/indian-express-malayalam/media/media_files/2025/08/27/us-treasury-secretary-scott-bessent-2025-08-27-21-25-21.jpg)
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് (ചിത്രം: എക്സ്)
വാഷിങ്ടണ്‍: ഇന്ത്യയ്ക്കുമേല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ, ഇന്ത്യ-യുഎസ് ബന്ധം സങ്കീർണ്ണമായ ഒന്നാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണെങ്കിലും അവസാനം ഒന്നിക്കുമെന്ന് വിശ്വസിക്കുന്നതായി സ്കോട്ട് ബെസെന്റ് ഫോക്സ് ബിസിനസിനോട് പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധത്തിൽ ഉണ്ടായ അസ്വസ്ഥതയ്ക്ക് കാരണം ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതു മാത്രമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഇതൊരു സങ്കീർണ്ണമായ ബന്ധമാണ്. പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. അടുത്തിടെയുണ്ടായ അസ്വസ്ഥതയ്ക്ക് കാരണം ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങന്നതു മാത്രമല്ല. ലിബറേഷൻ ദിനത്തിനു ശേഷമാണ് ഇന്ത്യ തീരുവ ചർച്ചകൾ ആരംഭിച്ചത്. എന്നാൽ ഇന്നുവരെ കരാറിലെത്താനായിട്ടില്ല," അദ്ദേഹം പറഞ്ഞു.
Also Read: ഇന്ത്യന്‍ ചരക്കുകള്‍ക്ക് ട്രംപിന്റെ 50 ശതമാനം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ഇന്ത്യ- അമേരിക്ക ബന്ധത്തിൽ നിരവധി തലങ്ങളിൽ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും സ്കോട്ട് ബെസെന്റ് പറഞ്ഞു. "ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും. അവസാനം ഇരുരാജ്യങ്ങളും തമ്മിൽ ഒന്നിക്കുമെന്നാണ് ഞാൻ കരുതുന്നത്," അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും അടക്കം ഇന്ന് മുതല്‍ 50 ശതമാനമാണ് തീരുവ. തിങ്കളാഴ്ച അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയം തീരുവ പ്രാബല്യത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട കരടുവിജ്ഞാപനമിറക്കിയിരുന്നു.
Also Read: ട്രംപിന്റെ താരിഫ് വർധനവ്; ദുരിതക്കയത്തിൽ മത്സ്യ മേഖല
ഇതുപ്രകാരം ബുധനാഴ്ച ഇന്ത്യന്‍ സമയം പകല്‍ ഒമ്പത് മണി മുതൽ അമേരിക്കയിലെ വിപണിയിലെത്തുന്ന ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമാകും. തുണിത്തരങ്ങള്‍, തുന്നിയ വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, തുകലുല്‍പ്പന്നങ്ങള്‍, ചെരുപ്പ്, രാസവസ്തുക്കള്‍, വൈദ്യുത-മെക്കാനിക്കല്‍ യന്ത്രങ്ങള്‍, മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവ വര്‍ധന കൂടുതല്‍ ബാധിക്കുക. മരുന്ന്, ഊര്‍ജോത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെ ചുങ്കം ബാധിച്ചേക്കില്ല.
Also Read:ട്രംപിന്റെ താരിഫ് യുദ്ധത്തിൽ നിറം മങ്ങി ആഗ്രയിലെ തുകൽ വ്യവസായം
ട്രംപിന്റെ അധിക തീരുവ കാരണം ചരക്ക് കയറ്റുമതിയുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 മുതല്‍ 45 ശതമാനം വരെ കുറയുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി തീരുവ ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു.
Read More:ട്രംപിന്റെ താരിഫ് പ്രഖ്യാപനം; തിളക്കം മങ്ങി സൂറത്തിലെ ഡയമണ്ട് കയറ്റുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.