scorecardresearch

ട്രംപിന്റെ താരിഫ് വർധനവ്; ദുരിതക്കയത്തിൽ മത്സ്യ മേഖല

അൻപതിനായിരത്തോളം പേർ നേരിട്ടും ഒരുലക്ഷത്തോളം പേർ പരോക്ഷമായും ജോലി നോക്കുന്നതാണ് കേരളത്തിലെ മത്സ്യസംസ്കരണ മേഖല. ട്രംപിൻറെ നടപടി ഈ മേഖലയെ ഇല്ലാതാക്കുന്നതാണ്

അൻപതിനായിരത്തോളം പേർ നേരിട്ടും ഒരുലക്ഷത്തോളം പേർ പരോക്ഷമായും ജോലി നോക്കുന്നതാണ് കേരളത്തിലെ മത്സ്യസംസ്കരണ മേഖല. ട്രംപിൻറെ നടപടി ഈ മേഖലയെ ഇല്ലാതാക്കുന്നതാണ്

author-image
Lijo T George
New Update
SEA FOOD

രാജ്യത്തെ മത്സ്യസംസ്‌കരണത്തിന്റെ ഹബ്ബ് എന്നാണ് കൊച്ചി അറിയപ്പെടുന്നത്

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനം സംസ്ഥാനത്തെ മത്സ്യമേഖലയെ വീണ്ടും തകർച്ചയിലേക്ക് തള്ളിയിടുകയാണ്. ഓഖി ദുരന്തത്തെ തുടർന്നുള്ള പ്രതിസന്ധികളും കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽ ചെമ്മീൻ ഉൾപ്പടെയുള്ളവയുടെ കയറ്റുമതിയിലെ നിയന്ത്രണങ്ങളിൽ നിന്നുമെല്ലാം പതിയെ ഈ മേഖല തിരിച്ചുവരവ് നടത്തുന്നതിനിടയിലാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്. ഇതോടെ നിരവധി പേർ തൊഴിലെടുക്കുന്ന കേരളത്തിലെ മത്സ്യസംസ്‌കരണ മേഖല പൂർണമായും സംത്ഭിച്ച രീതിയാണ്.

അരലക്ഷം പേരെ നേരിട്ട് ബാധിക്കും

Advertisment

രാജ്യത്ത് തന്നെ ഏറ്റവുമധികം മത്സ്യസംസ്‌കരണ ശാലകൾ പ്രവർത്തിക്കുന്നത് കേരളത്തിലാണ്. രാജ്യത്തെ മത്സ്യസംസ്‌കരണത്തിന്റെ ഹബ്ബ് എന്നാണ്കൊച്ചി അറിയപ്പെടുന്നത് പോലും. ആന്ധ്രാ പ്രദേശ് ഉൾപ്പടെയുള്ള ഇന്ത്യയിൽ ഏറ്റവുമധികം ചെമ്മീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള മത്സ്യങ്ങൾ പോലും സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നത് കേരളത്തിലെ സംസ്‌കരണ ശാലകളിൽ നിന്നാണ്. \

fisheries122

കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് ഏറ്റവുമധികം മത്സ്യസംസ്‌കരണ ശാലകൾ പ്രവർത്തിക്കുന്നത്. എറണാകുളം ജില്ലയിലെ തോപ്പുംപടി മുതൽ ആലപ്പുഴ ജില്ലയിലെ ചന്തിരൂർ വരെയുള്ള ഭാഗത്തായി മാത്രം 35 മത്സ്യസംസ്‌കരണ ശാലകളാണ് പ്രവർത്തിക്കുന്നത്. ഏകദേശം 50000-ത്തോളം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. പ്രതിവർഷം 520 ടൺ മത്സ്യ വിഭവങ്ങളാണ് ഇവിടെ നിന്ന് സംസ്‌കരണം ചെയ്യുന്നത്. 

Advertisment

മത്സ്യവിഭവങ്ങൾ പ്രധാനമായും കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. പ്രതിവർഷം അമേരിക്കയിലേക്ക് 2.5 മില്യൺ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ, ചൈന, ഗൾഫ് രാജ്യങ്ങൾ അടക്കം കയറ്റുമതിയുണ്ടെങ്കിലും കാലങ്ങളായി അമേരിക്കയാണ് പ്രധാന കമ്പോളമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. 

Also Read:തൊഴിൽ നഷ്ടമാകുന്നത് രണ്ട് ലക്ഷം പേർക്ക്; ട്രംപിന്റെ താരിഫിൽ തകർന്നടിഞ്ഞ് തമിഴ്‌നാട്ടിലെ വസ്ത്രമേഖല

കേരളത്തിൽ മാത്രം മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന 50,000 പേരെ ട്രംപിന്റെ നടപടി ബാധിക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.

അൻപതിനായിരത്തോളം പേർ നേരിട്ടും ഒരുലക്ഷത്തോളം പേർ പരോക്ഷമായും ജോലി നോക്കുന്നതാണ് കേരളത്തിലെ മത്സ്യസംസ്കരണ മേഖലയെന്ന്  സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡൻറ് അലക്സ് കെ. നൈനാൻ പറഞ്ഞു. "നിലവിൽ ഓർഡറുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. വൻ തുകയാണ് ഇതുമൂലം കിട്ടാനുള്ളത്. ഇത് ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിക്കും. തൊഴിലാളികൾക്ക് ശബളം ഉൾപ്പടെ നൽകുന്ന കാര്യത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്"- അലക്സ് കെ. നൈനാൻ പറഞ്ഞു. 

58 ശതമാനം നികുതി

നിലവിൽ മത്സ്യമേഖലയിൽ 2.49 ശതമാനം ആന്റി ഡംബ്ബിങ് ഡ്യൂട്ടിയും 5.7 ശതമാനം കൗണ്ടർവെയിലിങ് ഡ്യൂട്ടിയും നിലവിലുണ്ട്. ഇതിനൊപ്പം ട്രംപിന്റെ 50 ശതമാനം താരിഫ് കൂടി പ്രാബല്യത്തിൽ വരുന്നതോടെ മത്സ്യമേഖലയിലെ നികുതി 58.26 ശതമാനമായി വർധിക്കും. ട്രംപിന്റെ  ചുങ്കവർധന രാജ്യത്ത് തന്നെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് മത്സ്യം ഉൽപ്പാദിപ്പിക്കുകയും, സംസ്‌കരിക്കുകയും, കയറ്റുമതി ചെയ്യുകയും ചെയ്യുന്ന മേഖലയെയാണ്.

fisheries4

കടലാമ സംരക്ഷണത്തിന്റെ പേരിൽ  നടപ്പാക്കപ്പെട്ട കടൽ ചെമ്മീനുകളുടെ നിരോധനത്തിന്റെ പേരിൽ കഴിഞ്ഞ അഞ്ച് വർഷത്തിനകം ഇന്ത്യയ്ക്ക് 500 ദശലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പുതിയ നിരക്ക് വർധന മൂലം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ചുരുങ്ങിയത് 30 ശതമാനം എങ്കിലും ഇടിവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 

ഇതിനു പുറമേ നാലുവർഷം മുമ്പ് 3000 രൂപയായിരുന്ന കണ്ടെയ്‌നർ -റീഫറുകളുടെ കപ്പൽ ചാർജ് 6500 രൂപയും സെപ്റ്റംബർ മുതൽ 12500 രൂപയുമായി നിജപ്പെടുത്തിയിട്ടുമുണ്ട്. ഒരു കിലോഗ്രാം ചെമ്മീൻ കയറ്റുമതി ചെയ്യുന്നതിന് 16 രൂപയായിരുന്ന കയറ്റുമതി കൂലി 60 രൂപയായി വർധിച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ ആന്ധ്രയിൽ നിന്ന് വാങ്ങുന്ന ചെമ്മീനിന് 100 കൗണ്ടിന് 270 രൂപയായിരുന്നത് ഇപ്പോൾ കേവലം 215 രൂപയായി ഇടിഞ്ഞിരിക്കുകയാണ്. കയറ്റുമതി മേഖലയെയാണ് ഇതെല്ലാം പ്രതികൂലമായി ബാധിക്കുന്നത്. 

ഏറ്റവും കൂടുതൽ നികുതി ഇന്ത്യയ്ക്ക്

അമേരിക്കയിലെ ചെമ്മീൻ ഉപഭോഗത്തിൽ 94 ശതമാനവും ഇറക്കുമതി ചെമ്മീനാണ്. ഇതിൽ ഇന്ത്യയുടെ വിഹിതം 46.3 ശതമാനമാണ്. അതായത് അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചെമ്മീന്റെ പകുതിയും ഇന്ത്യയിൽ നിന്നാണ്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവുമധികം ചെമ്മീൻ അമേരിക്ക വാങ്ങുന്നത് ഗ്വാട്ടിമാലയിൽ നിന്നാണ്. 26 ശതമാനമാണ് ഇവിടെ നിന്ന് വാങ്ങുന്നത്. ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം, മ്യാൻമാർ തുടങ്ങി രാജ്യങ്ങളിൽ നിന്നും യുഎസ് ചെമ്മീൻ ഇറക്കുമതി ചെയ്യുന്നുണ്ട്.

Also Read:ട്രംപിന്റെ താരിഫ് യുദ്ധത്തിൽ നിറം മങ്ങി ആഗ്രയിലെ തുകൽ വ്യവസായം

ഇന്ത്യയക്ക് 58.26 ശതമാനം തീരുവ വരുമ്പോൾ ഗ്വാട്ടിമാലയ്ക്ക് ഉള്ളത് കേവലം 26 ശതമാനം മാത്രമാണ്. നിലവിലുള്ളതിനൊപ്പം 15 ശതമാനം തീരൂവ മാത്രമാണ് ട്രംപ് ഗ്വാട്ടിമാലയ്ക്ക് പ്രഖ്യാപിച്ചത്. ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഇന്ത്യയുടേതിന് സമാനമായ നികുതി ഏർപ്പെടുത്തിയിട്ടില്ല. നിലവിലെസാഹചര്യത്തിൽ അമേരിക്കയിലെ കച്ചവടക്കാർ ഇന്ത്യൻ മത്സ്യ ഉത്പ്പന്നങ്ങൾ വാങ്ങുന്നത് ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങൾ തേടി പോകുന്ന സാഹചര്യമാണ് . . 

നേരത്തെ, അമേരിക്കയിലെ സതേൺ ഷ്റിംപ് അലയൻസ് എന്ന സംഘടനയും, എട്ട് ദക്ഷിണ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അവിടത്തെ ഉത്പാദകരുടെ അഡ് ഹോക്ക് ഷ്‌റിംപ് ട്രേഡ് ആക്ഷൻ കമ്മിറ്റിയും നിരന്തരമായി ഇന്ത്യയുടെ നികുതി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആഭ്യന്തര ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുക എന്ന നിലയിലാണ് ഈ ആവശ്യം അവർ മുന്നോട്ടുവച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് ആന്റി ഡംബ്ലിങ് ഡ്യൂട്ടിയും കൗണ്ടർവെയ്‌ലിങ് ഡ്യൂട്ടിയും വർധിപ്പിച്ചത്. ഇതിനൊപ്പം പുതിയ താരിഫ് കൂടി വന്നതോടെ അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ നിന്നുള്ള മത്സ്യ ഉത്പ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇല്ലാതാകുന്ന സ്ഥിതിയാണ്. 

പച്ചപ്പിടിക്കുന്ന നേരത്തെ ഇരുട്ടടി

അമേരിക്കയിലേക്കുള്ള മത്സ്യ സംസ്‌കരണ വസ്തുക്കളുടെ കയറ്റുമതിയിൽ ഇന്ത്യ മികച്ച നേട്ടം കൈവരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത തിരിച്ചടി. 2019-ൽ 9000 കോടി രൂപയുടെ ചെമ്മീൻ ഉത്പ്പന്നങ്ങളാണ് കയറ്റുമതി ചെയ്തിരുന്നതെങ്കിൽ അഞ്ച് വർഷം കൊണ്ടത് 67000 കോടിയായി വർധിച്ചിരുന്നു.

Also Read: ട്രംപിന്റെ താരിഫ് പ്രഖ്യാപനം; തിളക്കം മങ്ങി സൂറത്തിലെ ഡയമണ്ട് കയറ്റുമതി

2025-26 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടിയായി കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇരുട്ടടിയായി അമേരിക്കയുടെ താരിഫ് പ്രഖ്യാപനം. ജൂൺ-ജൂലൈ മാസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യമേഖലയിൽ ഏറ്റവുമധികം ഉത്പാദനം ഉണ്ടാകുന്നത് ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയത്താണ്. മത്സ്യമേഖലയിൽ ഉത്പാദനം ഏറ്റവുമധികം ഉണ്ടാകേണ്ട സാഹചര്യത്തിലുള്ള താരിഫ് പ്രഖ്യാപനം ഈ മേഖലയെ തളർത്തുകയാണ്. 

ഫ്രീസായി ഓർഡറുകൾ

ട്രംപ് താരിഫ് പ്രഖ്യാപിച്ചതോടെ യുഎസിലേക്ക് നിലവിലുണ്ടായിരുന്ന ഓർഡറുകൾ പോലും നിർത്തിവെച്ചിരിക്കുകയാണെന്ന് സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡൻറ് അലക്സ് കെ. നൈനാൻ പറഞ്ഞു. "പല അമേരിക്കൻ കമ്പനികളുമായും ഒരു വർഷത്തെ കരാറാണ് ഉണ്ടായിരുന്നത്. എന്നാൽ ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ കരാർ ഉണ്ടായിട്ടും കമ്പനികൾ ഓർഡറുകൾ എടുക്കാത്ത സ്ഥിതിയാണ്," അലക്സ് കെ.നൈനാൻ പറഞ്ഞു. 

അമേരിക്കയുടെ താരിഫ് പ്രഖ്യാപനം മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും ബാധിച്ചെന്ന് അലക്സ് പറയുന്നു. "അമേരിക്ക കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം മത്സ്യവിഭങ്ങൾ കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. എന്നാൽ ചൈന, യു.കെ ഉൾപ്പടെയുള്ള രാജ്യങ്ങളും ഓർഡറുകൾ ഹോൾഡ് ചെയ്യുന്ന സ്ഥിതിയാണ്. കൂടുതൽ നികുതി നൽകി അമേരിക്കൻ   കമ്പനികൾ ഇന്ത്യൻ ഉത്പ്പന്നങ്ങൾ വാങ്ങാതിരിക്കുന്ന സാഹചര്യം മുതലെടുത്ത് കുറഞ്ഞ വിലയിൽ സാധനങ്ങൾ ഇറക്കുമതി ചെയ്യാനാണ് ഈ രാജ്യങ്ങളുടെ ശ്രമം," അലക്സ് വ്യക്തമാക്കി. 

ബദൽ മാർഗങ്ങൾ തേടി മത്സ്യ മേഖല

അമേരിക്കയുടെ താരിഫ് നടപടികളുടെ പശ്ചാത്തലത്തിൽ ബദൽ മാർഗങ്ങൾ തേടണമെന്നാണ് ഈ മേഖലയിലുള്ളവർ ഒന്നടങ്കം പറയുന്നത്. പരമ്പരാഗത വ്യപാരമാർഗങ്ങൾക്കൊപ്പം പുതിയ രീതികളും മേഖലയിൽ സ്വീകരിക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

" ഇന്ത്യയിലെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്പര്യങ്ങൾ പരിരക്ഷിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നടപടികളെ  സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് രാജ്യങ്ങൾ വഴിയുള്ള വ്യാപാരസാധ്യതകൾ ഈ അവസരത്തിൽ ഇന്ത്യ പരിശോധിക്കണം"- കേരള മത്സ്യ തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറെ ചാൾസ് ജോർജ് പറഞ്ഞു. 

നിലവിലെ സാഹചര്യത്തിൽ മത്സ്യസംസ്‌കരണ മേഖലയിലടക്കം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇത് കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ചാൾസ് ജോർജ് പറഞ്ഞു. 

അമേരിക്കയുടെ നികുതി വർധവിനെ മറികടക്കാൻ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതകൾ പരിശോധിക്കണമെന്ന കേരള മത്സ്യ തൊഴിലാളി ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ.ഐ ജെയിൻ പറഞ്ഞു. "യുഎസിന് പകരം യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിക്കണം. ഇതിനാവശ്യമായ തീവ്രയത്‌ന പരിപാടികൾ നടപ്പിലാക്കണം. ഇതിനൊപ്പം ആഭ്യന്തര വിപണി വികസിപ്പിക്കണം," ജെയിൻ പറഞ്ഞു. 

fishermen11

നിലവിലെ സാഹചര്യത്തിൽ മത്സ്യസംസ്‌കരണ മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് മൊറൊട്ടോറിയത്തോട് കൂടിയബാങ്ക് വായ്പ അനുവദിക്കണമെന്നാണ് സീ ഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആവശ്യം. ഇതിനൊപ്പം നിലവിലെ സാഹചര്യത്തെ മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് നികുതിയിളവുകളും പ്രതീക്ഷിക്കുന്നു.

പ്രാദേശിക കമ്പോളത്തെ ശാക്തീകരിക്കുന്നതിലൂടെ നിലവിലെ പ്രതിസന്ധി കുറച്ചെങ്കിലും മറികടക്കാമെന്ന് ചേംബർ ഓഫ് കേരള സീ ഫുഡ് ഇൻഡസ്ട്രിയുടെ അഭിപ്രായം. "നിലവിൽ സംസ്‌കരിച്ച മത്സ്യ ഉത്പ്പന്നങ്ങൾക്ക് രാജ്യത്ത് നാലുശതമാനം മാത്രമാണ് ഉപഭോക്താക്കൾ ഉള്ളത്. ഇത് പത്ത് ശതമാനമെങ്കിലും ആകണം. ഇതിനൊപ്പം ഈ മേഖലയിൽ സബസ്ഡി ഉൾപ്പടെയുള്ളവ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം".ചേംബർ ഓഫ് കേരള സീ ഫുഡ് ഇൻഡസ്ട്രി പ്രസിഡന്റ്  -ജെ.ആർ അജി പറഞ്ഞു. 

സംസ്ഥാന സർക്കാർ ഏറെ ആശങ്കയോടെയാണ് നിലവിലെ സാഹചര്യത്തെ നോക്കിക്കാണുന്നതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

"മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള സാധാരണക്കാരെ ബാധിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. നിരവധി ആശങ്കകളാണ് ഇതുമായി ബന്ധപ്പെട്ട് ഈ മേഖലയിലുള്ളവർ പ്രകടിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും. കൂടുതൽ വിപണികൾ കണ്ടെത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും"- സജി ചെറിയാൻ പറഞ്ഞു. 

Read More:രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി; കോൺഗ്രസ് നേതാക്കൾ രണ്ട് തട്ടിൽ

Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: