/indian-express-malayalam/media/media_files/2025/08/05/dharmasthala-2025-08-05-09-32-18.jpg)
ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച 11-ാമത്തെ സ്ഥലത്ത് നിന്നാണ് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്
ബെംഗളൂരു: കർണാടകയിലെ ക്ഷേത്രനഗരമായ ധർമ്മസ്ഥലയിൽ നടന്ന തിരച്ചിലിൽ പുതിയ സ്ഥലത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച 11-ാമത്തെ സ്ഥലത്ത് നിന്ന് തലയോട്ടികളുടെയും മനുഷ്യ അസ്ഥികളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയതായി എസ്‌ഐടിയിലെ വൃത്തങ്ങൾ പറഞ്ഞു.
ധർമ്മസ്ഥലയിൽ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയന്ന് ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ട് പതിറ്റാണ്ടുകളായി നഗരത്തിൽ നടന്ന കൊലപാതകം, ബലാത്സംഗം, നിയമവിരുദ്ധമായ ശവസംസ്കാരങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നു. ഇതോടെയാണ് സർക്കാർ എസ്‌ഐടി രൂപീകരിച്ചത്.
ധർമ്മസ്ഥലയിലെ വിവിധ ഇടങ്ങളിൽ തന്നെ ഭീഷണിപ്പെടുത്തി നിരവധി മൃതദേഹങ്ങൾ മറവുചെയ്യാൻ നിർബന്ധിച്ചുവെന്നാണ് സാക്ഷി ആരോപിച്ചത്. സാക്ഷി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ധർമ്മസ്ഥലയിൽ പരിശോധന തുടങ്ങിയത്. മൃതദേഹങ്ങൾ കുഴിച്ചിട്ട 13 ഇടങ്ങളാണ് സാക്ഷിയായി കണക്കാക്കുന്ന മുൻ ശുചീകരണത്തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ച് നൽകിയത്. സാക്ഷിയുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
Also Read: യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ലായിരുന്നു; രാഹുലിന് സുപ്രീം കോടതിയുടെ വിമർശനം
ജൂലൈ 31 ന് സാക്ഷി ചൂണ്ടിക്കാണിച്ച ആറാമത്തെ സ്ഥലമായ ധർമ്മസ്ഥല പട്ടണത്തിന് സമീപമുള്ള നേത്രാവതി നദിയുടെ തീരത്തുനിന്ന് തലയോട്ടിയുടെയും അസ്ഥികളുടെയും ഒരു ഭാഗം സംഘം കണ്ടെത്തിയിരുന്നു. ജൂലൈ 29 മുതൽ വിവിധ സ്ഥലങ്ങളിൽ എസ്‌ഐടി പരിശോധന തുടരുകയാണ്. കണ്ടെത്തിയ എല്ലാ അസ്ഥികൂട അവശിഷ്ടങ്ങളും പ്രായം, ലിംഗഭേദം, മരണകാരണം എന്നിവ നിർണയിക്കുന്നതിനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതേസമയം, 2002-2003 ൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് സംസ്‌കരിച്ചതായി അവകാശപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിലെ ഒരു സാമൂഹിക പ്രവർത്തകൻ തിങ്കളാഴ്ച എസ്‌ഐടിക്ക് മുമ്പാകെ പരാതി നൽകി. സ്റ്റേറ്റ് ഹൈവേ 37 നു സമീപത്തുള്ള വനത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസിനെ അറിയിച്ചിരുന്നുവെന്നും ജയന്ത് ടി പറഞ്ഞു. പരാതിയോ, സ്പോട്ട് മഹസറോ (റിപ്പോർട്ട്), പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ ഇല്ലെന്ന് പറഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് മൃതദേഹം കാട്ടിൽ കുഴിച്ചിട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
1995 മുതൽ 2014 വരെയുള്ള അസ്വാഭാവിക മരണ റിപ്പോർട്ട് രേഖകൾ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. വളരെ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ വിവരങ്ങൾ തേടി ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ എസ്‌ഐടി ഒരു ഹെൽപ്പ് ലൈനുകളും ഒരു ചെറിയ ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്.
Read More: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സെപ്റ്റംബറിൽ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.