/indian-express-malayalam/media/media_files/2025/10/04/donald-trump-2025-10-04-08-02-12.jpg)
ഡൊണാൾഡ് ട്രംപ്
ഡൽഹി: റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനും ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് പൂർണ്ണമായും വെട്ടിക്കുറയ്ക്കുകയാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഏഷ്യയിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി എയർഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
'റഷ്യൻ എണ്ണ വാങ്ങുന്നത് ചൈന ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്, ഇന്ത്യ പൂർണ്ണമായും വെട്ടിക്കുറച്ചു. ഞങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്' ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റുമായുള്ള ചർച്ചയിൽ പൂർണ്ണമായ കരാറിലെത്താമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
അതേസമയം, ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ ട്രംപും ഷിയുമായ കൂടിക്കാഴ്ച നടത്താനിരിക്കെ, ശനിയാഴ്ച ഉന്നത യുഎസ്, ചൈനീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവും വൈസ് പ്രീമിയർ ഹെ ലൈഫെങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് പ്രതിനിധി സംഘവും ഞായറാഴ്ചയും ചർച്ച തുടരുമെന്നാണ് വിവരം.
Also Read: കർണൂൽ ബസ് ദുരന്തം: മൊഴികൾ മാറ്റി ബസിലെ രണ്ടാമത്തെ ഡ്രൈവർ, വീണ്ടും ചോദ്യം ചെയ്തേക്കും
വ്യാപാരം, സാങ്കേതികവിദ്യ, അസംസ്‌കൃത വസ്തുക്കൾ എന്നിവയിലെ നിയന്ത്രണങ്ങളെച്ചൊല്ലി യുഎസും ചൈനയും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. റഷ്യൻ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് ചൈനയുമായി ചർച്ച നടത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ഇന്ത്യയെയും ചൈനയെയും പരാമർശിച്ച് ട്രംപ് അവകാശവാദങ്ങൾ ആവർത്തിച്ചത്. ഇതാദ്യമായല്ല ഈ അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്. ട്രംപിന്റെ വാദങ്ങൾ ഇന്ത്യ നിരന്തരം തള്ളിയിരുന്നു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് മുൻഗണന എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Read More: 250 മില്യൺ ഡോളർ ചെലവിൽ അത്യാഡംബര ബോൾറൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിച്ചു മാറ്റാനൊരുങ്ങി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us