scorecardresearch
Latest News

ലേബർ കോഡുകൾ നടപ്പാക്കുന്നതിൽ കേന്ദ്രത്തിന് മുന്നിൽ അനിശ്ചിതത്വം; കരട് നിയമങ്ങൾ തയാറാക്കി സംസ്ഥാനങ്ങൾ

കോഡുകൾ അടുത്തവർഷം ആദ്യം നടപ്പാക്കുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും പിന്നാലെ 2024 ൽ പൊതു തിരഞ്ഞെടുപ്പ് വരുന്നുണ്ടെന്നതു സർക്കാരിനെ ആശങ്കയിലാക്കുന്നു. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ സംഭവിച്ച പരാജയമാണ് ആശങ്കയ്ക്കു കാരണം

labour

ന്യൂഡൽഹി: രാജ്യത്തെ തൊഴിൽനിയമങ്ങൾ മാറ്റിമറിക്കുന്ന ലേബർ കോഡുകൾ നടപ്പിലാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കോഡുകൾ നടപ്പാക്കുന്നത് സംബന്ധിച്ച് ഉന്നത തലങ്ങളിൽ പുതിയ ചർച്ചകൾ നടത്തുകയാണ് കേന്ദ്ര സർക്കാർ. കോവിഡ് സാഹചര്യത്തിൽ കാലതാമസമുണ്ടായതിനാൽ നാല് കോഡുകളും ഒരേസമയം നടപ്പാക്കണോ അതോ കൂടുതൽ പ്രായോഗികമായ മറ്റേതെങ്കിലും രീതി സ്വീകരിക്കണമോ എന്നതിലാണ് ചർച്ചകൾ.

ഭൂരിഭാഗം സംസ്ഥാനങ്ങളും കരട് നിയമങ്ങൾ തയാറാക്കിയിട്ടുണ്ട്. അതിനാൽ ഒറ്റയടിക്ക് നാലു നിയമങ്ങളും നടപ്പാക്കാമെന്ന കാഴ്ചപ്പാടിലേക്കു തൊഴിൽ മന്ത്രാലയം മാറുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു, അതേസമയം എപ്പോൾ നടപ്പാക്കണമെന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് ആശങ്കകളുണ്ട്. അടുത്തവർഷം ആദ്യം നടപ്പാക്കുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും, പിന്നാലെ 2024 ൽ പൊതു തിരഞ്ഞെടുപ്പ് വരുന്നുണ്ടെന്നതു സർക്കാരിനെ ആശങ്കയിലാക്കുന്നു. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ സംഭവിച്ച പരാജയമാണ് ആശങ്കയ്ക്കു കാരണം.

ഇപ്പോഴുള്ള 29 തൊഴിൽ നിയമങ്ങൾക്ക് പകരമായി നാല് ലേബർ കോഡുകളാണ് കേന്ദ്രം വിജ്ഞാപനം ചെയ്തിരിക്കുന്നത്. വേതനം, വ്യാവസായിക ബന്ധങ്ങൾ, സാമൂഹ്യ സുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യം, പ്രവർത്തന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് നാല് കോഡുകൾ.

ദേശീയ തലത്തിൽ മിനിമം വേതനം കൊണ്ടുവരിക, അസംഘടിതരായ, ഫ്രീലാൻസായി ഉൾപ്പെടെ ജോലിചെയ്യുന്ന തൊഴിലാളികളെ സംരഷിക്കാൻ സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപകമാക്കുക, സർക്കാർ അനുമതിയില്ലാത്ത നിയമനങ്ങളിൽ തൊഴിലുടമകൾക്കു കൂടുതൽ വഴക്കം നൽകുക എന്നിവയാണ് നിർദ്ദിഷ്ട ലേബർ കോഡുകളുടെ ചില പ്രധാന സവിശേഷതകൾ.

തൊഴിൽ എന്നത് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കീഴിൽ വരുന്ന വിഷയമായതിനാൽ, കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. 2020ൽ പാർലമെന്റ് നാല് ലേബർ കോഡുകൾക്ക് അനുമതി നൽകുകയും നാല് കോഡുകൾക്കുമുള്ള കരട് നിയമങ്ങൾ കേന്ദ്രം മുൻകൂട്ടി പ്രസിദ്ധീകരിക്കുകയും ചെയ്തെങ്കിലും ചില സംസ്ഥാന സർക്കാരുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല.

സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യം, പ്രവർത്തന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള കരട് നിയമങ്ങളിലാണ് മിക്ക സംസ്ഥാനങ്ങളും തീർപ്പുകൽപ്പിക്കാത്തത്. പശ്ചിമ ബംഗാളിൽ നാല് കോഡുകളുടെയും കരട് നിയമങ്ങളായിട്ടില്ല. രാജസ്ഥാനിൽ മൂന്ന് കോഡുകളുടെയും കരട് നിയമങ്ങൾ തീർപ്പായിട്ടില്ല. ആന്ധ്രാപ്രദേശ്, മേഘാലയ, നാഗാലാൻഡ് എന്നിവയാണ് കരട് ചട്ടങ്ങൾ തീർപ്പാക്കാത്ത മറ്റു സംസ്ഥാനങ്ങൾ.

അതേസമയം, കരട് നിയമങ്ങൾ നടപ്പിലാക്കുന്നതിൽ വേഗത കൈവരിച്ചിട്ടുണ്ടെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇതിൽ സംസ്ഥനങ്ങളും അവരുടെ പങ്ക് കൃത്യമായി ചെയ്യേണ്ടതുണ്ടെന്നും വ്യവസായ, യൂണിയൻ പ്രതിനിധികളോടും സംസ്ഥാനങ്ങളുടെ കരട് നിയമങ്ങളിലെ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ കോഡുകളും ഘട്ടം ഘട്ടമായി നടപ്പിലാകുന്നതിനെക്കുറിച്ചാണ് ആദ്യം ചർച്ച ചെയ്തിരുന്നത്. എന്നാൽ വേതന നിയമവും സാമൂഹിക സുരക്ഷാ നിയമവും ആദ്യം നടപ്പാക്കാമെന്ന ചർച്ചയുണ്ടായി. അങ്ങനെ ആയാൽ മറ്റു രണ്ടെണ്ണം നടപ്പാക്കാൻ കഴിയാതെ വരുമോയെന്ന ആശങ്കയുണ്ടായി. എങ്ങനെയായാലും വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും ആരോഗ്യകരമായിരിക്കണം നിയമങ്ങളെന്നാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നതിൽ പ്രതീക്ഷിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതിന് തൊഴിലാളി യൂണിയനുകളുമായും വ്യവസായ പ്രതിനിധികളുമായും സർക്കാർ ചർച്ച നടത്തിയതായാണു വിവരം. രണ്ടാം മോഡി സർക്കാരിന്റെ ആദ്യ വർഷമായ 2019 ആയിരുന്നു നിയമങ്ങൾ നടപ്പാക്കാനുള്ള അനുയോജ്യമായ സമയമായി സർക്കാർ വൃത്തങ്ങൾ വിലയിരുത്തുന്നത്. നഷ്ടപ്പെടുത്തിയെന്നും തുടർന്ന് കോവിഡ് വന്നതും കാര്യങ്ങൾ വൈകിച്ചുവെന്നുമാണ് വിലയിരുത്തൽ.

ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും, കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് എന്ന സമയപരിധി നൽകി ലേബർ കോഡുകൾ നടപ്പിലാക്കുന്നത് സർക്കാർ പരിഗണിച്ചിരുന്നു. എന്നാൽ സംസ്ഥാനങ്ങൾ ഇപ്പോഴും നിയമങ്ങൾ തയാറാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ എന്നതിനാൽ കേന്ദ്രത്തിനു പിന്നോട്ടു പോകേണ്ടി വന്നു. കൂടാതെ കാർഷിക നിയമങ്ങളിലുണ്ടായ തിരിച്ചടിയും സർക്കാരിനെ ഇരുത്തി ചിന്തിപ്പിച്ചു. കഴിഞ്ഞ വർഷം നവംബറിൽ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ, ലേബർ കോഡുകൾ പിൻവലിക്കണമെന്ന ആവശ്യം തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Most states frame draft rules centres push on rollout of labour codes