/indian-express-malayalam/media/media_files/D3R79ml5KAutI2wO7LPI.jpg)
എക്സ്പ്രസ് ഫൊട്ടോ
ഈ സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് യുണൈറ്റഡ് കിംഗ്ഡവുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ഇന്ത്യ. ലേക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പായി ഇരുവശത്തുമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തീർപ്പുകൽപ്പിക്കാത്ത പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള അന്തിമ ശ്രമം നടത്തുകയാണ് എന്നാണ് സൂചന. യുകെയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം ജനുവരി 22-ന് ഇന്ത്യയിലെത്തിയിരുന്നു. “നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കൃത്യമായ ചർച്ചകളിലൂടെ മിക്ക അധ്യായങ്ങളും അടച്ചു. ഇനി ചുരുക്കം ചില വിഷയങ്ങളിലെ ചർച്ചകൾ മാത്രമാണ് ബാക്കിയുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്ന ദിവസം തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും നിലവിൽ വരും. പതിനേഴാം ലോക്‌സഭയുടെ കാലാവധി തീരുന്ന ജൂൺ 16ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് എന്തുചെയ്യാൻ കഴിയും, എന്തുചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ചുള്ള ഒരു മുഴുവൻ അധ്യായത്തോടുകൂടിയ, തിരഞ്ഞെടുപ്പ് സമയത്ത് മാതൃകാപരമായ പെരുമാറ്റത്തിനുള്ള പൊതുനിയമങ്ങൾ എംസിസിയിൽ അടങ്ങിയിരിക്കുന്നവയാണ്.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം (ഇന്ത്യ) മാതൃകാ പെരുമാറ്റച്ചട്ടം കട്ട് ഓഫ് തീയതിയായിരിക്കും. ഞങ്ങളുടെ യുകെ കൌണ്ടർപാർട്ട് ഇത് മനസ്സിലാക്കുന്നു, അതിനാലാണ് അവരുടെ ഉദ്യോഗസ്ഥർ ഇവിടെയുള്ളത്, വാണിജ്യം, ധനകാര്യം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളിലുടനീളം ഗവൺമെന്റിന്റെ ഉയർന്ന തലത്തിലുള്ള മീറ്റിംഗുകൾ നടക്കുന്നു," ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യ-യുകെ എഫ്‌ടിഎ 2022-ലെ ദീപാവലിയോടെ ഒപ്പുവെക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, ഇത് യുകെ നേരത്തെ പ്രഖ്യാപിക്കുകയും ആ വർഷം സെപ്റ്റംബറിൽ ഇന്ത്യൻ സർക്കാർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിനെത്തുടർന്ന്, കരാർ അവസാനിക്കുന്നത് സംബന്ധിച്ച് ഇരുപക്ഷവും ഔദ്യോഗിക സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. കാറുകളുടെയും വിസ്‌കിയുടെയും തീരുവ കുറയ്ക്കാൻ യുകെ ഇന്ത്യയോട് ആവശ്യപ്പെട്ടപ്പോൾ, യുകെയിലെ തങ്ങളുടെ സേവന മേഖലയിലെ തൊഴിലാളികൾക്ക് മികച്ച പ്രവേശനം തേടുകയാണ് ഇന്ത്യ ചെയ്തത്. ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ശരാശരി താരിഫ് 4.2 ശതമാനമാണെങ്കിൽ, യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ ഇന്ത്യയിലെ ശരാശരി താരിഫ് 14.6 ശതമാനമാണ്; അതിനാൽ ഇന്ത്യയുടെ ഡ്യൂട്ടി വെട്ടിക്കുറക്കുന്നത് വലിയ തോതിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഇന്ത്യൻ വ്യവസായം യുകെ വിപണിയിലേക്ക് കൂടുതൽ പ്രവേശനം തേടുന്നതിനാൽ കാറുകളുടെയും വിസ്‌കിയുടെയും ചർച്ചകൾ വിവാദമായിരുന്നു. ഇന്ത്യൻ വിസ്കി നിർമ്മാതാക്കൾ യുകെ അതിന്റെ മൂന്ന് വർഷത്തെ മെച്യൂറേഷൻ നിയമം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൽ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ല.
ഇന്ത്യയുടെ യുകെയുമായുള്ള എഫ്‌ടിഎ ഒരു പാശ്ചാത്യ രാജ്യവുമായുള്ള ആദ്യത്തെ സമ്പൂർണ്ണ ഇടപാടായിരിക്കും. അതിലൂടെ പ്രധാന ആഗോള സേവന മേഖലാ രാജ്യവുമായുള്ള ആഴത്തിലുള്ള സാമ്പത്തിക സംയോജനമാണ് സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (ഇഎഫ്ടിഎ) പോലുള്ള വലിയ പാശ്ചാത്യ വ്യാപാര പങ്കാളികളുമായുള്ള വ്യാപാര ഇടപാടുകൾക്കുള്ള ഒരു ചവിട്ടുപടിയായി ഇന്ത്യ-യുകെ ബന്ധം മാറുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
കോവിഡ് -19 ന് ശേഷം ആഗോള വിതരണ ശൃംഖല പുനഃസജ്ജീകരിക്കപ്പെടുകയും ആഗോളതലത്തിൽ മൾട്ടിനാഷണൽ കമ്പനികൾ ചൈന പ്ലസ് വൺ നയം സ്വീകരിക്കുകയും ചെയ്യുന്നതിനാൽ എഫ്ടിഎ വഴി പാശ്ചാത്യ രാജ്യങ്ങളുമായുള്ള സാമ്പത്തിക സംയോജനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇൻഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് ഫോർ പ്രോസ്പെരിറ്റി (ഐപിഇഎഫ്) പോലുള്ള ബഹുമുഖ വ്യാപാര കരാറുകളും ചൈനയെ ആശ്രയിക്കുന്നതിൽ നിന്ന് മാറാനുള്ള ശ്രമത്തിലാണ്.
എന്നിരുന്നാലും, ഈ വർഷം ഇരു രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളോടെ കരാർ ഒപ്പിടുന്നതിനുള്ള വിൻഡോ അതിവേഗം അവസാനിക്കുകയാണ്. ഈ വർഷം ഡിസംബറിൽ യുകെയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം ഏപ്രിലിനും മെയ് മാസത്തിനും ഇടയിൽ ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത കൽപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നീ നാല് രാഷ്ട്രങ്ങളുമായുള്ള യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ ഉൾപ്പെടെ മറ്റ് രണ്ട് എഫ്‌ടിഎകൾ അവസാനിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.
അതേ സമയം ഇന്ത്യയുടെ സെൻസിറ്റീവ് മേഖലയായ കാർഷിക വിപണിയിലേക്കുള്ള ഓസ്‌ട്രേലിയൻ പ്രവേശനം ഉറപ്പാക്കാൻ ഓസ്‌ട്രേലിയയുമായുള്ള സമഗ്രമായ വ്യാപാര കരാറിൽ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഏർപ്പെടാനുള്ള സാധ്യതയും കാണുന്നു.
ഇന്ത്യ-യുകെ എഫ്‌ടിഎയിൽ നിന്ന്, പ്രത്യേകിച്ച് ടെക്‌സ്‌റ്റൈൽ മേഖലയിൽ നിന്ന് ഇന്ത്യയുടെ തൊഴിൽ-അധിഷ്‌ഠിത മേഖലകൾ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതി യുകെയിൽ 10% വരെ ഉയർന്ന താരിഫുകൾ അഭിമുഖീകരിക്കുന്നു. അതേസമയം, യുകെയുമായി സേവന മേഖലയിൽ കൂടുതൽ സഹകരിക്കുന്നതിലൂടെ അതിവേഗം വളരുന്ന വ്യവസായത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലേക്കുള്ള യുകെയുടെ നിക്ഷേപം മെച്ചപ്പെടുത്താൻ കഴിയുന്ന എഫ്ടിഎയ്‌ക്കൊപ്പം ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) ഒപ്പിടാൻ ഇന്ത്യയും യുകെയും പദ്ധതിയിടുന്നതായാണ് സൂചന. 2023 സാമ്പത്തിക വർഷത്തിൽ, യുകെയിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 11.41 ബില്യൺ ഡോളറും ഇറക്കുമതി 8.96 ബില്യൺ ഡോളറുമായിരുന്നു.
ReadMore:
- ബിജെപിയുമായുള്ള സഖ്യത്തിലെ അടുത്ത നീക്കമെന്ത്? നിതീഷിന്റെ നിലപാട് ഇന്ന് വ്യക്തമായേക്കും
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
- നിതീഷ് കുമാർ വീണ്ടും മുന്നണി മാറും; ബിജെപി-നിതീഷ് കുമാർ ഭിന്നത തുടങ്ങിയതെന്ന് മുതൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.