/indian-express-malayalam/media/media_files/KGFDBUIRESdlboeH0WDr.jpg)
Garlic Price Hike: കഴിഞ്ഞ ഏതാനും ആഴ്ചകളായി വെളുത്തുള്ളി വില കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ചില്ലറ ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 260-300 രൂപയാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 40 രൂപയായിരുന്നു വില, മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 150 രൂപയും.
കേരളത്തിൽ സർവകാല റെക്കോർഡ്
സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സർവകാല റെക്കോർഡ് വില. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനം മൂലമാണ് വില ഉയർന്നത്. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വർധനയ്ക്ക് കാരണമായെന്ന് വ്യാപാരികൾ അറിയിച്ചു.
മഹാരാഷ്ട്രയിൽ നിന്നാണ് കൂടുതലും ജില്ലയിലേക്ക് വെളുത്തുള്ളി എത്തുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം മഹാരാഷ്ട്രയിൽ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ഏകദേശം ഒരു മാസത്തോളമായി വെളുത്തുള്ളി വില ഉയരാൻ തുടങ്ങിയിട്ട്. കിലോയ്ക്ക് 130 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് കൂടിക്കൂടി ഇപ്പോൾ 260 രൂപയിൽ എത്തിയത്. വെളുത്തുള്ളി വാങ്ങാനും വാങ്ങാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ് സാധാരണക്കാർ.
വെളുത്തുള്ളി വില കൂടുന്നത് എന്ത് കൊണ്ട്?
ചില്ലറ, മൊത്തവ്യാപാര വിപണികളിലെ വെളുത്തുള്ളിയുടെ ഈ സ്ഥിരമായ വിലവർധന വിളയുടെ നഷ്ടവും അടുത്ത വിളവെടുപ്പ് വൈകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
ഖാരിഫ്, റാബി എന്നീ രണ്ട് സീസണുകളിലായാണ് വെളുത്തുള്ളി കൃഷി ചെയ്യുന്നത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ കർഷകർ ഖാരിഫ് വിളകൾ കൃഷി ചെയ്യുന്നു, അവിടെ ജൂൺ-ജൂലൈ മാസങ്ങളിൽ നടീൽ നടത്തുകയും സെപ്റ്റംബറിന് ശേഷം വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു. റാബി വിള സെപ്റ്റംബർ-നവംബർ മാസങ്ങളിൽ നട്ടുപിടിപ്പിച്ച് മാർച്ചിന് ശേഷം വിളവെടുക്കുന്നു. ഖാരിഫ് വിളവെടുപ്പ് വൈകുന്നത് വിലക്കയറ്റത്തിന് കാരണമായി.
ദേശീയതലത്തിൽ മൊത്തം 31.64 ലക്ഷം ടൺ വാർഷിക വെളുത്തുള്ളി ഉൽപ്പാദനത്തിന്റെ 62.85 ശതമാനവും മധ്യപ്രദേശിലാണ് ഉത്പാദിപ്പിക്കുന്നത്. ഈ വർഷം, മൺസൂണിന്റെ മന്ദഗതിയിലുള്ള പുരോഗതിയെത്തുടർന്ന് എംപിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വെളുത്തുള്ളി നടീൽ വൈകി. അങ്ങനെ സെപ്റ്റംബറിന് പകരം നവംബർ അവസാനത്തോടെ മാത്രമാണ് ഖാരിഫ് വിളകൾ വിപണിയിൽ എത്തിത്തുടങ്ങിയത്. അടുത്ത വർഷം ജനുവരി അവസാനത്തോടെ മാത്രമേ പൂർണമായ വരവ് ആരംഭിക്കൂ.
മധ്യപ്രദേശിൽ വിളകൾ എത്താനുള്ള കാലതാമസം രാജ്യത്തുടനീളം വെളുത്തുള്ളിയുടെ വില ഉയർത്തിയതായി പൂനെയിലെ മൊത്തവ്യാപാര വിപണിയിൽ പ്രവർത്തിക്കുന്ന വ്യാപാരിയായ വിലാസ് ഭുജ്ബൽ പറഞ്ഞു.
"വരവ് മന്ദഗതിയിലായതും ഡിമാൻഡ് ഉയർന്നതും കാരണം വില കുതിച്ചുയരുകയാണ്," അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയുള്ള മധ്യപ്രദേശിലെ മന്ദ്‌സൗറിലാണ് ഇതിന്റെ വില നിശ്ചയിക്കപ്പെടുന്നത്. 2022 ഡിസംബർ 20-ന് കിലോഗ്രാമിന് 12.50 രൂപയായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 260-300 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇത് എത്ര കാലം തുടരും?
ജനുവരി അവസാനം വരെ ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 250-350 രൂപയ്‌ക്ക് ഇടയിൽ ഉയരാൻ സാധ്യതയുണ്ട്. ഖാരിഫ് വിള, വിളവെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും പുതിയ വിളയുടെ വരവ് മെച്ചപ്പെടുമ്പോൾ മാത്രമേ വില മെച്ചപ്പെടൂവെന്നും വ്യാപാരികൾ പറഞ്ഞു.
In Other News
- കോൺഗ്രസിന്റെ ക്രൗഡ് ഫണ്ടിങ്ങിൽ പണം സ്വീകരിക്കുന്നത് 138 ന്റെ ഗുണിതങ്ങളായത് എന്തു കൊണ്ട്?
- രാജ്യത്ത് കഴിഞ്ഞ 2 ആഴ്ചയിലെ എല്ലാ കോവിഡ് സാമ്പിളുകളും 'JN.1 വകഭേദം'; കേസുകളുടെ വർദ്ധനവിനിടെ പുതിയ വെളിപ്പെടുത്തൽ
- നിലവിലെ ഭരണത്തിൽ, 'ജനാധിപത്യം' എന്ന വാക്കിന് പുതിയ നിർവ്വചനമുണ്ടെന്ന് ബിജെപി
- പ്രധാനമന്ത്രി മോദി ഒഴികെ മറ്റാരും ഒഴിച്ചു കൂടാനാവാത്തവരല്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.