scorecardresearch

ഭരണഘടന ഉയർത്തിപ്പിടിക്കേണ്ടത് കേരളത്തിന്റെ കടമ

സിഎഎ-എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് തടങ്കല്‍ കേന്ദ്രം നിര്‍മിക്കില്ലെന്നു കേരളം വ്യക്തമാക്കിയിട്ടുണ്ട്

സിഎഎ-എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് തടങ്കല്‍ കേന്ദ്രം നിര്‍മിക്കില്ലെന്നു കേരളം വ്യക്തമാക്കിയിട്ടുണ്ട്

author-image
Pinarayi Vijayan
New Update
ഭരണഘടന ഉയർത്തിപ്പിടിക്കേണ്ടത് കേരളത്തിന്റെ കടമ

നമ്മുടെ സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച എല്ലാ മൂല്യങ്ങളും ഉള്‍ക്കൊണ്ട് ആവിഷ്‌കരിച്ചതാണ് ഇന്ത്യന്‍ ഭരണഘടന. അതിനാലാണു മതേതരത്വം, സമത്വം തുടങ്ങിയ ആശയങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായത്. എന്നാല്‍ ഇന്ന്, നമ്മുടെ ദേശീയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചവരുടെ പിന്‍ഗാമികളായ ശക്തികള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഇല്ലാതാക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനും ശ്രമിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം 2019 (സിഎഎ) അത്തരം മാര്‍ഗങ്ങളിലുള്ള നിരവധി ശ്രമങ്ങള്‍ക്ക് അനുസൃതമായുള്ളതാണ്.

Advertisment

ഇന്ത്യയെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായാണു

ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്യുന്നത്. മതനിരപേക്ഷതയെന്നു മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാതിരിക്കുകയെന്നതാണ്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തമായ വിവേചനമുണ്ട്. ഭരണഘടനയുടെ രണ്ടാം ഭാഗത്തില്‍, ഇന്ത്യന്‍ പൗരന്മാരാകാന്‍ ആഗ്രഹിക്കുന്നവരെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുന്നതോ ഉള്‍പ്പെടുത്തുന്നതോ സംബന്ധിച്ച് മാനദണ്ഡമില്ല. എന്നാല്‍ മതത്തെ പൗരത്വം നല്‍കാനുള്ള മാനദണ്ഡമായി  സിഎഎ മാറ്റുന്നു. ഭരണഘടനയുടെ അനുച്ഛേദം 14 പ്രകാരം, ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും തുല്യത മൗലികാവകാശമായി ഉറപ്പുനല്‍കുന്നു. അത്തരം സമത്വം സിഎഎ നിഷേധിക്കുന്നു.

publive-image

നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) നടപ്പാക്കുന്നതിന്റെ ആദ്യപടിയാണു സിഎഎ. ഇതിനാല്‍ എന്‍ആര്‍സിക്കെതിരെ കേരളം ഉറച്ച നിലപാട് സ്വീകരിച്ചു. സിഎഎ-എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് തടങ്കല്‍ കേന്ദ്രം നിര്‍മിക്കില്ലെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. എന്‍പിആറുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിയ ഞങ്ങള്‍ സംസ്ഥാനത്ത് ആരും ഭയത്തോടെ ജീവിക്കേണ്ടതില്ലെന്ന് ഉറപ്പാക്കുന്നു. കേരളത്തിന്റെ ഈ അചഞ്ചലമായ നിലപാട് മൂലമാണ് ഇപ്പോള്‍ മറ്റു പല സംസ്ഥാന സര്‍ക്കാരുകളും സിഎഎ പ്രകടമായി ഭരണഘടനാ വിരുദ്ധമാണെന്നും സിഎഎ-എന്‍ആര്‍സി സംയോജനം അടിസ്ഥാനപരമായി വിവേചനപരമാണെന്നുമുള്ള നിലപാടിലെത്തിയത്.

Read Also: പരാജിതരായ പുരുഷൻമാരും ചങ്കൂറ്റമുള്ള പെൺപിറന്നോരും

ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരമാണു സംസ്ഥാന മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. അതുവഴി ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള വിശ്വസ്തത ഉറപ്പാക്കുകയും അതിനനുസൃതമായി എല്ലാ ജനങ്ങള്‍ക്കും അവകാശം നല്‍കാമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഭരണഘടനയ്‌ക്കൊപ്പം നില്‍ക്കുക, അതിനെ പരിരക്ഷിക്കുക, ഉയര്‍ത്തിപ്പിടിക്കുക എന്നിവയാണു ഞങ്ങളുടെ കടമ. സിഎഎക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതു പോലും ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണു സ്യൂട്ട് ഫയല്‍ ചെയ്തത്. കേന്ദ്രസര്‍ക്കാരും ഒരു സംസ്ഥാനവും തമ്മിലുള്ള ഏതു തര്‍ക്കത്തിലും സുപ്രീം കോടതിക്കു യഥാര്‍ഥ അധികാരപരിധിയുണ്ടെന്നു അനുച്ഛേദം 131 വ്യക്തമാക്കുന്നു, നിയമപരമായ അവകാശത്തിന്റെ നിലനില്‍പ്പിനെയോ വ്യാപ്തിയെയോ ആശ്രയിച്ചിരിക്കുന്ന ഏതെങ്കിലും നിയമപരമായ അല്ലെങ്കില്‍ വസ്തുതാപരമായ ചോദ്യം തര്‍ക്കത്തില്‍ ഉള്‍പ്പെടുന്നുവെങ്കില്‍. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ലംഘനവും അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 21 (ജീവന്‍ സംരക്ഷിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും) അനുച്ഛേദം 25 (മതസ്വാതന്ത്ര്യത്തിനുള്ള അവകാശം) എന്നിവയുടെ ലംഘനമായതിനാല്‍ സിഎഎയെ അസാധുവായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

