സ്വന്തം പൗരജനങ്ങളെ കൊന്നു തിന്നാൻ തയ്യാറായി നിൽക്കുന്ന ഭരണകൂടത്തിനും ഇല്ലാശത്രുക്കളെ കണ്ടുപിടിച്ച് അവർക്കു നേരെ അന്തമില്ലാത്ത അക്രമങ്ങൾ അഴിച്ചു വിടുന്ന സർക്കാരിനും എതിരെ, വിദ്യ കൊണ്ട് തെളിഞ്ഞ ബുദ്ധി ചെറുപ്പക്കാർ ഉപയോഗിച്ചു എന്ന ഒരേയൊരു കുറ്റത്തിന് അവരെ തല്ലിച്ചതച്ചില്ലാതാക്കാൻ നോക്കുന്ന ദേശീയവാദികളെയും, വേട്ടപ്പട്ടികളെക്കാൾ താണ ധർമ്മബോധമുള്ള പോലീസുകാരെയും കണ്ടുകൊണ്ടാണ് ഇന്ത്യാക്കാരായ നാം പുതുവത്സരത്തിലേക്കു കടന്നത്. അപ്പോൾ നല്ല ഭാവിയെപ്പറ്റിയുള്ള പ്രത്യാശ പകരുന്ന നവവത്സരാശംസ നേരുന്നതിൽ എന്തർത്ഥമെന്ന് ചില സുഹൃത്തുക്കൾ ചോദിക്കുന്നു. ഞാനവരോടു പറയുന്നു – അല്ല, നല്ല വർഷം തന്നെയാണ് പിറന്നിരിക്കുന്നത്.
ഭരണകൂടത്തിന്‍റെ ഹിംസയോ രാഷ്ട്രീയപാർട്ടികളുടെ ഉളുപ്പില്ലായ്മയോ സത്യരാഹിത്യമോ ഒന്നും പുതിയതല്ല, അവയുടെ തോത് എത്രയോ മടങ്ങ് വർദ്ധിച്ചിട്ടുണ്ടെന്നു മാത്രം. ഹിന്ദുത്വവാദികൾ കേരളത്തിലും പുറത്തും പടർത്തുന്ന വെറുപ്പ് മുൻപും ഇവിടെ ചെറിയ അസൂയകളായും മറ്റും ഉണ്ടായിരുന്നു, ഇന്നിപ്പോൾ വെറുപ്പിന്‍റെ കച്ചവടക്കാർ അവയെ മൂപ്പിച്ചു വർഗീയവൈരമാക്കിയെന്നു മാത്രം.
എന്നാൽ കേരളത്തിൽ ഇല്ലായിരുന്ന ഒന്നാണ് ഫാസിസത്തിനെതിരെയുള്ള പോരാട്ടം നമുക്കു സമ്മാനിച്ചിരിക്കുന്നത് – നമ്മുടെ പരിചിത ഇടതു-പുരോഗമന ഇരട്ടത്താപ്പിനെയും കാപട്യത്തെയും ചെറുപ്പക്കാരായ മലയാളികളിൽ വളരെപ്പേർ വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നു. ചാകാറായ പുരോഗമന ചിന്തയുടെയും ജീവിതത്തിന്‍റെയും ഉടലിലേക്ക് ഉയിര് തിരിച്ചു വരാനുള്ള സാദ്ധ്യതയുണ്ടെന്ന സൂചനയാണിത്. കുറച്ചു ദിവസം മുൻപ് പങ്കെടുത്ത ഒരു സിഏഏ വിരുദ്ധ പ്രകടനത്തിൽ ഇത് വ്യക്തമായി കണ്ടു. മുൻനിരയിൽ പ്രായമുള്ളവരും കേരളത്തിൽ ജീവിതമധികവും കഴിച്ചുകൂട്ടിയവരുമായ മുതിർന്നവർ. പിന്നിൽ കേരളത്തിനു പുറത്തു പഠിക്കുന്ന ചെറുപ്പക്കാർ. മുൻപിലുള്ളവരുടേത് ഇടതു നേതാക്കളോടുള്ള ഭക്തി വിളിച്ചോതുന്ന മുദ്രാവാക്യങ്ങൾ, ഭൂരിപക്ഷ-വരേണ്യസാമൂഹ്യാടിത്തറ വെളിവാക്കുന്നവ. പിന്നിൽ നിന്നോ, നിലയ്ക്കാത്ത ആസാദി മുദ്രാവാക്യങ്ങൾ. കാപട്യവും ഇരട്ടത്താപ്പും കൊണ്ടുണ്ടാവുന്ന ഒരവസ്ഥയല്ല വിടുതൽ എന്ന് ചെറുപ്പക്കാർ, പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസത്തിലെത്തിയവരും കേരളത്തിന്‍റെ സാമൂഹ്യവും സ്ഥലപരവുമായ ഇടുക്കങ്ങളിൽ നിന്നും അകന്നു മാറി സ്വയം വികസിക്കാൻ അവസരം ലഭിച്ച യുവതികൾ, മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.

ശരാശരി മദ്ധ്യവർഗ മലയാളികൾക്ക് കപടമായ രാഷ്ട്രീയജീവിതം ഒരു സാധാരണവത്ക്കരിക്കപ്പെട്ട ജീവിതശൈലി മാത്രമാണ്. അവർ അദ്ധ്യാപകരാണെങ്കിൽ ക്ളാസ്മുറികളിൽ സമത്വവും സ്വാതന്ത്ര്യവും പഠിപ്പിക്കുന്നു. ഇറങ്ങിയാൽ നേർവിപരീതം പ്രവർത്തിക്കുന്നു. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു മാത്രമല്ല, കൂടെയുള്ളവർ തെറ്റു ചെയ്താൽ അവരെ ന്യായീകരിക്കാനും രക്ഷപ്പെടുത്താനും കൂട്ടംകൂടാൻ ഇവിടുത്തെ തലമൂത്തവരും പ്രബുദ്ധരും പ്രശസ്തരുമായ ബുദ്ധിജീവികൾക്ക് യാതൊരു മടിയുമില്ല. ആ സംസ്കാരത്തിന് കാര്യമായ ഒരിളക്കമുണ്ടാക്കാൻ മോഡി-ഷാ സംഘം നമുക്കുമേൽ കോരിയിട്ട തീ തന്നെ വേണ്ടി വന്നു. ഇവരുടെ സംസ്കാരത്തിലേക്ക് ഇനിയും എത്തിച്ചേർന്നിട്ടില്ലാത്ത ചെറുപ്പക്കാരികളാണ് ഇന്ന് കേരളത്തിന് പുതിയ പ്രതീക്ഷയായിരിക്കുന്നത്. സ്വന്തം പഠനം, ജോലി, ഭാവി, സൽപ്പേര്, സുരക്ഷ, എന്തിന്, സ്വന്തം ജീവനെപ്പോലും അപകടത്തിലാക്കിക്കൊണ്ട് സമരങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന മലയാളിസ്ത്രീകളുടെ – അയിഷയെയും ലദീദയെയും സൂര്യാ രാജപ്പനെയും പോലെയുള്ള യുവതികളുടെ – നിർഭയവും ആദർശഭരിതവുമായ ശബ്ദങ്ങൾ ഉയർന്നു കേൾക്കുമ്പോള്‍ എങ്ങനെ ആഹ്ളാദിക്കാതിരിക്കും? പുതുവർഷത്തിൽ പുതുപ്രതീക്ഷ നെയ്തെടുക്കാതിരിക്കും?
ലജ്പത് നഗറിൽ ബിജെപി പ്രവർത്തകരുടെ വലിയൊരു സംഘത്തോടൊപ്പം ഗൃഹസന്ദർശനം നടത്താനെത്തിയ രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രിക്ക് ‘ഗോ-ബാക്ക്’ വിളിക്കാൻ ധൈര്യപ്പെട്ട ആ രണ്ടേരണ്ടു യുവതികളെപ്പറ്റി ഒന്നാലോചിച്ചു നോക്കുക. തങ്ങൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിൽ പരിചയമോ രാഷ്ട്രീയകക്ഷികളുമായ ബന്ധമോ കാര്യമായി ഇല്ല എന്നാണവർ പറഞ്ഞത്. മുദ്രാവാക്യം വിളിക്കുന്ന കാര്യത്തിൽ പോലും വലിയ പരിചയമില്ലെന്ന് സൂര്യാ രാജപ്പൻ സമ്മതിക്കുകയും ചെയ്തു. കരുതിക്കൂട്ടി തയ്യാറെടുത്തില്ലെന്നും ഭിന്നിപ്പിച്ചുഭരിക്കൽ തന്ത്രം നടപ്പാക്കാൻ ശ്രമിക്കുന്നവരെക്കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ പറ്റാതെ പോയതാണെന്നും.
മുൻപിൻ നോക്കാതെ ശരിയുടെ കൂടെത്തന്നെ തങ്ങൾ നിൽക്കുമെന്ന് പരസ്യമായി, ഉറക്കെ പ്രഖ്യാപിച്ച ഈ യുവതികൾ ഹിന്ദുത്വ അഹന്തയെ മാത്രമല്ല വിറപ്പിച്ചിരുക്കുന്നത്. എത്ര അനീതിപൂർവ്വമായ നടപടി കണ്ടാലും തലകുനിച്ചു സ്വന്തം കാര്യം മാത്രം നോക്കി മുന്നേറുന്ന, ഏറിയാൽ അല്പമൊന്നു ചുമച്ച ശേഷം തങ്ങളുടെ വഴിയേ പോകുന്ന, കേരളീയ മദ്ധ്യവർഗ പുരോഗമന ബുദ്ധിജീവിവർഗത്തിന്‍റെ നിഷ്ക്രിയസംസ്കാരത്തിൻറെ കടയ്ക്കാണ് സൂര്യയും കൂട്ടുകാരിയും കത്തിവച്ചിരിക്കുന്നത്.

സൂര്യയുടെ സംസാരം കേട്ടാലറിയാം, തന്‍റെ തൊഴിൽരംഗത്ത് അതിവേഗം മുന്നേറാൻ കഴിവുള്ള സ്ത്രീയാണവർ, വേണമെങ്കിൽ കോർപ്പറേറ്റ് കൊടുമുടികൾ കയറാൻ പ്രാപ്തിയുള്ള യുവതി. സ്വന്തം പഠിത്തം, ജോലി, കാറ്, വീട്, കുട്ടി, പട്ടി, ബ്യൂട്ടി പാർലർ, ബാങ്ക് ബാലൻസ് എന്നിവയിൽ കുടുങ്ങിക്കഴിയാം, അവർക്കും. പക്ഷേ ആ വഴിയല്ല വേണ്ടത് എന്ന് രാജ്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പ്രതിസന്ധിഘട്ടത്തിൽ ഉറച്ച തീരുമാനമെടുക്കുന്ന അനേകം ചെറുപ്പക്കാരികൾ നമുക്കിടയിലുണ്ടെന്ന് വെളിവായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നവവത്സരം മനോഹരമായിത്തോന്നുന്നതിൽ അതിശയിക്കാനെന്തിരിക്കുന്നു?
Read Also: ഭയത്തെ തച്ചുടച്ച ജനാധിപത്യ പ്രക്ഷോഭം
കേരളത്തിനു പുറത്താണ് യുവതികൾക്ക് ഇതു സാദ്ധ്യമാകുന്നതെന്നത് ശ്രദ്ധേയമാണ്. ഇന്ന് മലയാളി സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് പരാജിതനായ പുരുഷൻ എന്ന പ്രതിഭാസം. വിദ്യാഭ്യാസമടക്കം എല്ലാ സാമൂഹ്യ-സാംസ്കാരിക മേഖലകളിലും സ്ത്രീകളാണ് മുന്നിൽ, സമൂഹം അംഗീകരിച്ചാലും ഇല്ലെങ്കിലും. മലയാള സാഹിത്യമായാലും സിനിമയായാലും കായികരംഗമായാലും ബൗദ്ധികരംഗമായാലും ഏറ്റവും നിർഭയവും മൗലികവുമായ ശബ്ദങ്ങൾ പലപ്പോഴും സ്ത്രീകളുടേതാണ്. കലാലയവിദ്യാഭ്യാസം പുരുഷന്മാരെക്കാളധികം സ്ത്രീകളാണ് പൂർത്തിയാക്കുന്നത്. വിവാഹമെന്ന നുകമിട്ട് സ്ത്രീകളെ കെട്ടിയിടുന്ന രീതിയെ എതിർക്കുന്ന യുവതികളുടെ എണ്ണം കുറഞ്ഞല്ല വരുന്നത്. ഭർത്താവോ കാമുകനോ പറയുന്നതനുസരിച്ച് ഭാവി തീരുമാനിക്കുന്ന രീതിയെ സ്ത്രീകൾ തള്ളിക്കളയുന്നതും ഇന്ന് പുതുമയല്ല. സ്ത്രീകളെ ഉന്നംവയ്ക്കുന്ന പ്രണയക്കൊലപാതകങ്ങൾ വർദ്ധിക്കുന്നത് ആ കൂസലില്ലായ്മയ്ക്കെതിരെയാണ്.
