scorecardresearch

അഡ്വാനിയിലൂടെ മുന്നോക്ക വോട്ട് ബാങ്കും കർപ്പൂരി വഴി പിന്നാക്കക്കാരിലേക്കും; ഭാരതരത്നയിലൂടെ ബിജെപി നൽകുന്ന തിരഞ്ഞെടുപ്പ് സന്ദേശം

ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്

ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്

author-image
WebDesk
New Update
എല്‍.കെ അദ്വാനിക്ക് സീറ്റില്ല, സീറ്റ് അമിത് ഷായ്ക്ക്; മോദിക്ക് ബഹുമാനമില്ലെന്ന് കോണ്‍ഗ്രസ്

അടുത്തടുത്തായുള്ള രണ്ട് ഭാരതരത്ന ബഹുമതി പ്രഖ്യാപനങ്ങളിലൂടെ തങ്ങളുടെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി എന്തെന്ന് അടിവരയിട്ടുകൊണ്ട് ബിജെപിയും പ്രധാനമന്ത്രി മോദിയും 2024 ലെ തിരഞ്ഞെടുപ്പ് അങ്കത്തിലേക്ക് ഒരു ചുവട് കൂടി മുന്നോട്ട് വെച്ചിരിക്കുകയാണ്. നേരത്തേ മുൻ ബിഹാർ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ കർപ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പ്രഖ്യാപിച്ചതിലൂടെ പിന്നാക്ക വിഭാഗത്തിനെ ഉന്നം വെച്ച ബിജെപി കഴിഞ്ഞ ദിവസം ബിജെപി നേതാവ് എൽ കെ അഡ്വാനിക്കും ബഹുമതി പ്രഖ്യാപിച്ചു. കർപ്പൂരിയിലൂടെ പിന്നാക്ക വിഭാഗത്തിനൊപ്പമാണ് തങ്ങളെന്ന സന്ദേശമാണ് ബിജെപി ലക്ഷ്യമിട്ടതെങ്കിൽ അയോധ്യയും രാമക്ഷേത്രവുമടക്കമുള്ള ഹിന്ദുത്വ വികാരങ്ങൾ സജീവമാക്കി നിർത്താനാണ് അഡ്വാനിക്ക് ബഹുമതി നൽകുന്നതെന്നത് വ്യക്തമാണ്. 

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എൽ കെ അഡ്വാനിക്ക് പുരസ്ക്കാരം നൽകുന്നുവെന്ന് പ്രഖ്യാപിച്ചത്. “ശ്രീ എൽ കെ അദ്വാനി ജിക്ക് ഭാരതരത്‌നം നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ബഹുമതി ലഭിച്ചതിൽ ഞാനും അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണ്, ”മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.

“താഴെത്തട്ടിൽ പ്രവർത്തിച്ചു തുടങ്ങി നമ്മുടെ ഉപപ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. നമ്മുടെ ആഭ്യന്തര മന്ത്രി, ഐ ആൻഡ് ബി മന്ത്രി എന്നീ നിലകളിൽ അദ്ദേഹം സ്വയം വിശേഷിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ എല്ലായ്‌പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകളാൽ നിറഞ്ഞതുമാണ്,” പ്രധാനമന്ത്രി പറഞ്ഞു.

സോഷ്യലിസ്റ്റ് നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ കർപ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന പുരസ്‌കാരം നൽകുന്നുവെന്ന തീരുമാനം ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച് ദിവസങ്ങൾക്ക് ശേഷമാണ് 
പുറത്തുവന്നത്.

Advertisment

രാമക്ഷേത്രം യാഥാർത്ഥ്യമായ സാഹചര്യത്തിൽ അഡ്വാനിക്ക് ഭാരതരത്ന പ്രഖ്യാപിച്ചതിലെ ഹിന്ദുത്വ അജണ്ട തിരിച്ചറിയാൻ അഡ്വാനിയുടെ രാഷ്ട്രീയ ജീവിത്തിന്റെ നാൾവഴികൾ ഒന്ന് പരിശോധിച്ചാൽ മതിയാകും. 1989-ൽ പാലമ്പൂർ പ്രമേയത്തിൽ രാമജന്മഭൂമി പ്രസ്ഥാനത്തെ പാർട്ടി അംഗീകരിച്ചപ്പോൾ ബി.ജെ.പി അധ്യക്ഷനായിരുന്നു അഡ്വാനി, 1990 സെപ്തംബറിൽ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള രാമക്ഷേത്ര രഥയാത്ര ആരംഭിച്ച നേതാവ് കൂടിയായിരുന്നു അഡ്വാനി.

അദ്വാനിക്കുള്ള ഭാരതരത്‌ന മുതിർന്ന നേതാവിനുള്ള ആദരവ് കൂടിയായി അടയാളപ്പെടുത്തുന്നു. പ്രധാനമന്ത്രി മോദി തന്റെ ഗുരുവിനുള്ള ബഹുമതി പ്രഖ്യാപിക്കുന്നതായി കാണുമ്പോൾ, തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ സായാഹ്നത്തിൽ കഴിയുന്ന മുതിർന്ന നേതാക്കളെ തിരിച്ചറിഞ്ഞ് പാർട്ടി ഒരു യൂണിറ്റ് പോലെ പ്രവർത്തിക്കുന്നു എന്നതാണ് വോട്ടർമാർക്കുള്ള സന്ദേശം.

തനിക്ക് ബഹുമതി നൽകിയതിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി മോദിക്കും നന്ദി അറിയിച്ചുകൊണ്ട് എൽ കെ അദ്വാനി പ്രതികരിച്ചിരുന്നു. “ഇന്ന് എനിക്ക് സമ്മാനിച്ച ഭാരതരത്‌നയെ അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടി ഞാൻ സ്വീകരിക്കുന്നു. ഒരു വ്യക്തിയെന്ന നിലയിൽ ഇത് എനിക്ക് ഒരു ബഹുമതി മാത്രമല്ല, എന്റെ ജീവിതത്തിലുടനീളം ഞാൻ പിന്തുടർന്ന ആദർശങ്ങൾക്കും തത്വങ്ങൾക്കും കൂടിയുള്ള ബഹുമതിയാണ്,” പ്രസ്താവനയിൽ അദ്വാനി വ്യക്തമാക്കി. 

14-ാം വയസ്സിൽ രാഷ്ട്രീയ സ്വയംസേവക് സംഘിൽ ചേർന്ന കാര്യം അദ്വാനി അനുസ്മരിച്ചു, തന്റെ രാജ്യത്തെ അർപ്പണബോധത്തോടെ സേവിക്കുന്നതിനെക്കുറിച്ചാണ് താൻ എപ്പോഴും ചിന്തിക്കുന്നതെന്നും തന്റെ ജീവിതം തന്റേതല്ല, മറിച്ച് രാജ്യത്തിന്റേതായി കണക്കാക്കുന്നുവെന്നും പറഞ്ഞു. ദീൻ ദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്‌പേയി, അന്തരിച്ച ഭാര്യ കമല എന്നിവരെയും അദ്ദേഹം അനുസ്മരിച്ചു.

ഒരു സംഘടനാ പ്രവർത്തകനിൽ നിന്ന്, 1977 ൽ കോൺഗ്രസിനെതിരായ പ്രതിപക്ഷ ഐക്യത്തിൽ നിന്ന് ജനിച്ച ജനതാ പാർട്ടി സർക്കാരിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി അദ്ദേഹം ഉയർന്നു. 1984-ൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പി നേരിട്ട പരാജയത്തിന് ശേഷം, പാർട്ടി അധ്യക്ഷനെന്ന നിലയിൽ അദ്വാനി ബി.ജെ.പിയെ രാമക്ഷേത്ര പ്രസ്ഥാനവുമായി ചേർത്തു നിർത്തിയതാണ് ഇന്ന് കാണുന്ന നിലയിലേക്ക് ബി ജെ പി വളരാനുള്ള അടിത്തറയായത്. ആദ്യം പാർട്ടിയുടെ 1989-ലെ പാലമ്പൂർ പ്രമേയത്തിലൂടെയും പിന്നീട് 1990-ലെ രഥയാത്രയിലൂടെയും അഡ്വാനി പരിവാർ രാഷ്ട്രീയത്തിന്റെ വളർച്ചയിലെ നെടുംതൂണായി മാറി.  1970 മുതൽ രാജ്യസഭയിലെ ഹിന്ദുത്വ ഐക്കണായി നിലകൊണ്ട അഡ്വാനി പിന്നീട് ഒരു ബഹുജന നേതാവായി മാറി, 1989 മുതൽ ഡൽഹിയിൽ നിന്നും ഗാന്ധിനഗറിൽ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനും അതിലൂടെ അഡ്വാനിക്ക് കഴിഞ്ഞു.

എന്നിരുന്നാലും, ബാബറി മസ്ജിദ് തകർക്കലിനുശേഷം നടന്ന രഥയാത്ര അദ്ദേഹത്തെ രാഷ്ട്രീയ വിമർശനങ്ങളിലേക്കാണ് തള്ളിവിട്ടത്.  "മതേതര" പാർട്ടികൾ ബാബറിയുടെ പാപക്കറ മുഴുവനും അഡ്വാനിക്ക് മേൽ ചുമത്തി. 1998 മുതൽ 2004 വരെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുമായി കൈകോർത്ത് പ്രവർത്തിക്കാൻ അദ്ദേഹം മനസ്സോടെ തീരുമാനിച്ചു. എന്നാൽ 2005-ൽ ജിന്നയെ "മതേതര" എന്ന് വിളിച്ചതിലൂടെ അദ്വാനിക്ക് ബി.ജെ.പി അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടി വന്നു. തുടർന്ന് 2009-ൽ ബിജെപി ദയനീയമായി തോറ്റു. ലോക്‌സഭയിൽ കോൺഗ്രസിന് 206 സീറ്റുകൾ ലഭിച്ചപ്പോൾ ബിജെപി 116 സീറ്റുകളിൽ ഒതുങ്ങി.    

പിന്നീട് 2013ൽ നരേന്ദ്ര മോദിയെ ഗോവയിൽ ബിജെപിയുടെ കേന്ദ്ര പ്രചാരണ കോ-ഓർഡിനേറ്ററായി പ്രഖ്യാപിച്ചപ്പോൾ അദ്വാനി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും രാജിവച്ചു.എന്നാൽ പാർട്ടിയുടെ പാർലമെന്ററി ബോർഡ് അദ്ദേഹത്തിന്റെ രാജി നിരസിച്ചു, അദ്വാനി പാർട്ടിയെ നയിക്കുന്നത് തുടരുമെന്ന് അന്നത്തെ ബിജെപി അധ്യക്ഷൻ രാജ്‌നാഥ് സിംഗ് പറഞ്ഞു. തുടർന്ന് അദ്ദേഹം രാജി പിൻവലിച്ചു.

2014 ഓഗസ്റ്റിൽ എംപിയായിരുന്ന അദ്വാനിക്ക് മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിക്കൊപ്പം ബിജെപി പാർലമെന്ററി ബോർഡിൽ സ്ഥാനം നഷ്ടപ്പെട്ടു. 2015 ജൂണിൽ, "ജനാധിപത്യത്തെ തകർക്കാൻ കഴിയുന്ന ശക്തികൾ ശക്തി പ്രാപിച്ചിരിക്കുന്നതിനാൽ" അടിയന്തരാവസ്ഥ തള്ളിക്കളയാനാവില്ലെന്ന് അദ്വാനി പറഞ്ഞു. ഇത് പാർട്ടിയിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. നരേന്ദ്ര മോദിയുമായുള്ള അസ്വാരസ്യങ്ങളും മുതിർന്ന നേതാക്കളെ ഒതുക്കാനുള്ള മോദിയുടെ നീക്കങ്ങളുമായിരുന്നു അദ്വാനിയുടെ വിയോജിപ്പുകൾക്ക് കാരണം. പിന്നീട് ബിജെപി മാർഗദർശക് മണ്ഡലിലേക്ക് മാറ്റപ്പെട്ട അഡ്വാനി തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലൊന്നും തന്നെ രംഗത്തിറങ്ങിയില്ല. ആ അഡ്വാനിക്ക് ഭാരതരത്ന പ്രഖ്യാപിച്ചതിലൂടെ പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒതുക്കുന്നുവെന്ന വിമർശനത്തിന് കൂടി തടയിടുതയാണ് നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്.  

1978-ൽ ഒബിസികൾക്കും അങ്ങേയറ്റം പിന്നാക്കക്കാർക്കും സംവരണം നൽകിയ ഉത്തരേന്ത്യയിലെ ആദ്യത്തെ നേതാവായിരുന്നു കർപ്പൂരി ഠാക്കൂർ. ബിജെപിയുടെ ആദ്യ രൂപമായിരുന്ന ജനസംഘത്തിന്റെ പിന്തുണയോടെയാണ് അദ്ദേഹം ബീഹാറിലെ ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയായതും.

രണ്ടു പുരസ്കാരങ്ങളും ഒന്നിനു പുറകെ ഒന്നായി പ്രഖ്യാപിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന പ്രഖ്യാപിച്ചപ്പോൾ സാമൂഹ്യനീതിക്കൊപ്പമാണ് തങ്ങളെന്ന സന്ദേശം ബിജെപി പിന്നാക്ക വിഭാഗങ്ങളിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ തന്നെ സംസ്ഥാനത്തെ ജാതി സർവേയുടെ ശില്പിയായ ജനതാദൾ (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൻഡിഎയിലേക്ക് കടന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് ഹിന്ദുത്വത്തെ അവരോധിച്ച അദ്വാനി എന്ന രാഷ്ട്രീയക്കാരന് ഭാരതരത്‌ന നൽകിയത് ഹിന്ദുത്വത്തിന്റേയും രാമക്ഷേത്ര പ്രസ്ഥാനത്തിന്റേയും കേന്ദ്രീകൃതമായ ഭരണകൂടത്തിന്റെ അംഗീകാരത്തിന് തുല്യമാണ്.

Read More

Lk Advani Bharat Ratna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: