/indian-express-malayalam/media/media_files/2024/12/15/g6ATXXKtlZQbtvmK4QHJ.jpg)
ജഡ്ജി ശേഖർ കുമാർ യാദവ്
ന്യൂഡൽഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന്റെ വിദ്വേഷ പ്രസംഗത്തിൽ ഇടപെട്ട് സുപ്രീംകോടതി. ജസ്റ്റിസ് ശേഖർ കുമാർ യാദവ് ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി കൊളിജിയം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിൽ ഹാജരാകാനാണ് സമൻസിൽ നിർദേശിച്ചിട്ടുള്ളത്. ജസ്റ്റിസ് ശേഖർ യാദവിന്റെ വിവാദ പ്രസംഗത്തിൽ സുപ്രീംകോടതി നേരത്തെ അലഹാബാദ് ഹൈക്കോടതിയോട് വിശദീകരണം തേടിയിരുന്നു.
ഡിസംബർ 10 ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് വിവാദ പ്രസ്താവന നടത്തിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ ഭരിക്കപ്പെടുക ഏക സിവിൽ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഇത് ഉടൻ യാഥാർഥ്യമാകും. ഹിന്ദു സമൂഹം നിരവധി മോശം ആചാരങ്ങളിൽ നിന്ന് മുക്തി നേടി. അതുപോലെ മറ്റു മതങ്ങളും ദുരാചാരങ്ങൾ ഒഴിവാക്കണം. ആർഎസ്എസും വിഎച്ച്പിയും മാത്രമല്ല രാജ്യത്തിന്റെ പരമോന്നത നീതിപീഠവും സിവിൽകോഡിനെപ്പറ്റി സംസാരിക്കുന്നതായും ജഡ്ജി ശേഖർ കുമാർ യാദവ് പറഞ്ഞു.
വിവാദ പ്രസംഗത്തിൽ ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിട്ടുണ്ട്. കപിൽ സിബലിന്റെ നേതൃത്വത്തിൽ 55 പ്രതിപക്ഷ എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്. ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ പ്രസംഗം വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര മൂല്യങ്ങളെ ലംഘിക്കുന്നുവെന്നും നോട്ടീസിൽ പറയുന്നു. വിഎച്ച്പി പരിപാടിയിലെ ജഡ്ജിയുടെ പ്രസംഗം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ പക്ഷപാതവും മുൻവിധിയും പ്രകടിപ്പിച്ചത് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
പൊതുസ്ഥലത്ത് തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ച ജസ്റ്റിസ് യാദവ്, ജഡ്ജി എന്ന നിലയിൽ പരിധി മറികടന്നെന്നും, അത് ഗുരുതരമായ ലംഘനമാണെന്നും ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ആരോപിക്കുന്നു. ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ പ്രസംഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന്റെ ചുമതലകളിൽ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാറ്റം വരുത്തി. പ്രധാന കേസുകൾ കേൾക്കുന്നതിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.
Read More
- ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബിൽ; നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല
- ബെംഗളൂരുവിലെ ഐടി ജീവനക്കാരന്റെ ആത്മഹത്യ; ഭാര്യ അറസ്റ്റിൽ
- വയനാട് പാക്കേജ്: കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു: പ്രിയങ്ക ഗാന്ധി
- അടിയന്തരാവസ്ഥയുടെ പാപത്തിൽ നിന്ന് കോൺഗ്രസിന് മോചനമില്ല; ഭരണഘടനാ ചർച്ചയിൽ മോദി
- സവർക്കറെ ഉദ്ധരിച്ച് തുടക്കം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.