/indian-express-malayalam/media/media_files/Fz00nDuWhBDgkrGqyRqU.jpg)
രാഹുൽ ഗാന്ധി (ഫയൽ ചിത്രം)
ഡൽഹി: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മേജർ റാങ്ക് ഓഫീസർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. ബിജെപിയുടെ തെറ്റായ നയങ്ങൾ മൂലമാണ് സൈനികർക്ക് തുടർച്ചയായി ജീവൻ നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാവുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സംഭവങ്ങൾ ദുഃഖകരവും ആശങ്കാജനകവുമാണെന്നും രാഹുൽ പറഞ്ഞു. തന്റെ എക്സ് ഹാൻഡിലിലായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ.
"സംഭവങ്ങൾ ദുഃഖകരവും ആശങ്കാജനകവുമാണ്. ആവർത്തിച്ചുള്ള സുരക്ഷാ വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കുകയും രാജ്യത്തെയും സൈനികരെയും ദ്രോഹിക്കുന്ന കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുകയും ചെയ്യുക,” രാഹുൽ എക്‌സിൽ കുറിച്ചു. ആവർത്തിച്ചുള്ള ഭീകരാക്രമണങ്ങൾ ജമ്മു കശ്മീരിന്റെ മോശം അവസ്ഥയാണ് വെളിപ്പെടുത്തുന്നത്. ബിജെപിയുടെ തെറ്റായ നയങ്ങളുടെ ആഘാതം പേറുന്നത് നമ്മുടെ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കത്വ ജില്ലയിലെ മച്ചേദി വനമേഖലയിൽ സമാനമായ ഭീകരാക്രമണം അഞ്ച് സൈനികരുടെ ജീവൻ അപഹരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ദോഡയിലെ ഏറ്റുമുട്ടൽ. ഈയിടെയായി ജമ്മു ഡിവിഷനിൽ ഭീകരാക്രമണങ്ങളുടെ സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്, ഇത് പോലീസിനെയും സുരക്ഷാ സേനയെയും വൻതോതിൽ സംയുക്ത കോമ്പിംഗും തിരച്ചിൽ പ്രവർത്തനങ്ങളും ആരംഭിക്കാൻ പ്രേരിപ്പിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തന്റെ എക്സിലൂടെ സൈനികർക്ക് അനുശോചനം രേഖപ്പെടുത്തി. "മോദി സർക്കാർ എല്ലാം 'സാധാരണപോലെ' എന്ന മട്ടിലാണ് പ്രവർത്തിക്കുന്നത്, ഒന്നും മാറിയിട്ടില്ല," ഖാർഗെ എഴുതി. “ ജമ്മു മേഖല ഈ ആക്രമണങ്ങളുടെ ഭാരം വഹിക്കുന്നുണ്ടെന്ന് അവർ അറിഞ്ഞിരിക്കണം,” ഖാർഗെ പറഞ്ഞു. ദേശീയ സുരക്ഷ അപകടത്തിലാക്കരുതെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വീരമൃത്യു വരിച്ച സൈനികർക്ക് അനുശോചനം രേഖപ്പെടുത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.