scorecardresearch

ഭയത്തെ തച്ചുടച്ച ജനാധിപത്യ പ്രക്ഷോഭം

“ഈ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഉണര്‍വിനു കാരണമായതു ജനങ്ങളുടെ വിയോജിപ്പിനെ ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നടപടികളാണെന്നുള്ളത് തികച്ചും വിരോധാഭാസമാണ്” -മഗ്‌സസെ പുരസ്കാര ജേതാക്കളായ അരുണ റോയ്, ടിഎം കൃഷ്ണ, ബെസ്‌വാദ വിൽസൺ എന്നിവർ എഴുതുന്നു

CAA, സിഎഎ, പൗരത്വ (ഭേദഗതി) നിയമം, Citizenship Citizenship (Amendment) Act, CAA protest, സിഎഎ പ്രക്ഷോഭം, Citizenship bill protests, NRC, എൻആർസി, NPR, എൻപിആർ, Students Protest against CAA, സിഎഎക്കെതിരായ വിദ്യാർഥി പ്രക്ഷോഭം, Peoples Protest against CAA,  സിഎഎക്കെതിരായ ജനകീയ പ്രക്ഷോഭം, NRC protests, എൻആർസി വിരുദ്ധ പ്രക്ഷോഭം, Jamia Millia Islamia, ജാമിയ മിലിയ സർവകലാശാല, Aligarh Muslim University, അലിഗഡ് സർവകലാശാല, Jawaharlal Nehru University, ജെഎൻയു, BJP, ബിജെപി, NDA government,എൻഡിഎ സർക്കാർ, PM Narendra Modi, പ്രധാനമന്ത്രി നരേന്ദ്ര മോഡി, Amit Shah, അമിത് ഷാ, iemalayalam, ഐഇ മലയാളം

കാപട്യത്തിന്റെ കാലത്ത് സത്യം പറയുന്നത് വിപ്ലവകരമായ പ്രവര്‍ത്തനമാണ്- ജോര്‍ജ് ഓര്‍വെല്‍.

ജനാധിപത്യഘടനകളെ മനപൂര്‍വം നശിപ്പിക്കുകയും ജനാധിപത്യപ്രക്രിയയില്‍ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്ന ഭരണവര്‍ഗത്തിന്റെ പ്രവൃത്തികളില്‍ ജാഗ്രത പുലര്‍ത്താനും ജനാധിപത്യ പ്രക്രിയ പുനസ്ഥാപിക്കാനുമുള്ള ആഹ്വാനമാണു പൗരത്വ ഭേദഗതി നിയമം (സിഎഎ), നാഷണല്‍ റജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി), നാഷണല്‍ പോപ്പുലേഷന്‍ റജിസ്റ്റര്‍ (എന്‍പിആര്‍) എന്നിവയ്ക്കെതിരെ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍. ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ നിര്‍ദയമായ ആക്രമണങ്ങള്‍ക്കിടയിലും അതിനെ സധീരം വെല്ലുവിളിച്ചുകൊണ്ട്
വിദ്യാര്‍ഥികള്‍ അവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

ജനങ്ങളെ ധ്രുവീകരിക്കാനും എതിര്‍പ്പുകളെ ബലപ്രയോഗത്തിലൂടെയും ആക്രമണങ്ങളിലൂടെയും ഭയപ്പെടുത്തി അടിച്ചമര്‍ത്താനുമുള്ള ആര്‍എസ്എസിന്റെയും അതിന്റെ വിവിധ വിഭാഗങ്ങളായ എബിവിപി പോലുള്ള സംഘടനകളുടെയും ഈ അജന്‍ഡയെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ബിജെപി അധികാരത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പോലീസ് സേന സായുധരായ ആക്രമികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ ആക്രമണം നടക്കുന്നത് നോക്കി നില്‍ക്കുകയോ ചെയ്യുകയാണെന്നാണ് ആരോപണം.

ഇതിനെല്ലാമെതിരെയാണ് ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍ ഒത്തുചേര്‍ന്നു ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന അഹിംസയിലൂന്നിയ ഈ പ്രതിഷേധം ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്നത്. ഭരണഘടനാമൂല്യങ്ങള്‍ക്കെതിയുള്ള ഭീഷണികള്‍ ചെറുത്തുകൊണ്ടുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഈ പ്രതിരോധം പ്രതീക്ഷ നല്‍കുന്നതാണ്. ഭരണഘടനാ മൂല്യങ്ങള്‍ക്കും ബഹുസ്വരത, മതേതരത്വം എന്നീ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായുള്ള ഈ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഉണര്‍വിനു കാരണമായതു ജനങ്ങളുടെ വിയോജിപ്പിനെ അമർച്ചചെയ്യാനുള്ള സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നടപടികളാണെന്നുള്ളത് തികച്ചും വിരോധാഭാസമാണ്.

