ന്യൂഡൽഹിയിൽ 2014 ഡിസംബർ അഞ്ചിന് ഒരു യാത്രക്കാരിയെ ഊബർ ക്യാബിൽ ഡ്രൈവർ ബലാത്സംഗം ചെയ്തു. ഈ സംഭവം സാൻഫ്രാൻസിസ്കോയിലെ കമ്പനിയുടെ ആസ്ഥാനത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഊബറിലെ ഉന്നതരായവരുടെ നൂറുകണക്കിന് ഇ- മെയിലുകളും അവർ നടത്തിയ ആഭ്യന്തര ആശയവിനിമയങ്ങളും ഈ പരിഭ്രാന്തിയുടെ ആഴം വെളിപ്പെടുത്തുന്നു.
ഊബർ ഫയൽസിൽ നിന്നുള്ള രേഖകൾ പ്രകാരം ഇ-മെയിലുകളും ആഭ്യന്തര രേഖകളും ദ ഗാർഡിയന് ലഭിക്കുകയും ഈ അന്വേഷണത്തിനായി ദ് ഇന്ത്യൻ എക്‌സ്പ്രസ് കൂടി ഉൾപ്പെടുന്ന ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സുമായി പങ്ക് വെക്കുകയും ചെയ്തു. ഇത് ലോകമെമ്പാടുമുള്ള പ്രശ്നങ്ങള്‍ ഒതുക്കിതീര്‍ക്കാനുള്ള ശ്രമത്തിലേക്ക് വിരൽ ചൂണ്ടുന്നു, 2017 ലെ ഡൽഹിയിലെ അതിജീവിതയുടെ കേസും തുടർന്നുള്ള സംഭവവികാസങ്ങളും ഊബർ സഹസ്ഥാപകനും സിഇഒയുമായ ട്രാവിസ് കലാനിക്കിന്‍റെ പുറത്തുപോകലിന് കാരണമായി.
ഡൽഹി ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ഊബറിനുള്ളിൽ നടന്ന ആശയവിനിമയങ്ങളിൽ നിന്ന് രണ്ട് വ്യത്യസ്ത ത്രെഡുകൾ ഉയർന്നുവന്നുവെന്ന് ലഭ്യമായ രേഖകൾ വ്യക്തമാക്കുന്നു.
ഒന്ന്, കുറ്റാരോപിതനായ ശിവ് കുമാർ യാദവിന് രണ്ടാമത്തെ ലൈംഗികപീഡന കുറ്റം ചെയ്യുന്നതിലേക്ക് നയിച്ചത് ഡ്രൈവർമാരുടെ പശ്ചാത്തല പരിശോധന നടത്തുന്നതിനുള്ള (ബാക്ക്ഗ്രൗണ്ട് ചെക്ക് -ബിജിസി) “വികലമായ” ഇന്ത്യൻ സംവിധാനമാണെന്ന സമീപനമാണ് ഉടനടി കമ്പനി സ്വീകരിച്ചത്.
രണ്ട്, അതിന്റെ റൈഡ്-ഷെയറിങ് ആപ്പിൽ അധിക സുരക്ഷാ ഫീച്ചറുകൾ സ്ഥാപിക്കുന്നതിനു പുറമേ, മറ്റ് ആഗോള വിപണികളിൽ “യശസ്സിന്”മേലുള്ള വീഴ്ച തടയാൻ ഊബറിന് അടിയന്തിര പ്രശ്നപരിഹാര പ്രവർത്തനം ആവശ്യമാണ്.
ബലാത്സംഗ സംഭവത്തിന് തൊട്ടുപിന്നാലെ, 2014 ഡിസംബർ ഒമ്പതിന്, ഊബറിന്റെ ഏഷ്യയിലെ പബ്ലിക് പോളിസി മേധാവി ജോർദാൻ കോണ്ടോ, നാടകീയമായ വിവരണത്തോടെ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് കത്തെഴുതി. “ഇന്ത്യയിൽ സ്ത്രീകൾക്കെതിരായി മഹാമാരി പോലെ പടരുന്ന അക്രമങ്ങളോട് ഞങ്ങൾ അനുതാപം കാണിക്കുകയും അവ തടയുന്നതിന് ദീർഘകാല പരിഹാരം വികസിപ്പിക്കാനുള്ള ഞങ്ങളുടെ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്,” എന്ന് അദ്ദേഹം എഴുതി. ഈ മെയിലിന്‍റെ തുടർച്ചയായുള്ള മെയിലിൽ മറ്റുള്ളവർ ടെക്നോളജി അപ്‌ഗ്രേഡുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി, ലൈസൻസുള്ളതും ഇല്ലാത്തതുമായ “പ്രോഡക്ട്സ് ” (ഡ്രൈവർമാർ)ക്കായി പശ്ചാത്തല പരിശോധനയ്ക്ക് ബാക്ക്ഗ്രൗണ്ട് ചെക്ക് -ബിജിസി) രാജ്യം തിരിച്ചുള്ള സ്‌പ്രെഡ്‌ഷീറ്റ് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, ഇന്ത്യൻ അധികാരികളുടെ മേൽ കുറ്റം ചുമത്തുക എന്നതായിരുന്നു ആഭ്യന്തര ആശയവിനിമയത്തിന്റെ വ്യക്തമായ ഊന്നൽ. ഊബർ മേധാവികൾ പരസ്പരം എഴുതിയതിൽ നിന്നുള്ള ഇനി പറയുന്ന ഉദ്ധരണികൾ പരിശോധിക്കുക:
ഊബറിന്റെ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും പബ്ലിക് പോളിസി തലവനായ മാർക്ക് മക്ഗാൻ ഡിസംബർ എട്ടിന് എഴുതി: “നമ്മള്‍ ഇപ്പോൾ പ്രതിസന്ധിയെ കുറിച്ചുള്ള ചർച്ചകളിലാണ്, മാധ്യമങ്ങളിൽ കത്തിപ്പടരുകയാണ്… ഇന്ത്യൻ ഡ്രൈവർക്ക് തീർച്ചയായും ലൈസൻസ് ഉണ്ടായിരുന്നു, എന്നാൽ, പ്രാദേശിക ലൈസൻസിങ് പദ്ധതിയിൽ ബലഹീനത/പിഴവ് ദൃശ്യമാകുന്നു. ഇന്ത്യയിൽ സംഭവിച്ചതിന്റെ വെളിച്ചത്തിൽ, പശ്ചാത്തല പരിശോധനകളുടെ വിഷയത്തിൽ നമ്മളുടെ വിപണികളിലുടനീളം അന്വേഷണങ്ങൾ പ്രതീക്ഷിക്കാം എന്നതാണ് യുഎസിലെ കാഴ്ചപ്പാട്.”
ഊബറിന്റെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ അന്നത്തെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന നിയാൽ വാസ് ഡിസംബർ ഒമ്പതിന് മുഴുവൻ ഓഫീസ് ടീമിനും എഴുതി: “ഇന്ത്യൻ ചട്ടങ്ങൾക്കനുസരിച്ച് നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്തു. എന്നിരുന്നാലും, ഒരു ഡ്രൈവർക്ക് കൊമേഴ്‌സ്യൽ ലൈസൻസ് ലഭിക്കുന്നതിന് അധികാരികളിൽ നിന്ന് ആവശ്യമായ പരിശോധനകൾ അപര്യാപ്തമാണെന്ന് വ്യക്തമാണ്, കാരണം പ്രതിക്ക് എതിരെ മുമ്പും ചില ബലാത്സംഗ ആരോപണങ്ങളുണ്ട്, അത് ഡൽഹി പൊലീസ് പരിശോധനയിൽ (സ്വഭാവ സർട്ടിഫിക്കറ്റ് നല്‍കുന്നതില്‍) തിരിച്ചറിഞ്ഞില്ല.”
ബലാത്സംഗ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം, മാർക്ക് മക്ഗാൻ തന്റെ ടീമിന് വീണ്ടും ഒരു ഇ-മെയിൽ അയച്ചു: “ഇന്ത്യയിലെ പ്രശ്നം കണക്കിലെടുത്ത് (ഔദ്യോഗിക ഭരണകൂട സംവിധാനത്തിന് പിഴവ് സംഭവിക്കുന്നിടത്ത്, ഊബറിന് അല്ല) മറ്റ് പ്രദേശങ്ങളിൽ പശ്ചാത്തല പരിശോധന കൂടുതൽ സുരക്ഷിതമാക്കാനുള്ള പ്രക്രിയയിലാണ് ഞങ്ങൾ.
ബലാത്സംഗ സംഭവം തലസ്ഥാനത്ത് ഊബറിന് “ഏറ്റവും മോശമായ സാഹചര്യം” ഉണ്ടാക്കി. ഡൽഹി ഗവൺമെന്റ് ഊബർ സർവീസ് നിരോധിച്ചു, വീണ്ടും ഊബർ വാഹനങ്ങൾ നിരത്തിലിറങ്ങാൻ ഏഴ് മാസവും ഡൽഹി ഹൈക്കോടതിയുടെ ഇടപെടലും വേണ്ടി വന്നു. ഡൽഹിയിലെ നിരോധനം മറ്റ് നഗരങ്ങളിലെ പ്രവർത്തനങ്ങളെയും ബാധിച്ചേക്കാമെന്ന് കമ്പനിക്ക് ഗുരുതരമായ ആശങ്കയുണ്ടായിരുന്നുവെന്ന് രേഖകൾ വെളിപ്പെടുത്തുന്നു.
സീനിയർ എക്‌സിക്യൂട്ടീവായ യുവാൻ ബാറ്റിസും കമ്പനിയില്‍ ചേരുന്നതിന് മുമ്പ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേശകനായിരുന്ന, നയത്തിനും തന്ത്രത്തിനും വേണ്ടിയുള്ള ഊബറിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഡേവിഡ് പ്ലൂഫും പരസ്പരം അയച്ച ഇ-മെയിൽ സംഭാഷണങ്ങളുണ്ട്. .
2014 ഡിസംബർ 11-ലെ മെയിൽ സംഭാഷണത്തിൽ, “ഭീഷണികൾ” എന്ന തലക്കെട്ടിൽ, ബാറ്റിസ്, ഊബറിന്റെ കേസ് വാദിക്കുന്നു: ഞങ്ങൾ ടാക്സികളല്ല എന്നതാണ് വസ്തുത, അതിനാൽ ടാക്സി നിയന്ത്രണങ്ങൾ ഞങ്ങൾക്ക് ബാധകമല്ല. ഊബർ പോലുള്ളവ നിരോധിക്കുന്നതിനേക്കാൾ ടാക്സികൾ ഇന്ന് നേരിടുന്ന ഭാരിച്ചതും അഴിമതി നിറഞ്ഞതുമായ നിബന്ധനകളിൽ നിന്ന് മുക്തി നേടാനാണ് ശ്രമിക്കുന്നതെന്ന് ഞാൻ കരുതുന്നു.”
മെക്‌സിക്കോയിലെ സിറ്റി ടാക്സി അസോസിയേഷൻ എന്തുകൊണ്ട് ഊബർ പോലുള്ള ഒരു സേവനം നിരോധിക്കരുതെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തതെന്ന് ആശയവിനിമയത്തിൽ പ്ലൂഫിനെ അറിയിക്കുന്നു. അദ്ദേഹം എഴുതി, “അവരുടെ ആശയവിനിമയത്തിൽ, സേവനം നിരോധിച്ച രാജ്യങ്ങളെ അസോസിയേഷൻ പരാമർശിക്കുന്നു, കൂടാതെ ഇന്ത്യയിലെ ഏറ്റവും നിർഭാഗ്യകരമായ സംഭവങ്ങളെയും പരാമർശിക്കുന്നു.”
പ്ലോഫ്, പിന്നീട് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള “ഭീഷണി”കളുടെ ഒരു റൗണ്ട്-അപ്പ് ഉണ്ടാക്കി സഹപ്രവർത്തകർക്ക് എഴുതുകയും ചെയ്തു. “നിങ്ങൾക്ക് ആശങ്കയുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നു – ഇത് ഇന്ത്യയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും അവർക്ക് കൂടുതൽ ധൈര്യം നൽകുന്നു – മറ്റേതെങ്കിലും നഗരങ്ങൾ/രാജ്യങ്ങളെ കുറിച്ച് നമ്മള്‍ക്കെതിരായ അവരുടെ വാദങ്ങൾ ശക്തിപ്പെടുത്തുന്നു/ നടപടിയെടുക്കുന്നു. അദ്ദേഹം ഊബർ മാനേജർമാരോട് ചോദിക്കുന്നു: “ഇന്ത്യയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് മറ്റ് സ്ഥലങ്ങളിൽ നമ്മളെ പൂട്ടിക്കാൻ കോടതികളോ റെഗുലേറ്റർമാരോ ഒരു വഴിയോ കാരണമോ കണ്ടെത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ.”
ഡൽഹി ബലാത്സംഗ സംഭവത്തിന് ശേഷം ഊബർ സ്വീകരിച്ച ഏറ്റവും പ്രധാനപ്പെട്ട നടപടി ഇന്ത്യയിൽ രണ്ട് പുതിയ ഇൻ-ആപ്പ് ഫീച്ചറുകൾ അവതരിപ്പിക്കുക എന്നതായിരുന്നു: ‘സെൻഡ് ഫീച്ചറും ഒരു എസ് ഒ എസ് (SOS) ബട്ടണും. ആകസ്മികമായി, ഊബറിന്റെ കമ്മ്യൂണിക്കേഷൻ മാനേജർമാരിലൊരാളായ ബെഞ്ചമിൻ നോവിക്ക്, പുതിയ ഫീച്ചറിനെ ‘പാനിക് ബട്ടൺ’ എന്നതിന് പകരം എസ് ഒ എസ് ( ‘SOS’) ഫീച്ചർ എന്ന് വിളിക്കണമെന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകി.
2014 ഡിസംബർ 23-ന് അയച്ച ഒരു ഇ-മെയിലിൽ, കമ്പനിയെ ബാധിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് പ്ലൂഫ് വിശദീകരിക്കുന്നു. അദ്ദേഹം എഴുതുന്നു, “ഡ്രൈവർ പരിശോധന സംവിധാനങ്ങൾ ഒരു അനിവാര്യതയായിരിക്കും – നമ്മള്‍ അവിടെ വളരെ ദുർബലരാണ്, ഒരു സംഭവം (ചിക്കാഗോയിൽ ആകാം, അങ്ങനെ സംഭവിക്കാതിരിക്കട്ടെ) ഉണ്ടായാൽ അത് നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾക്ക് ഒരു ആഗോള പ്രശ്‌നമായി മാറും.”
2015 ജനുവരിയിലെ മറ്റ് ഇ-മെയിലുകൾ കാണിക്കുന്നത് ബലാത്സംഗ സംഭവം തീർച്ചയായും ഊബർ ഉന്നതരുടെ മനസ്സിലുണ്ടായിരുന്നുവെന്നാണ്, കലാനിക് ഉൾപ്പെടെ. കലാനിക് തന്‍റെ ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കാനുള്ള തീരുമാനത്തിന്‍റെ പിന്നിലും ഇതായിരുന്നു കാരണം.
ഊബറിന്റെ അന്നത്തെ ഏഷ്യാ മേധാവിയായിരുന്ന അലൻ പെൻ, കലനികിന്റെ ഇന്ത്യാ യാത്ര നീട്ടി വെക്കുന്നതിന്‍റെ ഗുണങ്ങൾ പട്ടികപ്പെടുത്തി. അദ്ദേഹം ഇതിനായി മുന്നോട്ട് വച്ച് കാരണങ്ങൾ: ഒന്ന്, “ഉന്നതതല യോഗങ്ങൾക്ക് (ഉദാ. പ്രധാനമന്ത്രിയും കാബിനറ്റും) സമയമുണ്ട്.” രണ്ട്, “ബലാത്സംഗത്തെ കുറിച്ച് കൂടുതൽ വ്യക്തത വരുത്തട്ടെ, ഗവൺമെന്റ്, ബിസിനസ് മീറ്റിംഗുകളിൽ ഉയർന്ന വിജയനിരക്കിന് ഇടം നൽകുക.” മൂന്ന്, “ഡൽഹിയില്‍ ഊബര്‍ കാറുകള്‍ വീണ്ടും നിരത്തില്‍ ഇറക്കുക വഴി നിരോധനത്തിന്‍റെ കാര്‍മേഘങ്ങള്‍ മാറ്റിയെടുക്കാം.”