/indian-express-malayalam/media/media_files/2025/01/27/HjY6DxO2BeRu0mpQcaW4.jpg)
വഖഫ് ബില്ലിന് പാർലമെന്ററി സമിതിയുടെ അംഗീകാരം
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകി. കഴിഞ്ഞ ഓഗസ്റ്റിൽ പാർലമെന്റിൽ വെച്ച ബില്ലിന്മേൽ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നൽകിയിട്ടുള്ളത്. ബില്ലിന്മേൽ കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാർ 44 ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. അവയെല്ലാം ബിജെപി അംഗം ജഗദംബിക പാൽ നേതൃത്വം നൽകുന്ന സമിതി തള്ളി.
പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളിൽ വോട്ടെടുപ്പ് നടന്നതായി സമിതി ചെയർമാൻ ജഗദംബിക പാൽ പറഞ്ഞു. യോഗത്തിൽ വഖഫ് ബില്ലിനെ 16 എംപിമാർ പിന്തുണച്ചു. 10 പേർ എതിർത്തു. വോട്ടെടുപ്പിൽ പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്നും, ഇതേതുടർന്ന് നിർദേശങ്ങൾ തള്ളിയതായും ജഗദംബിക പാൽ വ്യക്തമാക്കി. ഭരണപക്ഷം നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വഖഫ് ഭേദഗതി ബില്ലിന്മേൽ നവംബർ 29 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജെപിസിയോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നൽകുകയായിരുന്നു. ഭേദഗതികൾ പഠിക്കാൻ രൂപീകരിച്ച പാർലമെന്ററി സമിതി നിരവധി യോഗം ചേർന്ന് വാദം കേട്ടിരുന്നു.
ചെയർമാൻ പക്ഷപാത പരമായി പെരുമാറുകയാണെന്ന് സമിതിയിലെ പ്രതിപക്ഷ എംപിമാർ കുറ്റപ്പെടുത്തിയിരുന്നു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ലാക്കാക്കി വേഗത്തിൽ വഖഫ് ഭേദഗതി ബിൽ പാസാക്കാൻ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാർ കഴിഞ്ഞയാഴ്ച ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തെഴുതിയിരുന്നു. ബില്ലിനെക്കുറിച്ച് പഠിക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും എംപിമാർ കുറ്റപ്പെടുത്തി.
സമിതി യോഗത്തിൽ ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് കഴിഞ്ഞദിവസം 10 പ്രതിപക്ഷ എംപിമാരെ ചെയർമാൻ ജഗദംബികാ പാൽ സസ്പെൻഡ് ചെയ്തിരുന്നു. വഖഫ് ബോർഡുകളുടെ ഭരണരീതിയിൽ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബിൽ നിർദ്ദേശിക്കുന്നത്. ഭേദഗതി ബിൽ പ്രകാരം അമുസ്ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയിൽ ഇടംനേടും. വഖഫ് കൗൺസിലിന് ഭൂമി അവകാശപ്പെടാൻ കഴിയില്ല എന്നതടക്കം നിരവധി നിർദേശങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുന്നത്.
Read More
- 200 പലസ്തതീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രായേൽ
- എംടിക്ക് ആദരവുമായി രാജ്യം; മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ
- പത്മാ പുരസ്കാരം; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു : രണ്ട് മലയാളികൾക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ
- റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥി
- തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതി അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.