സാമൂഹിക സമത്വത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത, അംബേദ്കറുടെ പാരമ്പര്യത്തെയും അഹിംസയുടെയും നിസഹകരണത്തിന്റെയും ഗാന്ധിയന്‍ മൂല്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനെയും തകര്‍ക്കാന്‍ ഈ വിധം സാമൂഹ്യവിരുദ്ധ ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും നീതിയും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും വീണ്ടെടുക്കുന്നതില്‍ നമ്മുടെ ചെറുപ്പക്കാര്‍ ഊര്‍ജം കാണിക്കുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരെയും നിശബ്ദരാക്കാനുള്ള ലക്ഷ്യത്തോടെ നടത്തുന്ന ഈ അക്രമവും ഭീതിയുടെ അന്തരീക്ഷവുമാണ് കഴിഞ്ഞ ആറുവര്‍ഷങ്ങളില്‍ നടന്ന ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യമെന്നതില്‍ സംശയമില്ല. ഇപ്രകാരം വളര്‍ത്തികൊണ്ടിരുന്ന ഭയത്തിന്റെയും ഭീതിയുടെയുമെല്ലാം തകര്‍ച്ചയുടെ തുടക്കത്തിനാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്. എല്ലാത്തരം സ്ഥാപനങ്ങളും നിഷ്ഫലവും വിട്ടുവീഴ്ചയ്ക്ക് തയാറായതുമായ ഒരു രാജ്യത്ത്, ഈ പ്രതിഷേധങ്ങള്‍ ഭയത്തെ തച്ചുടച്ചുകൊണ്ട് ഒരു മാറ്റത്തിന്റെ വരവറിയിക്കുകയാണ്.

ഈ പ്രതിഷേധങ്ങള്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വിമുഖതയെ ഇല്ലാതാക്കി, ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ പിന്തുണയുള്ള വാചാടോപങ്ങളുടെയും നയങ്ങളുടെയും പ്രചാരണത്തെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു. ഈ ചെറുപ്പക്കാരുടെ അസാധാരണമായ ധൈര്യത്തെ കാണുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകളില്‍ നിന്നു ഭരണകൂടഭീതി വിട്ടുമാറാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്രകാരം വിയോജിക്കുന്നതിന് വലിയ വിലയാണ് നാം നല്‍കേണ്ടിവന്നിരിക്കുന്നത്; അത് ശാരീരിക ഉപദ്രവത്തിനും നിരപരാധികളുടെ മരണത്തിനും വരെ കാരണമായിട്ടുണ്ട്. എന്നാല്‍ മരണത്തിന് പോലും പ്രക്ഷോഭങ്ങളെ തടയാന്‍ കഴിഞ്ഞിട്ടില്ല.

Read Also: പരാജിതരായ പുരുഷൻമാരും ചങ്കൂറ്റമുള്ള പെൺപിറന്നോരും

അക്രമം ഭീരുവിന്റെ പ്രവൃത്തിയാണ്. എന്‍ആര്‍സിയുടെയും എന്‍പിആറിന്റെയും നികൃഷ്ടവും വിനാശകരവുമായ നടപ്പാക്കലിനൊപ്പം ഭരണഘടനാവിരുദ്ധവും അന്യായവുമായ സിഎഎ പാസാക്കുന്നതില്‍ ഒരു യുക്തിയുമില്ലെന്നതാണ് അക്രമത്തെ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് കാണിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്കിടയില്‍ വിവേചനം കാണിക്കാനും വേര്‍തിരിക്കാനുമുള്ള ശ്രമം സ്വീകാര്യമല്ല. സമാധാനപരമായ പ്രതിഷേധങ്ങളില്‍ ക്രൂരത അഴിച്ചുവിടുന്നത് അടിസ്ഥാനപരമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വിയോജിപ്പുകള്‍ അമർച്ചചെയ്യാന്‍ അക്രമം ഉപയോഗിക്കുന്നതിന്റെ യുക്തിയാണ് ഏറ്റവും പ്രധാനം. ക്രമസമാധാനം ഉറപ്പുവരുത്താനുള്ള ഉപാധിയായി അക്രമത്തെ ഭരണകൂടം ഉപയോഗിക്കുന്നത് എല്ലായ്‌പ്പോഴും സംശയാസ്പദമാണ്. അക്രമത്തിന് അതിന്റേതായ യുക്തിയുണ്ട്, അക്രമത്തിന്റെയും അതിന്റെ പ്രതികരണത്തിന്റെയും ശൃംഖല സിവില്‍ ഭരണത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഒരു ദുര്‍ബല രാഷ്ട്രം മാത്രമാണ് അഭിപ്രായവ്യത്യാസങ്ങളെ പരിഹരിക്കാന്‍ അക്രമത്തിലേക്ക് തിരിയുന്നത്.

ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരിനെ കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള നിരവധി നിയമങ്ങള്‍ വിവേചനപരവും ആസൂത്രിതമായി നടപ്പാക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞവരുടെ പോലും നിഷ്‌ക്രിയത്വത്തിനും മൗനത്തിനും ഭയം കാരണമായി. രാഷ്ട്രീയത്തെ ധ്രുവീകരിക്കുകയും ജനങ്ങളില്‍ അന്യവല്‍ക്കരണത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ നടുകയും വിയോജിക്കുന്ന ആരെയും ദേശവിരുദ്ധരെന്ന് മുദ്രകുത്തുകയും പ്രതികാര ഭീഷണി ഉപയോഗിച്ച് ആളുകളെ തടവിലാക്കുകയും നിശബ്ദരാക്കുകയും ചെയ്തു. ചോദ്യം ചെയ്യുക എന്ന പ്രവൃത്തി തന്നെ നിശബ്ദമാക്കപ്പെട്ടു.

ചോദ്യങ്ങള്‍ക്കും വിയോജിപ്പിനുമുള്ള ഇടം നശിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക വളര്‍ച്ചയുടെ അടിസ്ഥാനം നമ്മള്‍ നശിപ്പിക്കുകയാണ്. വ്യവസ്ഥിതിക്കുള്ളിലുള്ള ആരെയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുന്നതിലൂടെ സാമ്പത്തിക, വികസന നയങ്ങളില്‍ വലിയ തെറ്റുകള്‍ വരുത്തുകയാണ് നാം ചെയ്യുന്നത്. സര്‍വകലാശാലകളെയുംഅക്കാദമിക് വിഭാഗങ്ങളെയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

ഏതൊരു സമൂഹത്തിലും സര്‍വകലാശാലകളാണ് പഠനത്തിന്റെയും സര്‍ഗാത്മകതയുടെയും കേന്ദ്രങ്ങള്‍. അവര്‍ നമ്മുടെ ഭാവിയുടെ നൈതിക ജനാധിപത്യ ചട്ടക്കൂട് നിര്‍മിക്കുന്നു; വിമര്‍ശനാത്മക ചിന്തയുടെ കാഠിന്യത്തിന്റെ അടിസ്ഥാനത്തില്‍, അധികാരത്തോട് സത്യം സംസാരിക്കാനുള്ള കഴിവിനെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. യുക്തിയുടെയും സംവാദത്തിന്റെയും ഈ നിര്‍ണായക ഇടം നശിപ്പിക്കുന്നതിനാല്‍ നാം ഇന്ത്യ എന്ന ആശയം തന്നെയല്ലേ നശിപ്പിക്കുന്നത് ?

ഈ രാജ്യം പണിതുയര്‍ത്തിയ ഭരണഘടനാ മൂല്യങ്ങളുടെ അടിത്തറയും, നാം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച സമാധാനവും പരിപോഷിപ്പിക്കാന്‍ വളരെയധികം പരിശ്രമിച്ച വിവിധ സംസ്‌കാരങ്ങളുടെ ഐക്യവും എല്ലാം കരുതിക്കൂട്ടി തകര്‍ക്കപ്പെടുകയാണ്. ഈ രീതിയില്‍ തുടരുകയാണെങ്കില്‍ ഏറെക്കാലത്തേക്ക് ഇന്ത്യ ഉണ്ടാകുമോ? നമ്മുടെ ചെറുപ്പക്കാരോട് ഇത്തരം ക്രൂരതയോടെയാണ് പെരുമാറുന്നതെങ്കില്‍, സ്വാതന്ത്ര്യത്തിന്റെ സത്തയെ നമ്മള്‍ പരിഹസിക്കുകയല്ലേ? നമ്മള്‍ അവരുടെ സ്വപ്‌നങ്ങളെ ഊതിക്കെടുത്തുകയും അവരെ നിശബ്ദരാക്കുകയും ചെയ്യുകയാണ്. മെച്ചപ്പെട്ട ഇന്ത്യയുടെ പൈതൃകമായി നാം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഭാവി ഇതാണോ?

Read Also: ആരാണ് പൗരന്‍? ആരാണ് പൗരനല്ലാത്തത്?

സമാധാനത്തിനും സമത്വത്തിനുമായി ഈ പ്രതിഷേധത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കുചേരേണ്ടതുണ്ട്. ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നവരുമായി നിസഹകരിക്കുന്ന മറ്റൊരു പ്രക്ഷോഭമാണിത്. ഉപ്പുനികുതി പോലുള്ള അന്യായമായ നിയമങ്ങള്‍ നടപ്പാക്കിയപ്പോള്‍ നമ്മള്‍ സഹകരിക്കാന്‍ വിസമ്മതിച്ചു. നിസഹകരണം പോലുള്ള അത്യുജ്ജ്വലമായ സത്യാഗ്രഹങ്ങളിലൂടെ ഒരു വലിയ കൊളോണിയല്‍ ശക്തിയെ നമ്മള്‍ കെട്ടുകെട്ടിച്ചു. സമത്വത്തില്‍ വിശ്വസിക്കുന്ന നമ്മളെല്ലാവരും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളും. അവര്‍ വിവേചനത്തിന്റെ ഈ നയം നടപ്പിലാക്കാനായി നമ്മളുടെ വാതിലില്‍ മുട്ടുമ്പോള്‍ നമ്മള്‍ ഫോമുകള്‍ പൂരിപ്പിക്കാനോ രേഖകള്‍ ഹാജരാക്കാനോ വിസമ്മതിക്കും, അവ നമ്മുടെ പക്കലുണ്ടെങ്കില്‍. ഈ പ്രസ്ഥാനം ചരിത്രത്തില്‍ ഓര്‍മിക്കപ്പെടും, ഒപ്പം പ്രതിഷേധത്തിന്റെ ഒരു ദശലക്ഷം നൂതനരീതികളും ഐക്യദാര്‍ഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളും സൃഷ്ടിക്കും.

അവരുടെ തന്ത്രങ്ങള്‍ അഹിംസാത്മകമായ പ്രതിരോധം നേരിടേണ്ടിവരുമെന്ന് നമ്മള്‍ സര്‍ക്കാരിനെ അറിയിക്കുന്നത് തുടരും. ഡിസംബര്‍ 14 മുതലുള്ള പ്രതിഷേധം വളരെ പ്രധാനപ്പെട്ട വസ്തുതയാണ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്; 1950 ജനുവരി 26 ന് ഞങ്ങള്‍ക്ക് നമ്മള്‍ സ്വയം നല്‍കിയ ഇന്ത്യ എന്ന ആശയത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത തെളിയിക്കാന്‍ അക്കങ്ങളോ മത പ്രഖ്യാപനമോ പൗരത്വ പദവിയോ ”ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍”ക്ക് ആവശ്യമില്ല.

ഈ പ്രതിഷേധങ്ങളുടെ സാരാംശം ഒരു സന്ദേശമാണ് – ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോട് ഞങ്ങളുടെ ഐക്യദാര്‍ഢ്യപ്പെടുന്നു. റിപ്പബ്ലിക് ദിനം അടുക്കുന്തോറും ഞങ്ങള്‍ ഭരണഘടന ആഘോഷിക്കുകയും ദേശീയ പ്രസ്ഥാനങ്ങളോടും അംബേദ്കറോടും ഭരണഘടനാ അസംബ്ലി അംഗങ്ങളോടും ഞങ്ങളുടെ നന്ദി അറിയിക്കുകയും ചെയ്യും. നമ്മുടെ ഭരണഘടനയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുമായി ഒരിക്കലും യോജിക്കാതിരുന്നുകൊണ്ട് യഥാര്‍ഥ ”ദേശീയവാദികളാണ്” ഞങ്ങള്‍. നമ്മെ നിശബ്ദരാക്കാനോ അടിച്ചമർത്താനോ ആർക്കും കഴിയില്ല.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Caa nrc npr protest aruna roy bezwada wilson tm krishna