/indian-express-malayalam/media/media_files/PPZs6dUTB6ZdmI0DhUK1.jpg)
ചിത്രം: എക്സ്/ നരേന്ദ്ര മോദി
ഡൽഹി: ഉക്രെയ്‌നിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങളെക്കുറിച്ച് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായി ചർച്ച നടത്തിയെന്ന് ദ്വിദിന ഉഭയകക്ഷി സന്ദർശനത്തിനായി ഓസ്ട്രിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് എവിടെയും അംഗീകരിക്കാനാവില്ലെന്നും, സംഘർഷങ്ങൾക്കുള്ള പരിഹാരങ്ങൾ യുദ്ധക്കളത്തിൽ കണ്ടെത്താനാകില്ലെന്നും മോദി പറഞ്ഞു.
റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്തി ഓസ്ട്രിയയിലെത്തിയത്. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത്. ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകൾ തിരിച്ചറിഞ്ഞതായും, വരുന്ന ദശാബ്ദത്തേക്കുള്ള സഹകരണത്തിനുള്ള ബ്ലൂപ്രിൻ്റ് തയ്യാറാക്കിയതായും മോദി പറഞ്ഞു.
"ചാൻസലർ നെഹാമറുമായി ഫലപ്രദമായ ചർച്ച നടത്തി. പരസ്പര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകൾ കണ്ടെത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും ബന്ധത്തിന് തന്ത്രപരമായ ദിശ നൽകാൻ തീരുമാനിച്ചു. അടുത്ത ദശാബ്ദത്തേക്ക് സഹകരണത്തിനുള്ള ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്," ചർച്ചകൾക്ക് ശേഷം മോദി പറഞ്ഞു.
Hatte ein ausgezeichnetes Treffen mit Bundeskanzler @karlnehammer. Dieser Besuch in Österreich ist etwas ganz Besonderes, denn nach mehreren Jahrzehnten besucht ein indischer Premierminister dieses wunderbare Land. Es ist auch die Zeit, in der wir das 75-jährige Bestehen der… pic.twitter.com/MhW37AFeyS
— Narendra Modi (@narendramodi) July 10, 2024
"ഉക്രെയ്നിലെ സംഘർഷമോ പശ്ചിമേഷ്യയിലെ സാഹചര്യമോ ആകട്ടെ, ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളെക്കുറിച്ച് ചാൻസലർ നെഹാമറുമായി ദീർഘ സംഭാഷണം നടത്തി. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു."
യുദ്ധക്കളത്തിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്ന് പറഞ്ഞ മോദി, ഇന്ത്യയും ഓസ്ട്രിയയും സംഭാഷണത്തിനും നയതന്ത്രത്തിനും ഊന്നൽ നൽകുന്നുണ്ടെന്നും അതിന് ആവശ്യമായ പിന്തുണ നൽകാൻ തയ്യാറാണെന്നും വ്യക്തമാക്കി. "ഇന്ത്യയും ഓസ്ട്രിയയും ഭീകരതയെ ശക്തമായി അപലപിക്കുന്നു. അത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഒരു തരത്തിലും ന്യായീകരിക്കാനാവുന്നതും അല്ല," മോദി പറഞ്ഞു.
"മൂന്നാം ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ഓസ്ട്രിയ സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഈ സന്ദർശനം ചരിത്രപരവും സവിശേഷവുമാണ്. 41 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയ മൂല്യങ്ങളിലുള്ള വിശ്വാസമാണ് ഇന്ത്യ-ഓസ്ട്രിയ ബന്ധത്തിൻ്റെ ശക്തമായ അടിത്തറ," പ്രധാനമന്തി കൂട്ടിച്ചേർത്തു.
Read More
- മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിനായി ക്രിമിനൽ കേസ് നല്കാം: സുപ്രീം കോടതി
- 2024 ൽ ഇതുവരെ ബിഎസ്എഫ് വെടിവച്ചിട്ടത് 125 പാക്കിസ്ഥാൻ ഡ്രോണുകൾ
- കത്വ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി
- ‘വന്നത് സഹോദരനായി, സാധ്യമായതെല്ലാം ചെയ്യും’; മണിപ്പൂർ സന്ദർശനത്തിൽ രാഹുൽ ഗാന്ധി
- 'ചോദ്യ പേപ്പർ ചോർന്നത് തന്നെ'; നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us