/indian-express-malayalam/media/media_files/2025/07/28/congress-deputy-leader-in-house-gaurav-gogoi-2025-07-28-18-24-35.jpg)
ചിത്രം: എക്സ്
ഡൽഹി: പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ലോക്‌സഭയിലെ ചർച്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഉപനേതാവും എംപിയുമായ ഗൗരവ് ഗൊഗോയ്. ഏപ്രിൽ 22ന്, അഞ്ചു ഭീകരർ എങ്ങനെ പഹൽഗാമിൽ എത്തിയെന്ന് ഗൗരവ് ഗൊഗോയ് ചോദിച്ചു. വിഷയത്തിലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസംഗത്തിനു പിന്നാലെയായിരുന്നു ഗൊഗോയ് ചോദ്യം ഉയർത്തിയത്.
രാജ്യത്തിനുവേണ്ടി ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ കടമയെന്നും ഭീകരർ പഹൽഗാമിൽ എങ്ങനെയാണ് എത്തിയതെന്ന് രാജ്യം അറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശമെന്നും ഗൊഗോയ് പറഞ്ഞു.
"പഹൽഗാമിൽ വിനോദസഞ്ചാരികളെ നിഷ്കരുണം കൊലപ്പെടുത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സർക്കാരിന് ഭീകരരെ പിടികൂടാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാൻ രാജ്യവും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ആളുകളും ആഗ്രഹിക്കുന്നു. ഭീകരർക്ക് ആരാണ് അഭയം നൽകയതെന്നും ആരാണ് വിവരങ്ങൾ കൈമാറിയതെന്നും അറിയാൻ രാജ്യം ആഗ്രഹിക്കുന്നു."
"ആക്രമണം ഉണ്ടായി ദിവസങ്ങൾക്കു ശേഷവും സർക്കാരിന് ഉത്തരമില്ല. നിങ്ങൾക്ക് ഡ്രോണുകളും പെഗാസസും സുരക്ഷാ സേനയും ഉണ്ട്. പക്ഷേ നിങ്ങൾക്ക് അവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇത് ഏതു തരത്തിലുള്ള ക്രമീകരണമാണ്? ആർട്ടിക്കിൾ 370 ന് ശേഷം ആളുകൾക്ക് കശ്മീരിലേക്ക് പോകാൻ കഴിയുമെന്നാണ് നിങ്ങൾ പറഞ്ഞത്. എന്നാൽ നിരായുധരായ ആളുകൾ കൊല്ലപ്പെടുന്നതാണ് ഞങ്ങൾ കണ്ടത്. ആംബുലൻസ് പോലും എത്താൻ ഒരു മണിക്കൂർ എടുത്തു."
"ഇതിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കേണ്ടി വന്നാൽ അത് ആഭ്യന്തര മന്ത്രിക്കാണ്. നിങ്ങൾക്ക് എൽജിയുടെ പിന്നിൽ ഒളിക്കാനാകില്ല. സർക്കാർ ഭീരുവാണ്," ഗൗരവ് ഗൊഗോയ് പറഞ്ഞു. പഹൽഗാമിൽ ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലായിരുന്നുവെന്നും തിരിച്ചെത്തിയ ശേഷം അദ്ദേഹം പഹൽഗാമിലേക്ക് പോവുക പോലും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരിച്ചെത്തിയ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിക്കായി ബീഹാറിലേക്കായിരുന്നു പോയതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഓപ്പറേഷൻ സിന്ദൂറിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തുടക്കം
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രി ഇപ്പോഴും പറയുന്നതെന്നും അപ്പോൾ അത് വിജയകരമാണെന്ന് എങ്ങനെ പറയാനാകുമെന്നും ഗഗോയ് ചോദിച്ചു. "രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം കേട്ടു. അദ്ദേഹം ഏത് സമയത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. 2016 നു ശേഷവും ഭീകരത അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞില്ലേ? പുൽവാമയ്ക്ക് ശേഷവും അദ്ദേഹം അതുതന്നെയല്ലേ പറഞ്ഞത്? ഇന്നും അദ്ദേഹം അതുതന്നെയാണ് ആവർത്തിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഭാവിയിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കുമെന്നുമാണ് രാജ്നാഥ് സിങ് പറയുന്നത്. അപ്പോൾ അത് വിജയമാണെന്ന് എങ്ങനെ പറയാനാകും?" ഗഗോയ് ചോദിച്ചു.
പാക്കിസ്ഥാൻ മുട്ടുകുത്താൻ തയ്യാറായിരുന്നെങ്കിൽ എന്തിനാണ് ആക്രമണം അവസാനിപ്പിച്ചതെന്ന് പ്രധാനമന്ത്രിയോട് ചോദിക്കുന്നുവെന്നും സഖ്യകക്ഷികളായ രാജ്യങ്ങൾ സംഘർഷത്തിൽ ഇന്ത്യയെ പിന്തുണച്ചില്ലെന്നും ഗൊഗോയ് പറഞ്ഞു. "വ്യാപാര കരാറിലൂടെ ഇന്ത്യ- പാക്ക് യുദ്ധം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെയലുത്തിയെന്നാണ് യുഎസ് പ്രസിഡന്റ് തുടർച്ചയായി അവകാശപ്പെടുന്നത്. ഇന്ത്യയുടെ 5-6 യുദ്ധവിമാനങ്ങൾ തകർന്നതായും അദ്ദേഹം പറയുന്നു. കോടികൾ വിലവരുന്നതാണ് അവ. യഥാർത്ഥത്തിൽ എത്ര ജെറ്റുകൾ തകർന്നുവെന്ന് ഞങ്ങൾക്ക് അറിയണം."
Also Read: ഓപ്പറേഷൻ സിന്ദൂർ ഇനി പാഠഭാഗമാകും; എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും
"അന്താരാഷ്ട്ര നാണയ നിധിയുടെ വായ്പ പാക്കിസ്ഥാനു ലഭിക്കുന്നത് തടയാൻ ഇന്ത്യയ്ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്. പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാൻ നിങ്ങൾക്ക് ഇത്രയധികം അധികാരമില്ലേ." രാജ്യവും പ്രതിപക്ഷവും സർക്കാരിനൊപ്പമാണെന്നും സായുധ സേനയ്ക്കും രാജ്യത്തിനും അനുകൂലമായി സംസാരിക്കുന്നുവെന്നും സത്യത്തെ ഭയപ്പെടരുതെന്നും ഗൗരവ് ഗൊഗോയ് കൂട്ടിച്ചേർത്തു.
Read More: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ചുമത്തിയത് ഗുരുതര വകുപ്പുകൾ, വ്യാപക പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.