/indian-express-malayalam/media/media_files/2025/01/06/VJ7RavHMPrngn8jJjPp8.jpg)
ആർ.എൻ.രവി
ചെന്നൈ: നിയമസഭ ആരംഭിക്കുന്നതിന് മുൻപ് ദേശീയഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ.രവി സഭയിൽനിന്ന് ഇറങ്ങിപ്പോയി. അസംബ്ലി പ്രോട്ടോക്കോൾ അനുസരിച്ച് നിയമസഭ നടപടിക്രമങ്ങൾ തുടങ്ങുന്നതിനു മുൻപായി ആദ്യം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കാറുണ്ട്. സമ്മേളനത്തിന്റെ അവസാനമാണ് ദേശീയ ഗാനം ആലപിക്കാറുള്ളത്. എന്നാൽ, ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കും മുൻപ് ദേശീയഗാനം ആലപിക്കണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സർക്കാർ നിരാകരിച്ചതോടെയാണ് ഗവർണർ ഇറങ്ങിപ്പോയത്.
ഭരണഘടനയെയും ദേശീയ ഗാനത്തെയും തമിഴ്നാട് നിയമസഭ അപമാനിച്ചുവെന്ന് രാജ്ഭവൻ പ്രതികരിച്ചു. ''എല്ലാ സംസ്ഥാന നിയമസഭകളിലും ഗവർണറുടെ പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയ ഗാനം ആലപിക്കാറുണ്ട്. ഇന്ന് ഗവർണർ സഭയിൽ എത്തിയപ്പോൾ തമിഴ് തായ് വാഴ്ത്ത് മാത്രമാണ് ആലപിച്ചത്. ഗവർണർ സഭയുടെ ഭരണഘടനാപരമായ കടമയെക്കുറിച്ച് ആദരവോടെ ഓർമ്മിപ്പിക്കുകയും ദേശീയ ഗാനം ആലപിക്കാൻ സഭാ നേതാവിനോടും സ്പീക്കറിനോടും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അവർ നിരസിച്ചു. ഇതിൽ അത്യധികം വേദനയോടെ ഗവർണർ സഭവിട്ടുപോയി,” രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗവർണർ സഭ വിട്ട് ഇറങ്ങിപ്പോയെങ്കിലും സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഗവർണറുടെ പതിവ് പ്രസംഗം തമിഴിൽ സ്പീക്കർ അപ്പാവ് വായിച്ച് സമ്മേളനം തുടർന്നു. ഈ സംഭവത്തോടെ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.