/indian-express-malayalam/media/media_files/UIgg6KlcHIf5D3oSa3lH.jpg)
കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചു. ഇതിൽ 43 പേരും ഇന്ത്യക്കാരാണ്. 24 മലയാളികൾ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത വിവരമെന്ന് നോർക്ക സിഇഒ അറിയിച്ചു. ഏഴ് മലയാളികൾക്ക് ഗുരുതര പരുക്കെന്ന് അജിത്ത് കോളശേരി പറഞ്ഞു. 18 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 50 ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മുപ്പതോളം മലയാളികൾ ഉണ്ടെന്നാണ് വിവരം. മരിച്ചവരിൽ ആറുപേർ പത്തനംതിട്ട സ്വദേശികളാണ്. കൊല്ലം, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് സ്വദേശികളാണ്
കൊല്ലം സ്വദേശികളായ ഷമീര്‍ ഉമറുദ്ദീന്‍ (30), സാജന്‍ ജോര്‍ജ് (29), ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ ആകാശ് ശശിധരന്‍ നായര്‍ (31), സജു വര്‍ഗീസ് (56), പി.വി. മുരളീധരന്‍ (68), തോമസ് ഉമ്മന്‍ (37), മാത്യു ജോർജ് (54), സിബിൻ ടി. എബ്രഹാം (31), കോട്ടയം സ്വദേശികളായ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ നൂഹ് (40), എം.പി. ബാഹുലേയന്‍ (36), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, കാസര്‍കോട് സ്വദേശികളായ കെ. രഞ്ജിത്ത് (34), കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേന്ദ്രവിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് കുവൈത്തില്‍ എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള വ്യോമസേന വിമാനം സജ്ജമായിട്ടുണ്ട്. മൃതദേഹങ്ങൾ പലതും പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും.
അതിനിടെ, കുവൈത്തിലെ രക്ഷാദൗത്യം ഏകോപിപ്പിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് കുവൈത്തിലേക്ക് പോകും. അടിയന്തര മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ ധനസഹായമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പരുക്കേറ്റ ഇന്ത്യക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയതായി ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക.
ഇന്നലെയാണ് തെക്കൻ കുവൈത്തിൽ അഹ്‌മദി ഗവർണറേറ്റിലെ മംഗഫിൽ തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ അപകടമുണ്ടായത്. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം. അപകടത്തിനുപിന്നാലെ കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെയാണ് തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അപകട സമയത്ത് ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. താഴത്തെ നിലയിൽനിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. തീപിടിത്തത്തിനുപിന്നാലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്. കെട്ടിടത്തിന് പുറത്തു കടക്കാൻ കഴിയാതെ വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത്. കെട്ടിടത്തിന്‍റെ താഴെയുള്ള ഗ്രൗണ്ട് പാസേജ് അടച്ചിരിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇത് തിരിച്ചടിയായി. കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പലർക്കും പരുക്കേറ്റിട്ടുണ്ട്.
കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.
അടിയന്തിരസഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ തുടങ്ങി. കുവൈറ്റിൽ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും. ഇതിനുള്ള ഇടപെടൽ നടത്താൻ മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹെൽപ് ഡെസ്ക് നമ്പരുകൾ
- അനുപ് മങ്ങാട്ട് +965 90039594
- ബിജോയ് +965 66893942
- റിച്ചി കെ.ജോർജ് +965 60615153
- അനിൽ കുമാർ +965 66015200
- തോമസ് ശെൽവൻ +965 51714124
- രഞ്ജിത്ത് +965 55575492
- നവീൻ +965 99861103
- അൻസാരി +965 60311882
- ജിൻസ് തോമസ് +965 65589453
- സുഗതൻ - +96 555464554, കെ. സജി - + 96599122984
ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Read More
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
- കെട്ടിട നിർമ്മാണ തൊഴിലാളികൾ മുതൽ ഡ്രൈവർമാരെ, കുവൈത്തിൽ മോശം ജീവിത സാഹചര്യങ്ങളിൽ ഇന്ത്യൻ തൊഴിലാളികൾ
- എന്റെ ദൈവം വയനാട്ടുകാരെന്ന് രാഹുൽ ഗാന്ധി; കേരളത്തിൽ വൻ സ്വീകരണം
- സത്യപ്രതിജ്ഞാ വേദിയിൽ തമിഴിസൈ സൗന്ദർരാജന് ശകാരാം; അമിത് ഷായ്ക്കെതിരെ ഡിഎംകെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.