/indian-express-malayalam/media/media_files/YsBnNJz00Zh76vSuILMV.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. കേസിൽ ഇ.ഡിയുടെ അറസ്റ്റിൽ നിയമസാധുത ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിലാണ് വിധി. എന്നാൽ, കെജ്‌രിവാൾ ജയിലിൽ തുടരേണ്ടിവരും. മദ്യനയവുമായി ബന്ധപ്പെട്ട സിബിഐയുടെ അഴിമതിക്കേസിൽ ജൂലൈ 12വരെ മുഖ്യമന്ത്രി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി ഭരണഘടന ബെഞ്ചിന് വിട്ടു. കേസിൽ വിധി പറയുന്നത് മെയ് 17ന് കോടതി മാറ്റിവെച്ചിരുന്നു. കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ എ.എം.സിംഗ്വി അന്വേഷണത്തെ ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഒമ്പത് സാക്ഷിമൊഴികൾ അവഗണിച്ച് കെജ്‌രിവാളിനെ കുറ്റക്കാരനാക്കാൻ ശ്രമിച്ചുവെന്നാണ് വാദം.
കെജ്‌രിവാളിനെതിരെ സാക്ഷിമൊഴി നൽകിയ പി.ശരത് റെഡ്ഡി ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന നൽകിയെന്ന് ചൂണ്ടിക്കാട്ടി സാക്ഷി മൊഴികളുടെ സത്യാവസ്ഥയും ചോദ്യം ചെയ്തു. അഴിമതിയിലൂടെ സമ്പാദിച്ച പണം, ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതായാണ് ഇ.ഡി ആരോപണം. എന്നാൽ, ആം ആദ്മി പാർട്ടി പണം കൈപ്പറ്റിയെന്നതിന് ഒരു അടിസ്ഥാനവുമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു കെജ്‌രിവാളിന്റെ വാദങ്ങൾ നിഷേധക്കുകയും, നിയമമനുസരിച്ച് കുറ്റംചുമത്തുന്ന ഘട്ടത്തിൽ പോലും പ്രതികളുടെ പ്രതിരോധം നോക്കാനാവില്ലെന്ന് വ്യക്തമാക്കി.
അതേസമയം, മദ്യനയ അഴിമതി കേസിൽ തനിക്ക് സമൻസ് അയച്ച ഇ.ഡി നടപടിയടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള അരവിന്ദ് കേജ്രിവാളിന്റെ ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി സെപ്റ്റംബർ 9 ലേക്ക് മാറ്റി. കേസിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ചില വ്യവസ്ഥകളുടെ സാധുതയും വ്യാഖ്യാനവും സംബന്ധിച്ചുള്ള പരാതിയും കെജ്‌രിവാൾ ഹർജിയിൽ ഉന്നയിക്കുന്നു.
വിഷയത്തിൽ ഇ.ഡിയുടെ മറുപടിയിൽ പ്രതികരണം നൽകാൻ കെജ്‌രിവാളിന് നാലാഴ്ച്ചത്തെ സമയം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് പ്രതിബ സിംഗ്, ജസ്റ്റിസ് അമിത് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത നടപടിക്ക് പിന്നിൽ ചില പ്രത്യക ലക്ഷ്യങ്ങളുണ്ടെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പറഞ്ഞു.
Read More
- കൂട്ടത്തോൽവി; ഡൽഹിയിൽ സർക്കാർ സ്കൂളുകളിൽ പരാജയപ്പെട്ടത് ഒരു ലക്ഷത്തിലധികം ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ
- ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെ, യുദ്ധമല്ല: നരേന്ദ്ര മോദി
- യുജിസി നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു; സിബിഐ കണ്ടെത്തൽ
- രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ബിജെപി എംഎൽഎ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.