/indian-express-malayalam/media/media_files/2024/12/08/ZtIleWXAoa2IeQ8TLDI0.jpg)
കശ്മീർ യാത്രയുടെ പ്രധാന ആർഷണങ്ങളിൽ ഒന്നാണ് ധാൽ തടാകവും അതിരാവിലെയുള്ള ശിക്കാര സവാരിയും. തടിയിൽ നിർമ്മിച്ച മനോഹരങ്ങളായ ശിക്കാര ബോട്ടുകളിൽ യാത്ര ചെയ്യാതെ ഇവിടെയെത്തുന്ന യാത്രക്കാർ മടങ്ങാറില്ലെന്നതാണ് വാസ്തവം. 4,000-ലധികം ആളുകളാണ് ധാൽ തടാകം സന്ദർശിക്കുന്ന യാത്രക്കാരെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
ദാൽ തടാകം മുതൽ നിജീൻ തടാകം വരെയും മനസ്സ്ബാൽ തടാകം മുതൽ ഝലം നദി വരെയുമാണ് ശിക്കാര യാത്ര. ഇപ്പോഴിതാ ശിക്കാര സർവീസിലേക്ക് ചുവടുവയ്ക്കുകയാണ് മൾട്ടിനാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ ഊബർ. മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഊബറിനെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ ശിക്കാര സേവനത്തിലേക്ക് പ്രവേശിക്കുന്നതിൽ പലരും ആശങ്കയിലാണ്.
ഊബർ ആരംഭിച്ച പൈലറ്റ് പദ്ധതിയാണ് 'ഊബർ ശിക്കാര'. ദാൽ തടാകത്തിലെ ഘട്ട് 16-ൽ നിന്ന് മാത്രമാണ് നിലവിൽ ഊബർ ശിക്കാര പ്രവർത്തിക്കുന്നത്. അഞ്ച് ശിക്കാരകളാണ് ആദ്യത്തെ രണ്ടാഴ്ചത്തേക്ക് സർവീസ് നടത്തുക. നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രമേ ഊബർ ശിക്കാര സേവനം ലഭ്യമാകൂ. പ്രാരംഭഘട്ടമായതുകൊണ്ടുതന്നെ ഒരു മണിക്കൂറിൽ ഒരു സ്ലോട്ട് മാത്രമാകും യാത്രക്കാർക്ക് ലഭ്യമാകുക. ഒരു സമയം പരമാവധി നാല് യാത്രക്കാരെ മാത്രമാണ് അനുവദിക്കുക.
മൂവായിരത്തിലധികം ശിക്കാര ബോട്ടുകളാണ് ധാൽ തടാകത്തിൽ പ്രതിദിനം സർവീസ് നടത്തുന്നത്. സർക്കാർ ഉത്തരവ് പ്രകാരം മണിക്കൂറിൽ 800 രൂപയാണ് ശിക്കാര ബോട്ടുകൾ ഈടാക്കുന്നതെന്ന് ശിക്കാര അസോസിയേഷൻ പ്രസിഡൻ്റ് വാലി മുഹമ്മദ് ഭട്ട് പറഞ്ഞു. സവാരിക്കു പുറമെ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന നൂറുകണക്കിന് ഹൗസ്‌ബോട്ടുകളിലേക്ക് എത്തിച്ചേരാനുള്ള ഏക മാർഗം കൂടിയാണ് ശിക്കാരകൾ.
ഇതൊരു നല്ല സംരംഭമാണെന്നും സുതാര്യത കൊണ്ടുവരുമെന്നും ഭട്ട് ഉൾപ്പെടെയുള്ള ചില ശിക്കാരവാലകൾ അഭിപ്രായപ്പെട്ടു. ചാർജുകൾ ഏകീകൃതമായി തുടരുന്നതിലൂടെ സുതാര്യത നിലനിർത്താൻ സഹായിക്കും. ഓൺലൈനിലൂടെയുള്ള ശിക്കാരയുടെ ബുക്കിംഗ് വിനോദസഞ്ചാരികൾക്ക് കൂടുതൽ എളുപ്പമാക്കുമെന്നും ബിസിനസ് വളർത്താൻ സഹായിക്കുമെന്നും അനുയായികൾ പറയുന്നു.
വൻകിട കോർപറേറ്റുകൾ ഈ ബിസിനസിലേക്ക് കടക്കുന്നത് പ്രാദേശിക ശിക്കാര വാലകളുടെ ജീവിതോപാധിയെ ബാധിക്കുമെന്ന് ഭയപ്പെടുന്നതായി ഇതിനെ എതിർക്കുന്നവർ പറയുന്നു. ഊബറിന്റെ വരവോടെ പ്രതിസന്ധിയിലായ കേരളത്തിലെ പ്രാദേശിക ടാക്‌സി ഡ്രൈവർമാരെയാണ് അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.