scorecardresearch

ആടുജീവിതത്തിന്റെ സഹനിർമ്മാതാവ്; എൻബിറ്റിസിയും കെ.ജി എബ്രഹാമും വാർത്തകളിൽ വീണ്ടും നിറയുമ്പോൾ

49 പേരുടെ ജീവനെടുത്ത കുവൈത്തിലെ മംഗാഫിലെ തീപിടുത്തിൽ മരിച്ച കേരളത്തിൽ നിന്നുള്ള 24 പേർ ഉൾപ്പെടെ 45 ഇന്ത്യക്കാരിൽ ഭൂരിഭാഗവും കെ.ജി എബ്രഹാം പങ്കാളിയും മാനേജിംഗ് ഡയറക്ടറുമായ സ്ഥാപനത്തിലെ ജീവനക്കാരാണ്

49 പേരുടെ ജീവനെടുത്ത കുവൈത്തിലെ മംഗാഫിലെ തീപിടുത്തിൽ മരിച്ച കേരളത്തിൽ നിന്നുള്ള 24 പേർ ഉൾപ്പെടെ 45 ഇന്ത്യക്കാരിൽ ഭൂരിഭാഗവും കെ.ജി എബ്രഹാം പങ്കാളിയും മാനേജിംഗ് ഡയറക്ടറുമായ സ്ഥാപനത്തിലെ ജീവനക്കാരാണ്

author-image
WebDesk
New Update
Abraham

എബ്രഹാം വീണ്ടും വാർത്തകളിൽ നിറയുന്നത് ഏവരേയും കണ്ണീരിലാഴത്തിയ കുവൈത്തിലെ തീപിടുത്ത ദുരന്ത വാർത്തയിലൂടെയാണ്

മംഗാഫ്: ഈ വർഷം മാർച്ചിലാണ് സൗദി അറേബ്യയിലെ ഒരു മലയാളി കുടിയേറ്റ തൊഴിലാളിയായ ആലപ്പുഴ സ്വദേശി നജീബിന്റെ ദുരിതപൂർണ്ണമായ പ്രവാസ ജീവിതം വരച്ചുകാട്ടിയ ആടുജീവിതം എന്ന പൃഥ്വിരാജ് ചിത്രം പുറത്തിറങ്ങിയത്. യഥാർത്ഥ ജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരം എന്ന നിലയിൽ ബ്ലെസി ചിത്രം വൻവിജയമാണ് വെള്ളിത്തിരയിൽ നേടിയത്. 150 കോടിയിലധികം നേടിയ ചിത്രത്തിന്റെ സഹനിർമ്മാതാക്കളിൽ ഒരാളാണ് കുവൈറ്റിലെ പ്രവാസി വ്യവസായിയായ കെ ജി എബ്രഹാം. എന്നാൽ ഇപ്പോൾ മാസങ്ങൾക്ക് ശേഷം എബ്രഹാം വീണ്ടും വാർത്തകളിൽ നിറയുന്നത് ഏവരേയും കണ്ണീരിലാഴത്തിയ കുവൈത്തിലെ തീപിടുത്ത ദുരന്ത വാർത്തയിലൂടെയാണ്. 

Advertisment

49 പേരുടെ ജീവനെടുത്ത കുവൈത്തിലെ മംഗാഫിലെ തീപിടുത്തിൽ  മരിച്ച കേരളത്തിൽ നിന്നുള്ള 24 പേർ ഉൾപ്പെടെ 45 ഇന്ത്യക്കാരിൽ ഭൂരിഭാഗവും കെ.ജി എബ്രഹാം പങ്കാളിയും മാനേജിംഗ് ഡയറക്ടറുമായ സ്ഥാപനത്തിലെ ജീവനക്കാരാണ്. 
എൻബിറ്റിസി എന്ന സ്ഥാപനം 1977 ലാണ് പ്രവർത്തനമാരംഭിച്ചത്.നിലവിൽ കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ എൻബിറ്റിസി വിജയകരമായി പ്രവർത്തിച്ച് വരുന്നു. എഞ്ചിനീയറിംഗ്, നിർമ്മാണം, ലോജിസ്റ്റിക്സ്, ഹോട്ടൽ, റീട്ടെയിലിംഗ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് എൻബിറ്റിസി നൽകി വരുന്നത്. 

