/indian-express-malayalam/media/media_files/pnO6NRqLdf481ILOK2Jp.jpg)
ബിജെപി എംഎൽഎ ഭരത് ഷെട്ടി, രാഹുൽ ഗാന്ധി
ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ബിജെപി എംഎൽഎ ഭരത് ഷെട്ടിക്കെതിരെ കേസ്. വിവാദ പരാമർശത്തിൽ ഷെട്ടിക്കെതിരെ ബുധനാഴ്ച കേസെടുത്തതായി കർണാടക പൊലീസ് അറിയിച്ചു. മംഗളൂരു സിറ്റി കോർപ്പറേഷനിലെ കോൺഗ്രസ് കോർപ്പറേറ്ററായ കെ.അനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാവൂർ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാഹുൽ ഗാന്ധിയെ പരാമർശിച്ച് എംഎൽഎ ഭരത് ഷെട്ടി പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് കെ.അനിൽ പരാതിയിൽ ആരോപിച്ചു. കേസിൽ അന്വേഷണം നടക്കുകയാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഭരത് ഷെട്ടിക്കെതിരെ രൂഷ വിമർശനം നടത്തി.
ഞായറാഴ്ച സൂറത്ത്കലിൽ നടന്ന സമ്മേളനത്തിനിടെയാണ് വിവാദ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധിയെ പാർലമെൻ്റിനുള്ളിൽ അറസ്റ്റുചെയ്യണമെന്നും തല്ലണമെന്നുമായിരുന്നു, മംഗളൂരു സിറ്റി നോർത്തിനെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎൽഎയുടെ പ്രസ്താവന. പരാമർശത്തിൽ വീഡിയോ ക്ലിപ്പുകൾ വൈറലായതോടെ വ്യാപക വിമർശനമാണ് എംഎൽഎക്കെതിരെ ഉയർന്നത്.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡൻ്റ് മഞ്ജുനാഥ് ഭണ്ഡാരി, ബിജെപി എംഎൽഎയെ പരിഹസിച്ച് വാർത്താ സമ്മേളനം നടത്തി. "അയാൾ എങ്ങനെ പാർലമെൻ്റിൽ പ്രവേശിക്കും? പ്രതിപക്ഷ നേതാവിനെ ആക്രമിക്കാൻ ആയുധം കൈയിലെടുക്കുമോ? ഷെട്ടി ഒരു തീവ്രവാദിയാണോ? ഭരത് ഷെട്ടിക്ക് കോൺഗ്രസ് പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകനോട് നേരിട്ട് സംസാരിക്കാൻ പോലും കഴിയില്ലെന്ന് തനിക്ക് ഉറപ്പുണ്ട്", മഞ്ജുനാഥ് പറഞ്ഞു.
ദക്ഷിണ കന്നഡ ജില്ലയിലെ ബിജെപി എംഎൽഎമാരുടെ പെരുമാറ്റദൂഷ്യം കൊണ്ട്, തീരപ്രദേശത്ത് നിന്ന് ബിജെപി എംഎൽഎമാരെ തിരഞ്ഞെടുക്കുന്നതിൽ ജനങ്ങൾക്ക് ലജ്ജ തോന്നുന്നുവെന്നും കെപിസിസി പ്രസിഡന്റെ പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിൻ്റെ സാന്നിധ്യം അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ബിജെപി കലാപത്തിന് പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Read More
- ഇത് യുദ്ധത്തിനുള്ള സമയമല്ല; ഭീകരത ഒരു തരത്തിലും അംഗീകരിക്കാനാവില്ല: പ്രധാനമന്ത്രി മോദി
- മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിനായി ക്രിമിനൽ കേസ് നല്കാം: സുപ്രീം കോടതി
- 2024 ൽ ഇതുവരെ ബിഎസ്എഫ് വെടിവച്ചിട്ടത് 125 പാക്കിസ്ഥാൻ ഡ്രോണുകൾ
- കത്വ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി
- ‘വന്നത് സഹോദരനായി, സാധ്യമായതെല്ലാം ചെയ്യും’; മണിപ്പൂർ സന്ദർശനത്തിൽ രാഹുൽ ഗാന്ധി
- 'ചോദ്യ പേപ്പർ ചോർന്നത് തന്നെ'; നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us