Advertisment

publive-image

നിയമസഭയില്‍ ചര്‍ച്ച പരിമിതപ്പെടുത്തുന്ന ഭരണഘടനയിലെ ഏക വ്യവസ്ഥ അനുച്ഛേദം 211 ആണ്. ഇതു സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ജഡ്ജിമാരുടെ പെരുമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ പരിമിതപ്പെടുത്തുന്നു. അനുയോജ്യമെന്നു തോന്നുന്ന ഏതു വിഷയവും ചര്‍ച്ച ചെയ്യാനും പ്രമേയങ്ങള്‍ പാസാക്കാനും നിയമസഭകള്‍ക്കു കഴിയും. 2019 ലെ പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ഇതിനു ഭരണഘടന നിയമസഭയ്ക്കു അനുവാദം നല്‍കുന്നു.

Read Also: ഭയത്തെ തച്ചുടച്ച ജനാധിപത്യ പ്രക്ഷോഭം

ഇന്ത്യ ഒപ്പിട്ട സിവില്‍, പൊളിറ്റിക്കല്‍ അവകാശങ്ങള്‍ സംബന്ധിച്ച രാജ്യാന്തര ഉടമ്പടിയുടെ അനുച്ഛേദം 2, 1 അനുസരിച്ച് വിവേചനം തടയല്‍ നമ്മുടെ പൗരന്മാര്‍ക്കു മാത്രമല്ല, നമ്മുടെ പ്രദേശത്തിനകത്തോ അധികാരപരിധിയിലോ ഉള്ള എല്ലാ വ്യക്തികള്‍ക്കും ബാധകമാണ്. രാജ്യാന്തര ഉടമ്പടിയുടെയുടെയും പ്രതിബദ്ധതകളുടെയും വ്യക്തമായ ലംഘനമാണു നാം നടത്തുന്നത്. ഇതു നമ്മുടെ രാജ്യാന്തര ബന്ധങ്ങളെയും വിദേശനിക്ഷേപ സാധ്യതകളെയും ബാധിക്കുന്നു. ഇന്ത്യയുടെ ജിഡിപിയുടെ പകുതിയിലേറെയും ബാഹ്യമേഖലയില്‍നിന്നുള്ള സംഭാവനയായതിനാല്‍ ലോകം നമ്മെക്കുറിച്ച് എന്താണു ചിന്തിക്കുന്നതെന്നതു പ്രധാനമാണ്. സിഎഎ നമ്മുടെ സമൂഹത്തെ മാത്രമല്ല, നമ്മുടെ സാമ്പത്തിക വികസനത്തെയും തടസപ്പെടുത്തും.

Read Also: നാണംകുണുങ്ങിയില്‍നിന്നു തീപ്പൊരിയിലേക്ക്; ഐഷി പോരാട്ടം തുടരുമെന്ന് മാതാപിതാക്കള്‍

മതമെെത്രിയുടെ നാടാണു കേരളം. മതത്തിന്റെയോ ദേശത്തിന്റെയോ വിവേചനം ഞങ്ങള്‍ കാണിക്കുന്നില്ല. ഞങ്ങളുടെ എല്ലാ വികസന സംരംഭങ്ങളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതിനാല്‍ ഞങ്ങള്‍ ഉയര്‍ന്ന തലത്തിലുള്ള വികസനം നേടി. ശാസ്ത്രീയ മനോഭാവം ഉയര്‍ത്തിപ്പിടിക്കാനും ശാസ്ത്രീയവും സാങ്കേതികവുമായ ഇടപെടലുകളിലൂടെ പുരോഗതി കൈവരിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു. ഞങ്ങള്‍ അനീതിയെ ചെറുക്കുകയും എപ്പോഴും സഹായഹസ്തം നീട്ടുകയും ചെയ്യുന്നു.

publive-image

സിഎഎ രാജ്യത്തുടനീളം ഉത്കണ്ഠ സൃഷ്ടിക്കുകയും ഇതു വലിയ തോതിലുള്ള പ്രതിഷേധത്തിനു കാരണമാകുകയും ചെയ്തു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടതു മാനവിക മൂല്യങ്ങളോടുള്ള പ്രതിബദ്ധത കാരണം ഉത്തരവാദിത്തമായി കേരളം കാണുന്നു. ഞങ്ങളുടെ നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പോരാട്ടങ്ങളും നമ്മുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ ഞങ്ങളെ പഠിപ്പിച്ചു. നമ്മുടെ രാജ്യം സ്ഥാപിതമാകാൻ അടിസ്ഥാനമായ  ഉന്നതമായ ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധതയിലാണു കേരളം നില്‍ക്കുന്നത്. നമ്മുടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിന്റെ അടയാളമായാണു ഭരണഘടനാ വിരുദ്ധമായ സിഎഎയ്ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഞങ്ങള്‍ മനുഷ്യശൃംഖല തീര്‍ക്കാനൊരുങ്ങുന്നത്.

  • 'ഓഫ്, ബെെ ആൻഡ് ഫോർ കോൺസ്റ്റിറ്റ്യൂഷൻ ' എന്ന തലക്കെട്ടിൽ ഇന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ.

ലേഖനം ഇംഗ്ലീഷിൽ വായിക്കാം: Protests against the new citizenship law are constitutional, they seek to protect its basic structure

Pinarayi Vijayan Citizenship Amendment Act Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: