scorecardresearch

അധിക ലഗേജിനു പണം ആവശ്യപ്പെട്ടു; സ്പൈസ്ജെറ്റ് ജീവനക്കാർക്ക് സൈനികന്റെ ക്രൂരമർദ്ദനം; നട്ടെല്ലിന് ഗുരുതര പരിക്ക്; വീഡിയോ

ബോർഡിങ് ഗേറ്റിനു സമീപത്തുവച്ച് യാത്രക്കാരൻ നാലു ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു

ബോർഡിങ് ഗേറ്റിനു സമീപത്തുവച്ച് യാത്രക്കാരൻ നാലു ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു

author-image
WebDesk
New Update
SpiceJet assault

ചിത്രം: എക്സ്

ശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് യാത്രക്കാരന്റെ ക്രൂരമർദ്ദനം. സൈനികനായ യാത്രക്കാരനാണ് ജീവനക്കാരെ ആക്രമിച്ചത്. ജൂലൈ 26 നായിരുന്നു സംഭവം. അധിക ലഗേജിന് ഫീസ് ആവശ്യപ്പെട്ടതോടെ സൈനികൻ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

Advertisment

ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള എസ്‌ജി-386 വിമാനത്തിന്റെ ബോർഡിങ് ഗേറ്റിനു സമീപത്തുവച്ച് യാത്രക്കാരൻ നാലു ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. 'മർദ്ദനത്തിൽ ജീവനക്കാരുടെ നട്ടെല്ലിനും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടെ ഒരു ജീവനക്കാരൻ ബോധരഹിതനായി നിലത്തു വീണെങ്കിലും യാത്രക്കാരൻ മർദ്ദനം തുടർന്നു,' സ്‌പൈസ് ജെറ്റ് അധികൃതർ പറഞ്ഞു.

Also Read: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല: ആവർത്തിച്ച് തലാലിന്റെ സഹോദരൻ

ഗുരുതരമായ പരിക്കേറ്റ ജീവനക്കാരുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവമുണ്ടായതായും സ്പൈസ് ജെറ്റ് വക്താവ് കൂട്ടിച്ചേർത്തു. '16 കിലോ ക്യാബിന്‍ ലഗേജായിരുന്നു സൈനിക ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നത്. ഏഴു കിലോയാണ് അനുവദനീയം. ഇരട്ടിയിലധികമുള്ള അധിക ലഗേജിന് പണം നല്‍കണമെന്ന് വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് പ്രകോപനമുണ്ടാക്കിയത്. സൈനികൻ ബോർഡിങ് പ്രക്രിയ പൂർത്തിയാക്കാതെ എയ്‌റോബ്രിഡ്ജിൽ ബലമായി പ്രവേശിക്കുകയും ചെയ്തു.'

Advertisment

Also Read: അതീവ ജാഗ്രത വേണം; അയർലൻഡിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

'വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകളുടെ വ്യക്തമായ ലംഘനമാണിത്. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ ഗേറ്റിലേക്ക് തിരികെ കൊണ്ടുപോയി. എന്നാൽ, ഗേറ്റിൽവച്ച് യാത്രക്കാരൻ കൂടുതൽ ആക്രമണകാരിയായി. സ്‌പൈസ് ജെറ്റ് ഗ്രൗണ്ട് സ്റ്റാഫിലെ നാല് അംഗങ്ങളെയാണ് ഇയാൾ ആക്രമിച്ചത്. ലോക്കൽ പൊലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിവിൽ ഏവിയേഷൻ ചട്ടങ്ങൾക്കനുസൃതമായി യാത്രക്കാരനെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികൾ എയർലൈൻ ആരംഭിച്ചിരിക്കുകയാണ്. ആക്രമണത്തെക്കുറിച്ച് വിലയിരുത്തി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് സ്‌പൈസ് ജെറ്റ് കത്തെഴുതുകയും യാത്രക്കാരനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്,' വക്താവ് പറഞ്ഞു.

Also Read: അരുൺ ജെയ്റ്റലി തന്നെ ഭീഷണിപ്പെടുത്തി: വിവാദ വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി

ഗുൽമാർഗിലെ ആർമി ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ സ്കൂളിൽ പോസ്റ്റിങ്ങിലുള്ള സൈനിക ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് വൃത്തങ്ങൾ അറിയിച്ചു. വിമാനക്കമ്പനിയുടെ പരാതിയിൽ ബുഡ്ഗാം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൈനികൻ ജീവനക്കാരെ ആക്രമിക്കുന്നതും പരിക്കേറ്റ ജീവനക്കാരിൽ ഒരാളെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.

Read More: ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; പത്ത് മരണം

Attack Flight

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: