കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപുര്‍ താപനിലയ കോളനിയിലെ ഇരുമുറി ഫ്ളാറ്റ്… സ്വീകരണമുറിയില്‍ മഹിഷാസുരനെ വധിക്കുന്ന ദുര്‍ഗാദേവിയുടെ പെയിന്റിങ്. കീഴെ സോഫയിലിരുന്ന് ശര്‍മിഷ്ഠ ഘോഷ് മകളെക്കുറിച്ച് പറഞ്ഞുതുടങ്ങി: ”അവള് എപ്പോഴും ചിത്രകലയില്‍ തല്‍പ്പരയായിരുന്നു. സ്കൂളിലും കോളേജിലും പെയിന്റിങ്ങിനു നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉന്നതപഠനത്തോടുള്ള അഭിനിവേശം ഇല്ലായിരുന്നുവെങ്കില്‍ അവള് ഒരു ചിത്രകാരിയാകുമായിരുന്നു.”
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റും രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നുമായ ഐഷി ഘോഷാണ് ഈ മകള്‍. ജെഎന്‍യുവില്‍ ജനുവരി അഞ്ചിനു നടന്ന അതിക്രമങ്ങള്‍ക്കുശേഷം ഈ ഇരുപത്തിനാലുകാരിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ക്യാമ്പസില്‍ മൂന്ന്-നാല് മണിക്കൂര്‍ നീണ്ട ഗുണ്ടാവിളയാട്ടത്തിന്റെ ആദ്യ ചിത്രമായി തലയില്‍നിന്നു രക്തമൊലിക്കുന്ന ഐഷിയെയാണു നാം കണ്ടത്. തൊട്ടുപിന്നാലെ തലയിലും കയ്യിലും ബാന്‍ഡേജിട്ട് ജെഎന്‍യു അധികൃതര്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ ഐഷി നയിച്ചു.
പരുക്കേറ്റ മകളെ സന്ദര്‍ശിക്കാന്‍ ഇതുവരെയും ശര്‍മിഷ്ഠയ്ക്കു കഴിഞ്ഞിട്ടില്ല. രണ്ടുമാസം മുന്‍പാണ് അവര്‍ ഡല്‍ഹിയില്‍നിന്നു മടങ്ങിയത്. അടുത്തമാസം പോകണമെന്ന് ആഗ്രഹിക്കുന്നു. ഡല്‍ഹിയിലെ തന്നെ കോളേജില്‍ പഠിക്കുന്ന ഐഷിയുടെ ഇളയ സഹോദരി ഇഷികയില്നിന്നു വിവരങ്ങളെല്ലാം അറിയുന്നുണ്ട് ശര്‍മിഷ്ഠ.
ദുര്‍ഗാപുര്‍ തെർമൽ പവർ സ്റ്റേഷൻ (ഡിടിപിഎസ്) ജീവനക്കാരനും റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി) അംഗവുമായിരുന്ന ദേബാശിഷ് ഘോഷിന്റെയും ശര്‍മിഷ്ഠ ഘോഷിന്റെയും മകളായി ബര്ദ്വാനിലായിരുന്നു ഐഷിയുടെ ജനനം. ദുര്‍ഗാപൂരില്‍ വളര്‍ന്ന ഐഷി ബിരുദ പഠനത്തിനാണു ഡല്‍ഹിയിലെത്തിയത്.
”പത്താം ക്ലാസില്‍ 90 ശതമാനം മാര്‍ക്കുണ്ടായിരുന്നു അവള്‍ക്ക്. പന്ത്രണ്ടാം ക്ലാസില്‍ 93 ശതമാനവും. ദൗലത് റാം കോളേജില്‍നിന്ന് ഒന്നാം ക്ലാസോടെയായിരുന്നു ബിരുദം നേടിയത്. ജെഎന്‍യുവില്‍നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദവും നേടി,” അഭിമാനത്തോടെ ശര്‍മിഷ്ഠ പറഞ്ഞു. ഐഷി ഇപ്പോള്‍ ജെഎന്‍യുവില്‍ സംയോജിത എംഫില്‍-പിഎച്ച്ഡി ചെയ്യുകയാണ്.
Read Also: പരാജിതരായ പുരുഷൻമാരും ചങ്കൂറ്റമുള്ള പെൺപിറന്നോരും
അക്രമത്തില്‍ പരുക്കേറ്റ ഐഷിയെ പരിഹസിച്ച് ബിജെപി നേതാക്കള്‍
രംഗത്തുവന്നിരുന്നു. ഐഷിയുടെ മുഖത്ത് രക്തമാണോ അതോ പെയിന്റാണോയെന്നാണു ബിജെപി പശ്ചിമബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് അദ്ഭുതം കൂറിയത്. എന്നാല്‍ ”അവളുടെ വിശ്വാസ്യതയെ സംശയിക്കുന്നവര്‍ക്ക് തെളിവായി അവളുടെ മാര്‍ക്ക് ഷീറ്റുകള്‍ എന്റെ പക്കലുണ്ട് ,” എന്നാണു ശര്‍മിഷ്ഠ പറയുന്നത്.
ദൗലത്ത് റാം കോളേജില്‍ പഠിക്കുമ്പോഴാണു ഐഷി വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ ഭാഗമാകാന്‍ തുടങ്ങിയത്. ജെഎന്യുവിലെത്തിയശേഷമാണു എസ്എഫ്ഐയില്‍ ചേര്‍ന്നത്. രണ്ടുവര്‍ഷം മുന്‍പ് യൂണിയന് കൗണ്‍സിലറായി. കഴിഞ്ഞ വര്‍ഷമാണു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റായത്.
ഐഷി നാണം കുണുങ്ങി പെണ്‍കുട്ടിയായി വളരുന്നത് തങ്ങളെ അമ്പരപ്പിച്ചിരുന്നതായി ശര്‍മിഷ്ഠ പറഞ്ഞു. ” ഒരുപക്ഷേ ഡിടിപിഎസിലെ ഇടതു തൊഴിലാളി യൂണിയന്റെ ഭാഗമായിരുന്ന അച്ഛനില്‍നിന്ന് അവള് പിന്നീട് പ്രചോദനമുള്ക്കൊണ്ടിട്ടുണ്ടാവാം. ഒരുപക്ഷേ, സജീവ വിദ്യാര്‍ഥി രാഷ്ട്രീയത്തിനുള്ള ഇടം അവള്‍ക്ക് നേരത്തെ ലഭിച്ചിട്ടുണ്ടായിരിക്കില്ല. മാന്യമായ ലക്ഷ്യങ്ങള്‍ക്കായി പോരാടാനുള്ള വേദി ജെഎന്‍യു അവള്‍ക്കു നല്കി,”ശര്‍മിഷ്ഠ പറഞ്ഞു.
ജനുവരി അഞ്ചിലെ സംഭവത്തെത്തുടര്‍ന്ന്, എസ്എഫ്ഐയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ ഐഷിയുടെ വീട് സന്ദര്‍ശിക്കുകയും കേന്ദ്രസര്‍ക്കാരിനെതിരായ അവളുടെ പോരാട്ടത്തിനു മാതാപിതാക്കളെ അനുമോദിക്കുകയും ചെയ്തു.
ഫീസ് വര്‍ധനയ്ക്കെതിരായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ പ്രതിഷേധത്തെ ശര്‍മിഷ്ഠ കാണുന്നത് ഇങ്ങനെ: ”ഞങ്ങളുടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഫീസ് വര്‍ധന താങ്ങാനായേക്കും. പക്ഷേ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള പശ്ചാത്തലങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികൾ അവിടെ പഠിക്കുന്നുണ്ട്.”
Read Also: ഭയത്തെ തച്ചുടച്ച ജനാധിപത്യ പ്രക്ഷോഭം
ജനുവരി നാലിനു ജെഎന്‍യു സെര്‍വര്‍ റൂം നശിപ്പിച്ച സംഭവത്തില്‍ ഐഷിക്കതിരായ പൊലീസ് കേസിനെച്ചൊല്ലി ആശങ്കാകുലയാണു ശര്‍മിഷ്ഠ. ”ജനുവരി അഞ്ചിനു നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്? ജെഎന്‍യുവില്‍നിന്ന് അവളെ പുറത്താക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു അത്. യഥാര്‍ഥ കാരണങ്ങള്‍ക്കെതിരെ പോരാടുന്നതിനാല്‍ ഐഷി ജെഎന്‍യുവില്‍ തുടരുന്നതു വൈസ് ചാന്‍സിലറും ആഭ്യന്തരമന്ത്രി അമിത് ഷായും ആഗ്രഹിക്കുന്നില്ല,” ശര്‍മിഷ്ഠ പറഞ്ഞു.
‘ഫാസിസ്റ്റ് കടന്നാക്രമണത്തിനെതിരായ’ പോരാട്ടത്തില്‍ ജനങ്ങള്‍ മകളെ പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ ശര്‍മിഷ്ഠ ഘോഷ്, ദുര്‍ഗാ പൂജയ്ക്കാണു ഐഷി അവസാനം വീട്ടില്‍ വന്നതെന്നും കൂട്ടിച്ചേര്‍ത്തു.
”ഇന്ന് എന്റെ മകള്‍ ആക്രമിക്കപ്പെട്ടു. നാളെ മറ്റൊരാളാകാം. ഇതൊരു ഇരുണ്ട കാലഘട്ടമാണ്, ആളുകള്‍ ഒന്നിക്കേണ്ടതുണ്ട്. എന്തുതന്നെ ആയാലും അവള് പോരാട്ടം തുടരും,” ഐഷിയുടെ പിതാവ് ദേബാശിഷ് ഘോഷ് ഫോണിലൂടെ പറഞ്ഞു.