പത്തനംതിട്ടയിൽ നിന്ന് കുവൈറ്റിലേക്ക്

മധ്യകേരളത്തിലെ പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശിയായ എബ്രഹാം,  മിഡിൽ ഈസ്റ്റിൽ വിജയം കണ്ട സംസ്ഥാനത്ത് നിന്നുള്ള ഒരു കൂട്ടം ബിസിനസുകാരിൽ ഒരാളാണ്. ഒരു കർഷക കുടുംബത്തിലെ ഏഴ് മക്കളിൽ മൂന്നാമനായ കാട്ടുനിലത്ത് ഗീവർഗീസ് എബ്രഹാം 1976- തന്റെ 22 ആം വയസ്സിലാണ് കുവൈറ്റിലേക്ക് പറന്നത്. 60 ദിനാർ മാസ ശമ്പളത്തിന് ഒരു കൺസ്ട്രക്ഷൻ കമ്പനിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ജോലി. ഏഴ് വർഷത്തിന് ശേഷം, 4,000 ദിനാർ മൂലധനത്തോടെ, എബ്രഹാം എൻബിറ്റിസി അഥവാ നാസർ മുഹമ്മദ് അൽ-ബദ്ദ & പാർട്ണർ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ പങ്കാളിയായി, കുവൈറ്റിൽ ചെറിയ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടായിരുന്നു എൻബിറ്റിസിയുടെ തുടക്കം. 

1990-ലെ കുവൈറ്റ് യുദ്ധം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. 1990 ഓഗസ്റ്റിൽ യുദ്ധം തുടങ്ങിയപ്പോൾ അബ്രഹാം കേരളത്തിലായിരുന്നു. പിന്നീട് 1991 മെയ് മാസത്തിൽ, യുദ്ധം അവസാനിച്ച് ഒരു മാസത്തിനുശേഷം, അദ്ദേഹം കുവൈറ്റിലേക്ക് മടങ്ങി. യുദ്ധാനന്തര നാളുകളിൽ കുവൈത്തിന്റെ പുനരുജ്ജീവനത്തിനായി നിക്ഷേപം നടത്തിയതാണ് എബ്രഹാമിന്റെ ബിസിനസ്സ് ജീവിതത്തിലെ വഴിത്തിരിവ്. 

Advertisment

പിന്നീട് കുവൈറ്റിനപ്പുറത്തേക്ക് വളർന്ന എൻബിറ്റിസി എണ്ണ, വാതകം തുടങ്ങിയ മേഖലകളിലേക്കും അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു. 90 തൊഴിലാളികളുമായി ആരംഭിച്ച കമ്പനി 15,000 ജീവനക്കാരുമായി മിഡിൽ ഈസ്റ്റിലെ ഒരു പ്രധാന തൊഴിൽ സ്ഥാപനമായി മാറി. തിരികെ കേരളത്തിലെത്തിയ എബ്രഹാം സിനിമാ നിർമ്മാണം, ഹോസ്പിറ്റാലിറ്റി മേഖലയിലെ  ഓഹരിയുടമ എന്നീ നിലകളിലേക്കും ചുവടുവെച്ചു. കൊച്ചിയിലെ ക്രൗൺ പ്ലാസയെന്ന പഞ്ചനക്ഷത്ര ഹോട്ടലും ഈ പ്രവാസി വ്യവസായിയുടേതാണ്. 

2007 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി യു കുരുവിള ഇടതു മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നതിലേക്ക് നയിച്ച ഇടുക്കി ഹൈറേഞ്ചിലെ 50 ഏക്കർ റവന്യൂ തരിശുഭൂമി വിവാദത്തിലൂടെ എബ്രഹം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരുന്നു. പ്രവാസികളിൽ നിന്ന് സമാഹരിച്ച 2018ലെ പ്രളയദുരിതാശ്വാസ സംഭാവന അർഹതപ്പെട്ടവരിലേക്ക് എത്തിയില്ലെന്ന് പറഞ്ഞതിലൂടെ എബ്രഹാം നിലവിലെ എൽഡിഎഫ് ഭരണത്തോടും കൊമ്പുകോർത്തിരുന്നു.

Read More

Fire Accident Kuwait

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: