/indian-express-malayalam/media/media_files/MCIwTRVkyg3IHqVn1y08.jpg)
മാധവ് ഗാഡ്‌ഗിൽ
ന്യൂഡൽഹി: കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന ഉരുൾപൊട്ടലുകൾക്ക് കാരണം പ്രകൃതിചൂഷണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്‌ഗിൽ. അനിയന്ത്രിതമായ നഗരവൽക്കരണം, ടൂറിസം പ്രവർത്തനം, വീടുകൾ, ഹോംസ്‌റ്റേകൾ, സെൻസിറ്റീവ് സോണിലെ റോഡുകളുടെ നിർമ്മാണം, ഉരുൾപൊട്ടൽ സാധ്യതയുള്ള മലനിരകളിലെ മരങ്ങൾ മുറിക്കൽ, അറബിക്കടലിന്റെ താപനില വർധിക്കുന്നതുമൂലമുള്ള മേഘവിസ്ഫോടനം, അനധികൃത ഖനനം തുടങ്ങിയവയെല്ലാം ഇതിനു പിന്നിലെ കാരണങ്ങളാണെന്ന് അദ്ദേഹം ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അനധികൃത ക്വാറികളുടെ പ്രവർത്തനം കേരളത്തിൽ കൂടിവരികയാണ്. കോൺഗ്രസ്, സിപിഎം, ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ കേരളത്തിൽ ഇവ പ്രവർത്തിക്കുന്നതെന്ന് മാധവ് ഗാഡ്‌ഗിൽ ആരോപിച്ചു. ക്വാറികൾക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടില്ലെങ്കിൽ വൻ ദുരന്തങ്ങൾക്ക് ഇനിയും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രകൃതിസംരക്ഷണത്തിന് ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ, അതൊന്നും പാലിക്കപ്പെടുന്നില്ല. ജനങ്ങൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്നും സംഘടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനുപിന്നാലെ ഗാഡ്‌ഗിൽ റിപ്പോർട്ട് വീണ്ടും ചർച്ചയായിട്ടുണ്ട്. കേരളത്തിലെ അനിയന്ത്രിത നിർമ്മാണങ്ങൾക്കെതിരെയുള്ളതായിരുന്നു ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്. 2011 ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇപ്പോൾ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ, മേപ്പാടി എന്നീ മേഖലകളെ പരിസ്ഥിതിലോലപ്രദേശങ്ങളുടെ കൂട്ടത്തിലാണ് ഗാഡ്‌ഗിൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. അന്നത്തെ കേന്ദ്രസർക്കാർ ഗാഡ്ഗിൽ റിപ്പോർട്ട് തള്ളുകയും മറ്റൊരു റിപ്പോർട്ട് തയ്യാറാക്കാൻ കസ്തൂരിരംഗന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുകയുമായിരുന്നു.
Read More
- ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, വിശ്രമമില്ലാതെ സൈനികർ
- മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
- ഇനി എങ്ങോട്ട്? ഒന്നുമില്ലാത്ത ഭാവിയിലേയ്ക്ക് കണ്ണും നട്ട് വയനാടിന്റെ മക്കൾ
- 'അമ്മേ, നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു': ഉരുൾപൊട്ടൽ നടുക്കം മാറാതെ അതിജീവിതർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us