scorecardresearch

സംഗീത ഇതിഹാസത്തിന് വിട; സാക്കിർ ഹുസൈൻ ഇനി ഓർമ

ആഗോള സംഗീത ഭൂപടത്തിൽ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തിയ തബല മാന്ത്രികനാണ് ഉസ്താദ് സാക്കിർ ഹുസൈൻ

ആഗോള സംഗീത ഭൂപടത്തിൽ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തിയ തബല മാന്ത്രികനാണ് ഉസ്താദ് സാക്കിർ ഹുസൈൻ

author-image
WebDesk
New Update
zakkir hussain

സാക്കിർ ഹുസൈൻ

പ്രശസ്ത തബല വിദ്വാൻ ഉസ്ദാത് സക്കീർ അലി ഹുസൈൻ എന്ന സാക്കിർ ഹുസൈൻ യുഎസിൽ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് യുഎസിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Advertisment

കഴിഞ്ഞ ഒരാഴ്ചയായി ഹൃദയസംബന്ധമായ അസുഖം ഗുരുതരാവസ്ഥയിലെത്തിയിരുന്നു. രക്ത സമ്മർദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും സാക്കിർ ഹുസൈനെ അലട്ടിയിരുന്നതായി അടുത്ത സുഹൃത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചികിത്സയ്ക്കിടെ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.

ആദ്യ ഗുരു പിതാവ്

1951 മാർച്ച് 9 ന് മുംബൈയിലെ സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച സാക്കിർ ഹുസൈൻ ഇതിഹാസനായ ഉസ്താദ് അല്ലാ രാഖാ ഖാൻ്റെ മകനാണ്. പ്രാർഥനയ്ക്കുള്ള ആദ്യ വിളി (ആസാൻ) അവൻ്റെ കുഞ്ഞി കാതുകളിൽ എത്തുന്നതിന് മുമ്പുതന്നെ, പിതാവ് അവനെ തബലയുടെ താളങ്ങൾ പരിചയപ്പെടുത്തിയിരുന്നു.

ZAKIR-crop

Advertisment

സാക്കിർ ഹുസൈൻ തൻ്റെ ബാല്യകാലം ചെലവഴിച്ചത് മുംബൈയിലാണ്. തൻ്റെ സ്വതസിദ്ധമായ സംഗീത പ്രതിഭയ്ക്ക് അനുയോജ്യമായ അന്തരീക്ഷമായിരുന്നു മുംബൈയില്‍ സാക്കിറിനു ലഭിച്ചത്. ഏഴാം വയസിൽ സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന്‌ പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം. പന്ത്രണ്ടാം വയസ്സിൽ ബോംബെ പ്രസ്‌ ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച്‌ സംഗീതലോകത്ത്‌ വരവറിയിച്ചു. ഇതോടെ അസാധാരണമായ തബല വൈദഗ്ധ്യം കൊണ്ട് അദ്ദേഹം സംഗീത ലോകത്ത് തൻ്റെ അസാമാന്യ പ്രയാണം ആരംഭിക്കുകയായിരുന്നു. 

ആറ് പതിറ്റാണ്ട് നീണ്ടുനിന്ന സംഗീത ലോകം

ആഗോള സംഗീത ഭൂപടത്തിൽ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തിയ തബല മാന്ത്രികനാണ് ഉസ്താദ് സാക്കിർ ഹുസൈൻ.1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ എൻഡോവ്മെൻറ് ഫോർ ആർട്സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിർ ഹുസൈൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബൽ മ്യൂസിക്ക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റൽ ആൽബം, മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്.

ആറ് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറിൽ നിരവധി പ്രശസ്ത ഇന്ത്യൻ, അന്തർദേശീയ കലാകാരന്മാരുമായി സഹകരിക്കാനുള്ള അവസരവും സാക്കിറിന് ലഭിച്ചു. ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജോൺ മക്ലാഫ്‌ലിൻ, വയലിനിസ്റ്റ് എൽ ശങ്കർ, താളവാദ്യ വിദഗ്ധൻ ടിഎച്ച് 'വിക്കു' വിനായക്രം എന്നിവരോടൊപ്പമുള്ള 1973-ലെ തകർപ്പൻ മ്യൂസിക്കല്‍ പ്രോജക്ടാണ് ശ്രദ്ധേയമായത് . ഈ സഹകരണം ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ജാസുമായി ലയിപ്പിച്ചു.

അക്കാലത്ത് അഭൂതപൂർവമായ ഒരു ഫ്യൂഷൻ ശൈലി സൃഷ്ടിക്കാനും സാക്കിറിന് സാധിച്ചു.പ്രശസ്‌ത കഥക്‌ നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.

കേരളത്തോടും ആത്മബന്ധം

നിരവധി തവണ സാക്കിർ ഹുസൈൻ കേരളം സന്ദർശിച്ചിട്ടുണ്ട്. 2017 ൽ പെരുവനത്ത് എത്തിയ സക്കീർ ഹുസൈനെ ഗ്രാമം ആവേശത്തോടെ സ്വീകരിച്ചു. അന്ന് പെരുവനം കുട്ടൻ മാരാർ, മട്ടന്നൂർ ശങ്കരൻ കുട്ടി എന്നിവർക്ക് ഒപ്പം വേദി പങ്കിട്ടിരുന്നു. മലയാളത്തില്‍ വാനപ്രസ്ഥം അടക്കമുള്ള ഏതാനും സിനിമകള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്.

Read More

Musician Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: