/indian-express-malayalam/media/media_files/2025/08/17/india-us-trump-2025-08-17-09-38-50.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ പ്രഖ്യാപനങ്ങൾക്കു പിന്നാലെ, ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ അനിശ്ചിതത്വം. ഓഗസ്റ്റിൽ നിശ്ചയിച്ചിരുന്ന യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം തൽക്കാലികമായി നിർത്തിവച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 25 മുതൽ 29 വരെ യുഎസ് സംഘം ഇന്ത്യയിൽ ചർച്ച നടത്തുമെന്നായിരുന്നു വിവരം.
അമേരിക്കയുടെ ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ യുഎസ് സംഘത്തിന്റെ വരവ് അനിശ്ചിതത്വത്തിലാണെന്ന് ഓഗസ്റ്റ് 8 ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനു പിന്നാലെ, ഫെബ്രുവരിയിലായിരുന്നു ഇന്ത്യ-യുഎസ് വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്. ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച ആറാം റൗണ്ട് ചർച്ചകളായിരുന്നു നടക്കേണ്ടിയിരുന്നത്.
Also Read: ട്രംപ്-പുടിൻ നിർണായക കൂടിക്കാഴ്ച അവസാനിച്ചു, സമാധാന കരാറിന് ധാരണയായില്ല
എല്ലാ വ്യാപാര കരാറുകളിലും കർഷകരെ സംരക്ഷിക്കണമെന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിനെത്തുടർന്നാണ് കരാർ തടസ്സപ്പെട്ടത്. ട്രംപിന്റെ കീഴിൽ അമേരിക്ക തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനത്തിന് മുൻഗണന നൽകുന്നു. ഇന്ത്യയുടെ കാർഷിക, ക്ഷീര വിപണികളിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട് യുഎസുമായുള്ള തർക്കത്തിനിടയിൽ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീര കർഷകരുടെയും ക്ഷേമത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ വഴങ്ങില്ലെന്ന് വെള്ളിയാഴ്ച സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറഞ്ഞിരുന്നു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ, "വ്യക്തിപരമായി വലിയ വില നൽകേണ്ടി വന്നാലും താൻ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടന്ന നിര്‍ണായക കൂടിക്കാഴ്ചയിൽ സമാധാന കരാറിന് ധാരണയായില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ സമ്മർദ്ദം ഒഴിവാക്കുന്നതിലെ അനിശ്ചിതത്വം നീണ്ടുപോയേക്കാം.
Also Read: ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി
എന്നാൽ, അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയിൽ അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. അതേസമയം, ട്രംപ്-പുടിൻ കൂടിക്കാഴ്ച വിജയിച്ചില്ലെങ്കിൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ വർദ്ധിച്ചേക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
Read More: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി പാർലമെന്ററി ബോർഡ് യോഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.