/indian-express-malayalam/media/media_files/2025/10/10/sabarimala-1-2025-10-10-12-35-26.jpg)
ശബരിമല സ്വർണ കവർച്ച; അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും
തിരുവനന്തപുരം: ശബരിമല സ്വർണ കവർച്ചയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി എസ്‌ഐടി. ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുക്കാനാണ് നീക്കം. പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് സൂചന.
വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് ചെന്നൈയിലേക്കും, ബെംഗളൂരുവിലേക്കും ഉൾപ്പെടെ എസ് ഐ ടി അന്വേഷണം വ്യാപിപ്പിക്കും. ഇതിനിടെ, അറ്റകുറ്റപ്പണി കഴിഞ്ഞ ദ്വാരപാലക ശിൽപ പാളികൾ അമിക്കസ്‌ക്യൂറി ഇന്ന് പരിശോധിക്കും. സ്‌ട്രോങ്ങ് റൂം പരിശോധന ഇന്നും തുടരും. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരെയും അടക്കം പ്രതിയാക്കി രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Also Read:ശബരിമല സ്വർണക്കൊള്ള: കേസെടുത്ത് ക്രൈം ബ്രാഞ്ച്, ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ
ദ്വാരപാലക ശിൽപപ്പാളി, കട്ടിള എന്നിവയിൽ നിന്ന് സ്വർണ്ണം കവർന്ന രണ്ട് കേസുകളിലുമായി ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി രേഖപ്പെടുത്തും. ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ എസ്‌ഐടി ആവശ്യപ്പെട്ടിട്ടുവെന്നാണ് സൂചന. അതിനുശേഷം മുരാരി ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. നിലവിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയെ പ്രതിയാക്കിയിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷമായിരിക്കും പ്രതി ചേർക്കുക.
Also Read:ശബരിമലയിൽനിന്ന് മോഷണം പോയ സ്വർണത്തിന്റെ അളവിൽ സംശയം; വ്യക്തത വരുത്താൻ വിജിലൻസ് നീക്കം
വേർതിരിച്ചെടുത്ത സ്വർണ്ണം ഒരു സുഹൃത്തിന് നൽകിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം വിജിലൻസിന് മൊഴി നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതനുസരിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒരു സുഹൃത്തിനെ കൈമാറി എന്നാണ് സ്മാർട്ട് ക്രിയേഷൻസിൻറെയും മൊഴി. കൽപേഷ് എന്ന സുഹൃത്തിനാണ് വേർതിരിച്ച സ്വർണം കൈമാറിയതെന്നാണ് പോറ്റിയുടെ മൊഴി.
ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ഇയാളിൽ നിന്ന് നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. എസ്‌ഐടിയിൽ പുതുതായി ഉൾപ്പെടുത്തിയ അംഗങ്ങൾ ഉൾപ്പെടെ പല വിഭാഗങ്ങളായി തിരിഞ്ഞാകും അന്വേഷണം. മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തെ രണ്ട് എസ്പിമാർ ഏകോപിപ്പിക്കും. പത്തനംതിട്ടയിൽ ക്യാമ്പ് ഓഫീസ് തുറക്കും.
Read More:കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ്; വിവരം പൂഴ്ത്തിവച്ചുവെന്ന് കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.