scorecardresearch

ബലാത്സംഗത്തിന് പിന്നാലെ നിരോധനം; അതിനിടയിലും ഊബറിൽ ടൈംസ് ഗ്രൂപ്പിന്റെ നിക്ഷേപം

ഇന്ത്യയിൽ മാത്രമല്ല ഒരു മീഡിയ കമ്പനിയുമായി കരാറിലെത്താനുള്ള ശ്രമങ്ങൾ ഊബർ നടത്തിയത്

ഇന്ത്യയിൽ മാത്രമല്ല ഒരു മീഡിയ കമ്പനിയുമായി കരാറിലെത്താനുള്ള ശ്രമങ്ങൾ ഊബർ നടത്തിയത്

author-image
Shyamlal Yadav
New Update
uber

ന്യൂഡൽഹി: ഡൽഹിയിൽ ഊബർ ക്യാമ്പിൽ യാത്രക്കാരിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത സംഭവത്തിനു പിന്നാലെ ഊബർ കമ്പനിയിൽ ടൈംസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയതായി കണ്ടെത്തൽ. ഡൽഹിയിലെ ഊബർ നിരോധനത്തിനു മൂന്നാഴ്ചയ്ക്കു ശേഷമായിരുന്നു ഇത്.

Advertisment

2014 ഡിസംബർ 31ന്, ദി ഇക്കണോമിക് ടൈംസ് എഡിറ്റർ ഊബർ സഹസ്ഥാപകനായ ട്രാവിസ് കലാനിക്കിന് ഒരു ഇമെയിൽ സന്ദേശമയച്ചിരുന്നു. “ഡൽഹി സർക്കാർ നിയമങ്ങൾ പരിഷ്കരിച്ചുകൊണ്ട് ഊബറിനെ പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കുകയാണ്. ഒരുപക്ഷേ നിങ്ങളുടെ യാത്രാ പദ്ധതികൾ പുനരുജ്ജീവിപ്പിക്കാനുള്ള നല്ല സമയമായിരിക്കും ഈ ജനുവരി. ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് ഉച്ചകോടിക്കായി ജനുവരി 16, 17 തീയതികളിൽ നിങ്ങൾ ന്യൂഡൽഹിയിലേക്ക് വരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ഉൾക്കാഴ്ചകൾ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നയരൂപീകരണത്തിനുള്ള അജൻഡ നിശ്ചയിക്കാൻ സഹായിക്കും. ഇന്ത്യയിലെ പ്രധാനികളുമായി പരിചയപ്പെടാനും ഇത് നിങ്ങളെ സഹായിക്കും," എന്ന് അതിൽ പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ദി ഇക്കണോമിക് ടൈംസിൽനിന്നുള്ള ഈ ഇമെയിൽ വന്ന അതേ ദിവസം, കലാനിക് തന്റെ സഹപ്രവർത്തകർക്ക് മറ്റൊരു കത്ത് എഴുതി: “ടൈംസ് ഓഫ് ഇന്ത്യയുമായി ശക്തമായ ബന്ധം നിലനിർത്താൻ നമുക്ക് കഴിയണം. അവർക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ നമ്മൾ അത് ചെയ്യണം."

എന്നാൽ 2015 ജനുവരി ഒന്നിന്, ഊബറിന്റെ അന്നത്തെ ഏഷ്യാ മേധാവിയായിരുന്ന അലൻ പെൻ, കലാനികിന്റെ യാത്ര വൈകിപ്പിക്കാൻ നിർദേശിച്ചുകൊണ്ട് കത്തെഴുതി, ബലാത്സംഗത്തിന്റെ ചൂട് മാറട്ടെ അതാവും സർക്കാരും വ്യവസായികളും തമ്മിലുള്ള ചർച്ചകൾക്കു കൂടുതൽ വിജയസാധ്യത നൽകുക എന്നായിരുന്നു നിർദേശം.

Advertisment

എന്നാൽ ഈ ഇമെയിൽ അയച്ച് മൂന്ന് മാസത്തിനുള്ളിൽ, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഡിജിറ്റൽ വിഭാഗമായ ടൈംസ് ഇന്റർനെറ്റ് ഊബറിൽ നിക്ഷേപം നടത്തുന്നുവെന്ന് പ്രഖ്യാപിച്ചതായി ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ഊബർ ഫയൽസ് അന്വേഷണത്തിൽ കണ്ടെത്തി.

2015 മാർച്ച് 23ന് പ്രസിദ്ധീകരിച്ച ദി ഇക്കണോമിക് ടൈംസിലെ റിപ്പോർട്ടിൽ ഇടപാട് ഏകദേശം 150 കോടി രൂപ വരുന്നതാണെന്നും പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ പ്രിന്റ്, ടെലിവിഷൻ, എന്നിവയ്‌ക്കൊപ്പം പ്രതിമാസം 150 ദശലക്ഷം സജീവ ഉപയോക്താക്കളുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉൾപ്പടെ പ്രയോജനപ്പെടുത്താൻ ഊബറിന് കഴിയുന്നതായിരുന്നു ഇടപാട്.

ഇതേ ദിവസം തന്നെ, ഊബറിന്റെ ഇന്ത്യയിലെ വിപുലീകരണത്തിന്റെ ഭാഗമായി ടൈംസ് ഇന്റർനെറ്റുമായി പുതിയ പങ്കാളിത്തത്തിൽ പ്രവേശിച്ചതായി ഊബറും പ്രഖ്യാപിച്ചു.

2015 ജൂലൈ എട്ടിന്, തലസ്ഥാനത്ത് സർവിസ് നടത്തുന്നതിനുള്ള ഊബറിന്റെ അപേക്ഷ നിരസിച്ച ഡൽഹി സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി തള്ളിയതോടെയാണ് നിരോധനം നീങ്ങിയത്.

2014 ഡിസംബറിലെ ഇ-മെയിലുകളും 2015 മാർച്ചിലെ റിപ്പോർട്ടും ഊബർ ഫയൽസിന്റെ ഭാഗമായിട്ടുള്ളതാണ്.

ഇന്ത്യയിൽ മാത്രമല്ല ഒരു മീഡിയ കമ്പനിയുമായി കരാറിലെത്താനുള്ള ശ്രമങ്ങൾ ഊബർ നടത്തിയത്. തങ്ങൾക്ക് അനുകൂലമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും ഉയർന്ന തലത്തിലുള്ള ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും വേണ്ടി നിക്ഷേപങ്ങൾ നടത്താൻ വിവിധ മാധ്യമ ഉടമകളെ ഊബർ ക്ഷണിച്ചതായിഈ അന്വേഷണത്തിൽ പങ്കാളികളായ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ബ്രിട്ടനിലെ ഡെയ്‌ലി മെയിലിന്റെ ഉടമയായ ലോർഡ് റോഥെർമെയർ, യൂറോപ്പിലെ ഏറ്റവും വലിയ വാണിജ്യ റേഡിയോ ഗ്രൂപ്പിന്റെ സ്ഥാപകനായ ആഷ്‌ലി ടാബർ-കിങ്, ഇറ്റാലിയൻ ന്യൂസ്‌വീക്ക്‌ലി എൽ'എസ്പ്രെസോയുടെ പ്രസാധകൻ കാർലോ ഡി ബെനഡെറ്റി എന്നിവരും ഊബറിന്റെ ഓഹരികൾ വാങ്ങിയ മറ്റ് മാധ്യമ നിക്ഷേപകരിൽ ഉൾപ്പെടുന്നു.

അതേസമയം, ഊബറുമായുള്ള ഇടപാട്, ടൈംസ് ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നതു ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ശിവകുമാർ തള്ളി. ടൈംസ് ഇൻറർനെറ്റ്-ഊബർ ഇടപാടിനെക്കുറിച്ചുള്ള ഇന്ത്യൻ എക്‌സ്‌പ്രസിന്റെയും ഗാർഡിയന്റെയും ചോദ്യങ്ങൾക്കു നൽകിയ മറുപടി മെയിലിലാണ് പ്രതികരണം.

"ഒരു രാഷ്ട്രീയ പാർട്ടിയുമായോ/അജൻഡയുമായോ ബന്ധമില്ലാത്ത രണ്ട് നൂറ്റാണ്ടുകളായി സമൂഹത്തിൽ അഖണ്ഡതയുടെ നെടുംതൂണായിരിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമെന്ന നിലയിൽ ഞങ്ങളെ അപകീർത്തിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമത്തെ ശക്തമായി എതിർക്കുന്നു…" എന്ന് അദ്ദേഹം പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യ ഒരു സ്വതന്ത്ര കമ്പനിയാണെന്നും അതിന്റെ എല്ലാ നിക്ഷേപങ്ങളും ഇന്ത്യയിലെ നിയമങ്ങൾക്കും പെരുമാറ്റച്ചട്ടങ്ങൾക്കും അനുസൃതമായാണെന്നും അദ്ദേഹം വ്യക്തമാക്കി. ഊബറിൽ നിന്ന് പരസ്യങ്ങളുണ്ടെന്നും എന്നാൽ അവരുടെ ആഭ്യന്തര കാര്യങ്ങളിലോ നയങ്ങളിലോ ടൈംസ് ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ ആരോപിക്കുന്ന പോലൊരു പങ്കാളിത്തം ഇല്ലെന്നും ഊബർ ആഗ്രഹിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ നൽകുന്ന ഒരു നിക്ഷേപ സഹകരണം മാത്രമാണെന്നും സുന്ദരം പറഞ്ഞു.

അതേസമയം, നയരൂപീകരണത്തിന്റെ ഭാഗമായി ആളുകളെ സ്വാധീനിക്കാമെന്ന പ്രതീക്ഷയിൽ ഇന്ത്യയുൾപ്പെടെ 39 രാജ്യങ്ങളിൽ നിന്നായി രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, ചിന്തകരായ നേതാക്കൾ എന്നിങ്ങനെ 1850 ലധികം ആളുകളെ "പങ്കാളികൾ" എന്ന പേരിൽ ഒരു പട്ടിക ഊബർ തയാറാക്കിയതായും ഊബർ ഫയലുകൾ വെളിപ്പെടുത്തുന്നു.

“പല സ്റ്റാർട്ടപ്പുകളെയും പോലെ, വിപണികളെ മനസിലാക്കാനും ബിസിനസ് വളർത്താനും സഹായിക്കുന്ന തന്ത്രപ്രധാനമായ നിക്ഷേപകരെ ഊബറും അന്വേഷിക്കുന്നുണ്ടായിരുന്നു. നിക്ഷേപത്തിന്റെ ഫലമായി പോസിറ്റീവ് എഡിറ്റോറിയൽ കവറേജ് ലഭിക്കുമെന്ന് ഒരിക്കലും ഒരു പ്രതീക്ഷയും ഉണ്ടായിട്ടില്ല. വാസ്തവത്തിൽ, മീഡിയ ഗ്രൂപുകളിൽനിന്ന് ഞങ്ങൾക്ക് വളരെയധികം വിമർശനാത്മക കവറേജാണ് ലഭിച്ചത്," എന്നായിരുന്നു മാധ്യമ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളെ സംബന്ധിച്ച ഊബറിന്റെ വക്താവിന്റെ പ്രതികരണം.

തങ്ങളുടെ ബിസിനസ് രീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രാദേശിക കമ്യൂണിറ്റികളുടെ ആവശ്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ സേവിക്കാമെന്ന് മനസിലാക്കാനുമാണ് ഇത്തരം ബന്ധങ്ങൾ പുലർത്തുന്നതെന്ന് 'പങ്കാളികൾ' എന്ന രീതിയിൽ പ്രമുഖരെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് വക്താവ് പറഞ്ഞു.

Uber

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: