eligibility Communities (OEC) എന്ന കാറ്റഗറിയിലാണ്. ഹിന്ദു, ബുദ്ധ, സിഖ് മതത്തില്‍ പെട്ട ദലിതര്‍ക്ക് സംവരണാവകാശമുള്ളപ്പോള്‍ ക്രിസ്തു മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത ദലിതര്‍ ഇന്ത്യന്‍ റിസര്‍വേഷന്‍ പോളിസിയുടെ സംരക്ഷണ പരിധിയില്‍ വരുന്നില്ല. അതിനാല്‍ തന്നെ എല്ലാ മേഖലകളിലും ദലിത് ക്രൈസ്തവര്‍ അനുഭവിക്കേണ്ടി വരുന്നത് കടുത്ത വിവേചനമാണ്. സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളില്‍ താഴെ തട്ടില്‍ നില്‍ക്കുന്നത് തുടരുകയും ചെയ്യുന്നു. ഇന്ത്യയിലെ ക്രൈസ്തവരില്‍ 70 ശതമാനത്തോളം വരുന്ന ദലിതര്‍ സഭാ അധികാരശ്രേണികളില്‍ ഏഴ് ശതമാനം പോലും വരുന്നില്ല.

കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ച ഒരാളായിരുന്നു എന്‍റെ അമ്മ. “മഠത്തില്‍ ചേര്‍ന്നാല്‍ നമ്മുടെ ആളുകള്‍ക്കൊക്കെ വലിയ കഷ്ടപ്പാടാ” എന്നൊരു കന്യാസ്ത്രീ പറഞ്ഞത് കേട്ടാണ് ആ ആഗ്രഹം ഉപേക്ഷിച്ചത്. ഇപ്പോള്‍ ഇടയ്ക്കിടെ അമ്മ പറയുന്നത് കേള്‍ക്കാം.”അന്ന് മഠത്തില്‍ ചേര്‍ന്നാ മതിയായിരുന്നു. നമ്മുടെ ആള്‍ക്കാര്‍ക്ക് എവിടാ കഷ്ടപ്പാടില്ലാത്തേ?”

ദലിത് ആക്റ്റിവിസ്റ്റും വിദ്യാര്‍ഥിനിയുമാണ് ലേഖിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook