scorecardresearch

ജാതിക്കൊലകളുടെ കേരളാ മോഡൽ

മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പുറവഴികളിൽ ഇന്നും നിൽക്കേണ്ടി വരുന്നവർക്കു നേരെ നടക്കുന്ന ദുരഭിമാനകൊലകൾ ജാതിയില്ലാ കേരളവാദത്തിന്‍റെ പൊളളത്തരം തുറന്നുകാട്ടുന്നു

k.sunil kumar,kevin

കോട്ടയത്തെ കെവിൻ പി ജോസഫ് എന്ന യുവാവിന്‍റെ കൊലപാതകം ‘ജാതിയില്ലാ കേരളം’ മൂടിവെക്കാൻ ശ്രമിക്കുന്ന ചില യാഥാർത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നു. ദലിതനായ കെവിന്റേത് പ്രണയത്തിന്‍റെ പേരിലുള്ള കേവലമായ ‘ദുരഭിമാനക്കൊല’ മാത്രമല്ല. ഇത് ജാതി കൊലപാതകമാണെന്ന് പറയേണ്ടി വരും. കെവിൻ ഹിന്ദു ചേരമർ സമുദായത്തിൽ നിന്ന് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയ ദലിതനാണ്. അയാൾ പ്രണയിച്ച് വിവാഹം കഴിച്ചത് മിശ്ര വിവാഹിതരായ മാതാപിതാക്കളുടെ മകളായ നീനു ചാക്കോയെയാണ്. അച്ഛൻ ഓർത്തഡോക്സ് ക്രിസ്ത്യാനിയായ മാത്യു, അമ്മ മുസ്‌ലിമായ രഹ്ന.

കെവിനും നീനു ചാക്കോയും വിവാഹം കഴിക്കാനുളള​ തീരുമാനം മാതാപിതാക്കൾക്ക് മാത്രമല്ല ഭിന്ന സമുദായങ്ങളിലുള്ള അവരുടെ കുടുംബങ്ങൾക്കും ഇഷ്ടപ്പെട്ടില്ല. താക്കീതുകളും ഭീഷണികളും വിലപ്പോയില്ല. കെവിനും നീനുവും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. അതിന് കെവിന്‍റെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിച്ചു. ഇതിൽ ‘അഭിമാനം വ്രണപ്പെട്ടാ’ണ് നീനുവിന്‍റെ ഭിന്ന മതസ്ഥരായ മാതാപിതാക്കളുടെ ബന്ധുക്കൾ ചേർന്ന് നിഷ്ഠൂരമായ കൊലപാതകം നടത്തിയത്. രണ്ട് കൂട്ടരുടേയും ദുരഭിമാനത്തിന് മുറിവേറ്റതിന് കാരണം മകളെ വിവാഹം ചെയ്തത് കെവിനെന്ന കീഴ്ജാതിക്കാരനാണ് എന്നതാണ്.

സ്വന്തം വിവാഹത്തിൽ ജാതി-മത പരിഗണന നോക്കാതിരുന്നവർക്ക് മകളുടെ വിവാഹത്തിൽ പ്രശ്നമായത് ഈ കീഴ്ജാതിയും സാമ്പത്തിക പിന്നാക്കാവസ്ഥയുമാണ്. മാതാപിതാക്കളുടെ മിശ്രവിവാഹം പൊറുത്ത് മാപ്പാക്കിയ കൈസ്തവ – മുസ്‌ലിം സാഹോദര്യത്തിന് പക്ഷെ കെവിനുമായുള്ള വിവാഹം പൊറുക്കാൻ കഴിഞ്ഞില്ല.

മതം മാറിയതുകൊണ്ട് ജാതി ഇല്ലാതാകില്ല. പൊയ്കയിൽ അപ്പച്ചൻ പാടിയതുപോലെ “ക്രിസ്തുമതത്തിനും ഹിന്ദു മതത്തിനും പുറവഴിയെ അനാഥരായി സഞ്ചരിച്ച” ദലിതൻ മതം മാറിയാലും കീഴ്ജാതി സ്വത്വം ഇപ്പോഴും പിന്തുടരുന്നുണ്ട്. അതു കൊണ്ടാണ് ജാതിരഹിതമായ ക്രിസ്തുമതത്തിലേക്ക് ചേർന്നിട്ടും കെവിൻ ദലിത് ക്രൈസ്തവനായി മാറിയത്.

കേരളത്തിൽ 17-18 നൂറ്റാണ്ടുകളിൽ അയിത്തവും ജാതി വിവേചനവും മൂലം ഹിന്ദു മതത്തിന്‍റെ പുറമ്പോക്കിലായിരുന്ന ദലിതർ വലിയ തോതിൽ ക്രിസ്തുമതം സ്വീകരിച്ചു. എന്നാൽ സഭകളിൽ പ്രബലരായിരുന്ന സവർണ ക്രൈസ്തവ സഭ നേതൃത്വം പറയപ്പള്ളിയും പുലയപ്പള്ളിയും സ്ഥാപിച്ചുകൊണ്ട് ഹിന്ദു മതത്തിന്‍റെ ഭാഗമായ അയിത്തം കൂടി പറിച്ചു നട്ടു.

പിൽക്കാലത്ത് ജാതിപ്പള്ളികൾ മറഞ്ഞു പോയെങ്കിലും സഭക്കുള്ളിലെ ജാതി ഇപ്പോഴും പല രൂപത്തിലും തുടരുന്നുണ്ട്. പൗരോഹിത്യത്തിലേക്കും സഭാ നേതൃസ്ഥാനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ദലിതർക്ക് ഇനിയും പ്രവേശനം സാധ്യമായിട്ടില്ല. അൾത്താരകളിൽ മാത്രമല്ല സെമിത്തേരികളിൽ പോലും ദലിതർ വിവേചനം അനുഭവിക്കുന്നുണ്ട്.

ഒരു സഭയ്ക്കുള്ളിൽ കരുണയും സ്നേഹവും നിറഞ്ഞ പ്രാർത്ഥനകളും സുവിശേഷവും പങ്കുവെക്കുമ്പോഴും പരസ്പരം വ്യത്യസ്ത ജാതികളിൽ തന്നെയാണ് സവർണരും ദലിതരും ജീവിക്കുന്നത്. ജാതി നിയമങ്ങൾ കർക്കശമായി നടപ്പാക്കുന്ന വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സവർണർക്ക് കഴിയില്ല. ഇക്കാര്യത്തിൽ സുറിയാനി ക്രിസ്ത്യാനി, മാർത്തോമ , ക്‌നാനായ, ഓർത്തഡോക്സ്, യാക്കോബായ, പെന്തക്കോസ്ത് തുടങ്ങിയ വേർതിരിവുകൾ ബാധകമല്ല.sunilkumar

1990കളിലാണ് കുറവിലങ്ങാട് പള്ളി സെമിത്തേരിയിൽ സവർണ ക്രൈസ്തവർ കുത്തകയാക്കിയ സ്ഥലത്ത് കബറടക്കിയ ദലിതന്‍റെ മൃതദേഹം രാത്രി പുറത്തെടുത്ത് മാറ്റിയത്. പാലാ രൂപതയിലെ ഇലഞ്ഞിയിലെ കൂര് പള്ളിയിൽ സവർണർക്കും ദലിതർക്കും രണ്ട് തട്ടുകളിലായി കബറടക്കം നടത്തുന്നതിനെതിരെ ദലിതരായ വിശ്വാസികളുടെ ആത്മാഭിമാന സമരം നടന്നിരുന്നു. ഇത്തരത്തിൽ ഹിന്ദു മതത്തിനകത്ത് നിലനിൽക്കുന്ന ജാതി വിവേചനങ്ങൾ ക്രൈസ്തവ മുസ്ലീം മതങ്ങളിലേക്കും പറിച്ചു നടപ്പെട്ടിരിക്കുന്നു. ഇതിന് സമീപകാലത്ത് ക്രൈസ്തവ സഭയിൽ നടന്ന തോമാ ശ്ലീഹ വിവാദം തന്നെ ഉദാഹരണമാണ്.

തോമാശ്ലീഹ കേരളത്തിലെത്തി നമ്പൂതിരിമാരെ ക്രൈസ്തവരാക്കി മാറ്റിയതാണെന്ന മിത്തിനെതിരെ സഭയ്ക്കുളളിൽ നിന്നും തന്നെ ഉയർന്ന വിമർശനത്തെ സഭ നേതൃത്വങ്ങൾ നേരിട്ട രീതി തന്നെ ക്രൈസ്തവ സഭയിലെ സവർണ ജാതി ആധിപത്യത്തിന്‍റെ വേരുകൾ എത്ര ശക്തമാണെന്നതിന് തെളിവാണ്. ക്രൈസ്തവ, മുസ്ലിം സമുദായങ്ങളും ജാതി മുക്തമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സവർണ ബോധം.

മതം മാറിയതുകൊണ്ട് ജാതി മാറില്ലെന്ന് വ്യക്തമാക്കുന്നുണ്ട് ഇതെല്ലാം. ജാതിയെന്നത് മതഭേദമന്യേ ഇന്ത്യൻ സമൂഹത്തെ പിടി കൂടിയ മഹാരോഗമാണ്. കെവിനും കുടുംബവും നേരിട്ട പ്രശ്നവും മതം ഉപേക്ഷിച്ചിട്ടും മാഞ്ഞുപോകാത്ത കീഴാള ജാതി സ്വത്വം തന്നെയാണ്.

മിശ്രവിവാഹം കൊണ്ടും ജാതി പോകില്ലെന്ന് ഈ സംഭവം ഓർമപ്പെടുത്തുന്നുണ്ട്. നീനയുടെ മിശ്രവിവാഹിതരായ അച്ഛനമ്മമാർക്ക് കെവിന്‍റെ ജാതി സ്വത്വം സഹിക്കാവുന്നതിനും അപ്പുറമാണ്. മിശ്രവിവാഹത്തിന്‍റെയും യുക്തിവാദത്തിന്‍റെയും ‘പുരോഗമന – മതേതര’ ഇടങ്ങളിലും ദലിത്- ആദിവാസി സമൂഹങ്ങൾ പുറമ്പോക്കിൽ തന്നെയാണ്. ‘ജാതിയും മതവും ബാധകമല്ല’ എന്ന വിവാഹ പരസ്യങ്ങളിൽ ‘എസ് സി /എസ് ടി ഒഴികെ’ എന്ന് ചേർക്കുന്നത് അതു കൊണ്ടാണ്.

‘ജാതിയില്ലാ കേരളം’ എന്നും ‘നമുക്ക് ജാതിയില്ല’ എന്നും മുദ്രാവാക്യം മുഴക്കിയാലും ഉള്ളിലെ ജാതി കനത്ത് കിടക്കുകയാണ്. കൊലയാളികളിൽ ചിലർ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ പ്രസ്താവനയിൽ സമ്മതിക്കുന്നുണ്ട്. മുസ്‌ലിമായ തങ്ങളുടെ രക്തബന്ധു അന്യമതസ്ഥനെ വിവാഹം ചെയ്തതിലുള്ള അതൃപ്തി മറന്ന് നീനുവിന്‍റെ മാതാവിന്‍റെ കുടുംബക്കാർ കെവിനെ കൊല്ലാൻ അച്ഛന്‍റെ ക്രൈസ്തവ ബന്ധുക്കളുമായി ഒന്നിച്ചു. ഒരുപക്ഷെ, ദരിദ്രനായ ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ആയിരുന്നെങ്കിൽ അവർ ഇത്രയും അതിക്രമത്തിന് തയ്യാറാകുമായിരുന്നോ എന്ന് സംശയമാണ്.

സാമ്പത്തിക നിലയേക്കാൾ ജാതി തന്നെയാണ് ദുരഭിമാന കൊലകൾക്ക് മുഖ്യ പ്രേരണയായി മാറുന്നത്. പ്രണയ വിവാഹങ്ങളുടെ പേരിൽ തമിഴ്‌നാട്ടിൽ വണ്ണിയർ ജാതി പ്രമാണിമാർ ദലിതർക്കെതിരെ നടത്തിയ അക്രമങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. വണ്ണിയർ കുടുബങ്ങളേക്കാൾ സമ്പന്നമായ കുടുംബങ്ങളിലുള്ള ദലിത് യുവാക്കൾ പോലും കൊല്ലപ്പെട്ടു. കേരളത്തിലും ഇത്തരം നിരവധി സംഭവങ്ങൾ നടക്കാറുണ്ടെങ്കിലും ജാതി മൂടിവെക്കുകയാണ് പതിവ്. മഞ്ചേരിയിൽ സൈന്യത്തിൽ മികച്ച ജോലിയുള്ള ദലിത് യുവാവുമായി വിവാഹം നിശ്ചയിച്ച ആതിരയെ തീയനായ അച്ഛൻ കൊലപ്പെടുത്തിയത് സമീപകാല ഉദാഹരണമാണ്.

നമ്മുടെ ജാതി-മത സാഹോദര്യത്തിന് പുറത്താണ് ദലിതന്‍റെയും ആദിവാസിയുടെയും സ്ഥാനം. അതുകൊണ്ടാണ് കൊല്ലപ്പെട്ട കെവിനും കുടുബവും സിപിഎം പ്രവർത്തകരോ അനുഭാവികളോ ആയിട്ടു പോലും സ്വന്തം സഖാവിനെ കൊന്നുതള്ളാൻ അവർ മടിക്കാതിരുന്നത്.kevin

ഈ സംഭവത്തിൽ എതിരാളികളുടെ രാഷ്ട്രീയ ഐക്യവും പ്രകടമാകുന്നുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി കരുതുന്ന ഷിനു ചാക്കോ യൂത്ത് കോൺഗ്രസ് പ്രവർത്തകനും പിതാവ് ചാക്കോ കോൺഗ്രസ് അനുഭാവിയും ആണെന്ന് ഡി വൈ എഫ് ഐ പറയുന്നു. പെൺകുട്ടിയുടെ ഉമ്മ രഹ്നയുടെ കുടുംബവും കോൺഗ്രസാണ്. എങ്കിൽ പോലും തെന്മലയിലെ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർക്ക് കോട്ടയത്തെ പാർട്ടി കുടുംബത്തിലെ ചെറുപ്പക്കാരനെ കൊലപ്പെടുത്താൻ രാഷ്ട്രീയ ഭിന്നതയും തടസമായില്ല.

കുടുംബ ബന്ധുത്വമാണ് അതിനവരെ പ്രേരിപ്പിച്ചതെന്ന് പറയുമ്പോഴും സ്വന്തം പ്രവർത്തകരെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്തത്ര പൊള്ളയാണ് അവരുടെ ജാതിവിരുദ്ധ – മതേതര മുദ്രാവാക്യങ്ങളെന്ന് വെളിപ്പെടുന്നുണ്ട്. പിന്നെ ‘നവോത്ഥാനം ഉഴുതുമറിച്ച ‘ കേരളത്തിലെ പൊതുസമൂഹത്തിന്‍റെ സ്ഥിതി പറയേണ്ടതുണ്ടോ?

ജാതി മതിലുകളും ജാതിക്കുളങ്ങളും ജാതിവഴികളും ശക്തമായി നിലനിൽക്കുന്ന നാട്ടിൽ കുടുംബങ്ങളിൽ ജാത്യഭിമാനവും ദുരഭിമാനവും വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. ജാതിവിരുദ്ധതയെയും മതേതരത്വത്തെയും കുറിച്ചുള്ള നമ്മുടെ പുരോഗമന ഭാഷണങ്ങൾ ദലിത് – ആദിവാസി ജനവിഭാഗങ്ങളെ പുറത്ത് നിർത്തിയാണ്.

ഭരണകൂടത്തിനും പൊലീസിനും ദലിതനായ കെവിന്‍റെ ജീവൻ സംരക്ഷിക്കേണ്ട ബാധ്യതയില്ല. അതുകൊണ്ടാണ് തന്‍റെ വീട്ടുകാർ മർദ്ദിച്ച് തട്ടിക്കൊണ്ടു പോയ തന്‍റെ ഭർത്താവായ കെവിന്‍റെ ജീവൻ രക്ഷിക്കണമെന്ന് പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ കരഞ്ഞ് പറഞ്ഞിട്ടും പൊലീസ് നിസംഗത പുലർത്തിയത്‌. യഥാസമയം ഇടപെട്ടിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന കൊലപാതകത്തിന് പൊലീസ് കൂട്ടു നിൽക്കുകയായിരുന്നു.

ഒരു ജാതി കൊലപാതകത്തിന് പൊലീസ് പിന്തുണ നൽകിയെന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. പൊലീസിന് കെവിന്‍റെ ജീവനേക്കാൾ മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമായി മാറുന്നത് സ്വാഭാവികമാണ്. ഒരു സവർണനോ സമ്പന്നനോ ആയ പുരുഷനാണ് അക്രമത്തിനിരയായതെങ്കിൽ പൊലീസിന്‍റെ മനോഭാവവും ഇടപെടലുകളും ഇത്തരത്തിലാകുമോ എന്ന ചോദ്യം ദലിതരിൽ ഉയരുന്നുണ്ട്.

സമീപകാലത്ത് ജിഷയുടെ കൊലപാതകത്തിലും അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ‘നാട്ടുകാർ’ തല്ലിക്കൊന്നപ്പോഴും സ്വീകരിച്ച നിലപാടും വിനായകൻ എന്ന ദലിത് യുവാവിനെ മർദ്ദിച്ച് ആത്മഹത്യയിലേയ്ക്ക് നയിച്ച പൊലീസിന്‍റെ നിലപാടും ജാതി മതിലിനെതിരെ സമരം ചെയ്തവരെ സംഘപരിവാറിന്‍റെ ആക്രമണങ്ങൾക്കൊപ്പം ചേർന്ന് നിന്ന നിലപാടും പൊലീസിന്‍റെ ദലിത് – ആദിവാസി വിരുദ്ധതയും സവർണ ആഭിമുഖ്യവും വ്യക്തമാക്കിയതാണ്. ഇത്തരം നിരവധിയായ സംഭവങ്ങൾ പൊലീസ് എന്ന സ്ഥാപനത്തിന്‍റെ തന്നെ ജാതി പ്രകടമാക്കിയിട്ടുണ്ട്. ഏതെങ്കിലും പൊലീസ് ഓഫീസർമാരുടെ വ്യക്തിപരമായ പ്രശ്നമല്ല ഇത്. ദലിതരോടും ആദിവാസികളോടും ദുർബലരോടും ദരിദ്രരോടും നമ്മുടെ നമ്മുടെ പൊലീസ്- ഭരണ സംവിധാനങ്ങൾ പുലർത്തുന്ന സവർണ- സമ്പന്ന മനോഭാവം തന്നെയാണ് പ്രശ്നം.

പൊലീസുകാരനായ വിൽസൻ ഐസക് എഴുതിയ ‘ജനാധിപത്യത്തിലെ പൊലീസ്’ എന്ന പുസ്തകത്തിൽ കറുത്തവരോടും ദുർബലരോടും പൊലീസ് കാട്ടുന്ന വിവേചനത്തെക്കുറിച്ച് പറയുന്നുണ്ട്.

‘ജാതിരഹിത – മതേതര’മെന്ന് ആഘോഷിക്കുന്ന കേരളീയ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്ന ജാതി വെറിയുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് കെവിന്‍റെയും ആതിരയുടെയും കൊലപാതകങ്ങൾ. ജാതി ദുരഭിമാനം തെരഞ്ഞ് നമ്മൾ ഉത്തരേന്ത്യയിലേക്കും തമിഴ്‌നാട്ടിലേയ്ക്ക്  പോകേണ്ടതില്ല. അത് കേരളത്തിന്‍റെ ‘പ്രബുദ്ധമായ’ പൊതുമണ്ഡലത്തിൽ തന്നെയുണ്ട്. നമ്മുടെ മതങ്ങളിലും രാഷ്ട്രീയ സാമൂഹിക സംഘടനകളിലും ഭരണ സംവിധാനങ്ങളിലും അത് നിറഞ്ഞ് നിൽക്കുന്നുണ്ട്, മിക്കവാറും അദൃശ്യമായും ചിലപ്പോൾ ദൃശ്യമായും.

കൊലപാതകങ്ങളും കടുത്ത അക്രമങ്ങളും ‘മന:സാക്ഷിയെ നടുക്കു’മ്പോൾ മാത്രമാണ് ഇത് മലയാളികളെ കണ്ണിൽ പെടുക. അപ്പോഴും സമ്പത്താണ് പ്രശ്നമെന്ന് പറഞ്ഞ് ജാതി മൂടിവെക്കാനാണ് പ്രബുദ്ധ കേരളം ശ്രമിക്കാറുള്ളത്. ഈ വ്യാജ ബോധത്തെ മറികടക്കുമ്പോൾ മാതമേ കേരളത്തെ ചൂഴ്ന്ന് നിൽക്കുന്ന ജാതീയതയെ അഭിസംബോധന ചെയ്യാനെങ്കിലും കഴിയൂ.

Read More: തലോടുന്ന കൈയ്യും കൊല്ലുന്ന കൈയ്യും, കേരളത്തിലെ ജാതിക്കൊലപാതകങ്ങൾ: സണ്ണി കപിക്കാട് എഴുതുന്നു

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Dalit christian kevin murder case kottayam