Read Also: നാണംകുണുങ്ങിയില്‍നിന്നു തീപ്പൊരിയിലേക്ക്; ഐഷി പോരാട്ടം തുടരുമെന്ന് മാതാപിതാക്കള്‍
സ്ത്രീകളുടെ വിജയത്തെ, ആത്മവിശ്വാസത്തെ, തങ്ങളുടെ പരാജയമായിക്കാണുന്ന പുരുഷന്മാരിവിടെകൂടുന്നു എന്നതാണ് പ്രശ്നം – അത്തരക്കാരെയാണ് പരാജിതരായ പുരുഷന്മാർ എന്നു പറഞ്ഞത്, അല്ലാതെ ജീവിതത്തിൽ തിരിച്ചടികൾ നേരിടുന്ന പുരുഷന്മാരെ അല്ല. ഈ അർത്ഥത്തിലെ പരാജിതപുരുഷന്‍റെ സാന്നിദ്ധ്യം പക്ഷേ ഇന്നു സർവ്വത്രയാണ് – തദ്ദേശഭരണം മുതൽ സംസ്ഥാനരാഷ്ട്രീയം വരെ അതു വ്യാപിച്ചു കിടക്കുന്നു. പോലീസുകാർ നെഞ്ചോടുചേർത്ത് പരാജിതപുരുഷനെ ആശ്വസിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നു, ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു പോയ സ്ത്രീയെ ബാലപീഡനനിയമപ്രകാരം കേസു ചാർജു ചെയ്തു ശിക്ഷിക്കുന്നു. സ്ത്രീകളെ സ്നേഹിക്കുന്ന, സ്ത്രീകളെ കുടുംബങ്ങളടിച്ചേൽപ്പിക്കുന്ന നിത്യതടവിന് വിട്ടുകൊടുക്കുന്നു. കഴിവതും സ്ത്രീകളുടെ പഠനവും ജോലിയും അതിൽ നിന്നൊക്കെ അവർക്കു കൈവരുന്ന ബോധവും ഇച്ഛയും ഊർജ്ജവും വരുമാനവും എല്ലാം സജാതീയവിവാഹത്തിനു കീഴ്പ്പെടുത്താൻ കുടുംബവും സമുദായവും വിദ്യാഭ്യാസാധികാരികളും ഹോസ്റ്റലുകളിലെ തടങ്കൽപ്പാളയമേധാവികളും അയൽവാസികളും നല്ലവരായ നാട്ടുകാരും എല്ലാവരും കൂടി ശ്രമിച്ചു കൊണ്ടിരിക്കുന്നു.
പക്ഷേ ഇതിനിടയിലും കുറേ പെൺപിറന്നവർ അന്യനാട്ടിൽ പോയി പിശാചുക്കളെ വെല്ലുന്ന ദില്ലി പോലീസിനെയും രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രിയും അക്രമത്തെ പരസ്യമായി വാഴ്ത്തുന്ന നേതാവുമായ അമിത് ഷായെയും വെല്ലുവിളിക്കുന്നു. എങ്ങനെ ആഹ്ളാദം തോന്നാതിരിക്കും? എല്ലാവർക്കും നവവത്സരാശംസകൾ.