scorecardresearch

വോട്ടുകൊള്ള ആരോപണം; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച്‌ ചെയ്യാൻ നീക്കവുമായി പ്രതിപക്ഷം

ആരോപണത്തിൽ സത്യവാങ്മൂലം സമർപ്പിക്കുകയോ മാപ്പു പറയുകയോ ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രതിപക്ഷ നീക്കം

ആരോപണത്തിൽ സത്യവാങ്മൂലം സമർപ്പിക്കുകയോ മാപ്പു പറയുകയോ ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രതിപക്ഷ നീക്കം

author-image
WebDesk
New Update
Chief Election Commissioner Gyanesh Kumar

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിനു പിന്നാലെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച്‌ ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം. വോട്ടുകൊള്ള ആരോപണത്തിൽ, ഏഴു ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കുകയോ മാപ്പു പറയുകയോ ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രതിപക്ഷ നീക്കം.

Advertisment

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കാനുള്ള തീരുമാനം ഉടൻ പ്രഖ്യാപിക്കാമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാ കടമകൾ ഉപേക്ഷിക്കാനാകില്ലെന്നും രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഖാർഗെ പറഞ്ഞു.

Also Read: സത്യവാങ്മൂലം സമർപ്പിക്കുക,അല്ലെങ്കിൽ ക്ഷമ ചോദിക്കുക: രാഹുലിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ

ഏഴുദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണക്കാക്കപ്പെടുമെന്നായിരുന്നു, ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞത്. അതേസമയം, ഒന്നര മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉയർത്തിയ പ്രധാന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ല എന്നതും ശ്രദ്ധേയമാണ്. 

Advertisment

ബെംഗളുരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ഒരു ഇടുങ്ങിയ വീട്ടിൽ നൂറോളം വോട്ടുകൾ എങ്ങനെ വന്നു, ജീവിച്ചിരിക്കുന്ന ആളുകളെ മരിച്ചതായി കാണിച്ച് എന്തിന് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ബാക്കിയാണ്. വോട്ടർ പട്ടിക തയ്യാറാക്കുന്നത് ബൂത്ത് തല ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും ചേർന്നാണെന്ന് കമ്മിഷൻ പറയുന്നു.

Also Read: മഴയിൽ മുങ്ങി മുംബൈ; നഗരത്തിലെങ്ങും വെള്ളക്കെട്ട്

പത്തര ലക്ഷത്തോളം പേരാണ് വോട്ടർ പട്ടിക തയ്യാറാക്കാനായി പ്രവർത്തിക്കുന്നത്. അവരിൽ ചിലർക്ക് പിഴവുകൾ സംഭവിക്കാമെന്ന് കമ്മിഷൻ വ്യക്തമാക്കി. പരാതിയുണ്ടെങ്കിൽ ജില്ലാ വരണാധികാരികൾ അത് പരിഹരിക്കും. അതല്ലെങ്കിൽ പരാതി സംസ്ഥാന ഇലക്ട്രൽ ഓഫീസർക്ക് മുന്നിൽ ഉന്നയിച്ച് പരിഹരിക്കാം. അല്ലാതെ തെരുവിൽ ആരോപണം ഉന്നയിക്കുകയല്ല വേണ്ടതെന്ന് രാഹുലിന് കമ്മിഷൻ മറുപടി നൽകി. 

രാഹുൽ ഗാന്ധിയുടെ ആരോപണം പിഴവാണെന്നും വോട്ടറുടെ സ്വകാര്യത ലംഘിച്ച് അവരുടെ ചിത്രം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും പറയുന്ന കമ്മിഷൻ അതിനെതിരെ നിയമനടപടിക്ക് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് അതേ നാണയത്തിൽ മറുപടി നൽകാനാണ് വാർത്താ സമ്മേളനത്തിലുടനീളം കമ്മിഷൻ ശ്രമിച്ചത്. 

Also Read:വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുൽ ഗാന്ധി

അതിനിടെ, ഇംപീച്ച്‌മെന്റ് നീക്കത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി സംബിത് പത്ര രംഗത്തെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പെരുമാറ്റം, പാർലമെന്റിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് ഇന്ത്യ മുഴുവൻ കണ്ടതായും, രാഹുൽ ഗാന്ധിയുടെ പര്യടനത്തിനു പിന്നിലെ ഉദ്ദേശം എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഇംപീച്ച്‌മെന്റ് നടപടിക്രമം എങ്ങനെ?

സുപ്രിം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനു സമാനമായാണ് ഇന്ത്യയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും പദവിയിൽ നിന്ന് നീക്കം ചെയ്യുന്നത്. ഇതിനായി, തെളിയിക്കപ്പെട്ട മോശം പെരുമാറ്റത്തിന്റെയോ പ്രവർത്തനത്തിന്റെയോ അടിസ്ഥാനത്തിൽ ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാർലമെന്റ് പാസാക്കിയ പ്രമേയം ആവശ്യമാണ്. മറ്റു തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ശുപാർശ പ്രകാരം രാഷ്ട്രപതിക്ക് നീക്കം ചെയ്യാം. ഇന്ത്യയിൽ ഇതുവരെ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും ഇംപീച്ച് ചെയ്തിട്ടില്ലാ എന്നതും ശ്രദ്ധേയമാണ്.

Read More: ബ്രേവ്ഹാർട്ട് കേഡറ്റുകളുടെ ദുരവസ്ഥ; കേന്ദ്ര സർക്കിനോട് വിശദീകരണം തേടി സുപ്രീം കോടതി

Election Commision Of India Congress Impeachment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: