/indian-express-malayalam/media/media_files/2025/09/30/sabarimala-swarnapali-2025-09-30-13-08-07.jpg)
ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ കേസിലെ പ്രധാന കണ്ണിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുകളിൽ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തലിൽ ഉണ്ടായിരുന്നു. കൂടാതെ ഇയാളുടെ ഇടപെടലുകളിൽ ഹൈക്കോടതിയും സംശയം പ്രകടിപ്പിരുന്നു. ഇതിനുപിന്നാലെയാണ് പോറ്റിയെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
Also Read:ശബരിമല സ്വർണക്കൊള്ള; പ്രതിപ്പട്ടികയിൽ 2019ലെ ദേവസ്വം ബോർഡും
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ വിശദമായ അന്വേഷണം വേണമെന്ന് നേരത്തെ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ ശുപാർശ ഉണ്ടായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള വ്യവസായി എന്ന നിലയിൽ ശബരിമലയിൽ ഒന്നിലധികം തവണ സ്വർണം പൂശൽ സ്പോൺസർ ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്ഥിരമായ വരുമാന സ്രോതസ്സില്ലെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ശബരിമലയിൽ പോറ്റി സ്പോൺസർ ചെയ്ത പ്രവൃത്തികളിൽ വിശദമായ അന്വേഷണം വേണം എന്നും വിജിലൻസ് റിപ്പോർട്ടിൽ ശുപാർശയുണ്ട്.
Also Read:ശബരിമല സ്വർണ കവർച്ച; അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും
വർഷങ്ങളായി ക്ഷേത്രത്തിന് വലിയ സംഭാവനകൾ നൽകി വന്നിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആദായ നികുതി രേഖകൾ പ്രകാരമാണ് വിജിലൻസിന്റെ വിലയിരുത്തൽ. ഹൈക്കോടതി ഉത്തരവിട്ട പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ചാർട്ടേഡ് അക്കൗണ്ടന്റ് വഴി പോറ്റിയുടെ 2017-2025 കാലയളവിലെ ആദായനികുതി റിട്ടേണുകൾ വിജിലൻസ് പരിശോധിച്ചത്. ഇത് പ്രകാരം ഉണ്ണികൃഷ്ണൻ പോറ്റി സ്ഥിരമായ വരുമാനമൊന്നും വെളിപ്പെടുത്തിയിട്ടില്ല.വിജിലൻസിന്റെ കണ്ടെത്തൽ ഉൾപ്പെടെ ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച എസ്‌ഐടി പരിശോധിക്കുന്നുണ്ട്.
Also Read: ശബരിമല സ്വർണക്കൊള്ള: കേസെടുത്ത് ക്രൈം ബ്രാഞ്ച്, ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ
പോറ്റി സ്പോൺസർ ചെയ്തെന്ന് പറയപ്പെടുന്ന ശ്രീകോവിൽ വാതിലിന്റെ അറ്റകുറ്റപ്പണിയും സ്വർണ്ണം പൂശലിനും പണം ചെലവഴിച്ചത് ബല്ലാരി ആസ്ഥാനമായുള്ള ബിസിനസുകാരനായ ഗോവർദ്ധനൻ ആണെന്നാണ് വിജിലൻസ് കണ്ടെത്തൽ. പോറ്റിയുടെ പേരിൽ അറിയപ്പെടുന്ന ശ്രീകോവിൽ വാതിൽ ചട്ടക്കൂടിന്റെ സ്വർണ്ണം പൂശലും ബെംഗളൂരു ആസ്ഥാനമായുള്ള മറ്റൊരു ബിസിനസുകാരനായ അജികുമാറാണ് സ്പോൺസർ ചെയ്തത് എന്നും വിജിലൻസ് റിപ്പോർട്ട് പറയുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾക്കാണ് പോറ്റി സംഭവനകൾ നൽകിയിരിക്കുന്നത്. ശബരിമലയിലെ പതിനെട്ടാം പടിയുടെ ഇരുവശത്തുമുള്ള വിവിധ പൂജകൾ, അലങ്കാരപ്പണികൾ എന്നിവയ്ക്കും പോറ്റിയുടെ പേരിൽ പണം നൽകിയിട്ടുണ്ട്. 2025 ജനുവരിയിലാണ് ഈ സംഭാവനകൾ നൽകിയിരിക്കുന്നത്. അന്നദാന മണ്ഡപത്തിലെ ലിഫ്റ്റിനായി 10 ലക്ഷം രൂപ, അന്നദാനത്തിന് ആറ് ലക്ഷം രൂപ എന്നിവയും പോറ്റി ക്ഷേത്രത്തിന് നൽകിയിട്ടുണ്ട്. 2017 ൽ 8.2 ലക്ഷം രൂപയും 17 ടൺ അരിയും 30 ടൺ പച്ചക്കറികളും ക്ഷേത്രത്തിന് സംഭാവന ചെയ്തിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Read More: സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.