/indian-express-malayalam/media/media_files/uploads/2023/05/ls-PM-Narendra-Modi-on-India-Australia-relations-6.jpg)
ഫയൽ ചിത്രം
രാജ്യസഭയിൽ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിലെ സംവാദങ്ങൾ കേൾക്കാനുള്ള ഉദ്ദേശത്തോടെയല്ല പ്രതിപക്ഷം വന്നിരിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി പ്രതിപക്ഷത്തിന് തന്റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ലെന്നും വ്യക്തമാക്കി. രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി പറയവേയാണ് നരേന്ദ്ര മോദിയുടെ വിമർശനം. കാലഹരണപ്പെട്ട പാർട്ടിയായി കോൺഗ്രസ് അധപതിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും എല്ലായ്പ്പോഴും ഉണ്ടാകുന്നത്. ഇപ്പോഴിതാ തെക്കേ ഇന്ത്യ വിഭജിക്കണമെന്നതടക്കുള്ള ചർച്ചകളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നതെന്നും പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തന്റെ ശബ്ദത്തിന് കരുത്ത് പകരുന്നത് ജനങ്ങളാണ്. ബിജെപിക്ക് 400 സീറ്റ് ലഭിക്കുമെന്ന് പറഞ്ഞ് ഖാർഗെ തങ്ങളെ അനുഗ്രഹിച്ചിരിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയേയും പരിഹാസ രൂപേണ വിമർശിച്ചു. കമാണ്ടർ ഡൽഹിയിൽ ഇല്ലാത്തതിനാൽ ഖാർഗെക്ക് സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണെന്നായിരുന്നു രാഹുലിനെ ഉന്നം വെച്ചുള്ള മോദിയുടെ പരിഹാസം.
7 പതിറ്റാണ്ടായി ഒബിസികളുടെ അവകാശങ്ങൾ കോൺഗ്രസ് പാർട്ടി ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രിആരോപിച്ചു. ഒബിസികൾക്ക് ഒരിക്കലും സമ്പൂർണ സംവരണം നൽകാത്ത കോൺഗ്രസ്, പൊതുവിഭാഗത്തിലെ പാവപ്പെട്ടവർക്ക് സംവരണം നൽകിയില്ല. ബാബാ സാഹിബ് അംബേദ്കറെ ഭാരതരത്‌നയ്ക്ക് യോഗ്യനായി കണക്കാക്കാത്ത കോൺഗ്രസ്, അവരുടെ കുടുംബത്തിലേക്ക് മാത്രം ഭാരതരത്‌നം നൽകികൊണ്ടിരുന്നു. ആ കോൺഗ്രസാണ് ഇപ്പോൾ സാമൂഹിക നീതിയുടെ പാഠം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
പൊതു പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ച, രേഖകളിൽ കൃത്രിമം കാണിക്കൽ, കമ്പ്യൂട്ടർ ശൃംഖലകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊതുപരീക്ഷാ (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ, 2024 ചൊവ്വാഴ്ച ലോക്സഭ പാസാക്കിയിരുന്നു. 10 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ ഇത്തരം ദുഷ്പ്രവൃത്തികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെയോ സംഘടനകളെയോ ശിക്ഷിക്കാൻ ഉദ്ദേശിക്കുമ്പോൾ വിദ്യാർത്ഥികളോ ഉദ്യോഗാർത്ഥികളോ അതിന്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
അതിനിടെ, പാർലമെന്റിന്റെ ഇപ്പോൾ നടക്കുന്ന ബജറ്റ് സമ്മേളനം ശനിയാഴ്ച വരെ നീട്ടുന്നതായി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ചൊവ്വാഴ്ച അറിയിച്ചു, 2014 ന് മുമ്പും ശേഷവുമുള്ള ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ താരതമ്യം ചെയ്ത് സർക്കാർ ഒരു ധവളപത്രം അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Read More
- 'ബിജെപിക്ക് നായകളോടുള്ള പ്രശ്നം മനസ്സിലാകുന്നില്ല': ബിസ്ക്കറ്റ് വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
- ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് പൂട്ടിട്ട് ഉത്തരാഖണ്ഡ്; ഏക സിവിൽ കോഡിലെ പ്രധാന നിർദ്ദേശങ്ങൾ അറിയാം
- രാജ്യത്ത് വൻകിട പരീക്ഷാത്തട്ടിപ്പ്; തിരിച്ചടിയേറ്റത് 15 സംസ്ഥാനങ്ങളിലെ 1.4 കോടി ഉദ്യോഗാർത്ഥികൾക്ക്
- ലോക്സഭ തിരഞ്ഞെടുപ്പ് അരികെ; മോദി എന്തുകൊണ്ടാണ് സഭാ പ്രസംഗത്തിൽ കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുന്നത്?
- ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധിതൻ; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.