/indian-express-malayalam/media/media_files/2025/01/18/vV5nm0Y19FqaeOvzaH4l.jpg)
പ്രതിയുടെ സിസിടിവി ദൃശ്യം
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ബാന്ദ്രയിലെ വസതിയിൽ വച്ച് കുത്തിപ്പരുക്കേൽപ്പിച്ചശേഷം രക്ഷപ്പെട്ട അക്രമി ഇപ്പോഴും ഒളിവിൽ തുടരുന്നു. സഭവം നടന്ന് 40 മണിക്കൂറിലേറെയായിട്ടും പ്രതിയെ പിടികൂടാൻ മുംബൈ പൊലീസിന് കഴിഞ്ഞിട്ടില്ല. കുറ്റകൃത്യം നടത്തിയശേഷം വേഷം മാറി രക്ഷപ്പെട്ട പ്രതി കൊടുംകുറ്റവാളിയെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
ലോക്കൽ പൊലീസ്, ക്രൈം ബ്രാഞ്ച്, ക്രൈം ഇന്റലിജൻസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വ്യാപക അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെ പ്രതിയുമായി രൂപസാദൃശ്യമുണ്ടെന്ന് സംശയം തോന്നിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും സംഭവുമായി ബന്ധമില്ലെന്ന് കണ്ടെത്തി വിട്ടയച്ചു. സെയ്ഫിന്റെ കെട്ടിടത്തിലെ സിസിടിവിയിൽ പതിഞ്ഞ പ്രതിയുമായി സാമ്യമുള്ളതും ചെറിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതിനാലുമാണ് അയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെ വൈകിട്ട് പ്രതിയുടെ മറ്റൊരു സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. നടനെ ആക്രമിച്ചശേഷം പുറത്തെത്തിയ പ്രതി വേഷം മാറിയാണ് രക്ഷപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ബാന്ദ്ര റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിർണായക ദൃശ്യം ലഭിച്ചത്. പ്രതിയുടെ ഫോട്ടോ പലരുമായും പങ്കിട്ടിട്ടുണ്ടെന്നും ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓട്ടോ-ടാക്സി തൊഴിലാളികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിയുടെ ഫോട്ടോ പ്രചരിപ്പിച്ചിട്ടുണ്ട്. "നഗരത്തിൽവച്ച് ആരെങ്കിലും അയാളെ കണ്ടിരുന്നെങ്കിൽ ഞങ്ങളെ സമീപിക്കുമായിരുന്നു. പക്ഷേ അത് സംഭവിച്ചിട്ടില്ല," ഉദ്യോഗസ്ഥൻ പറഞ്ഞു. കവർച്ച കേസുകളിൽ പ്രതികൾ പലപ്പോഴും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. “മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുള്ള നിരവധി പേരം, പ്രത്യേകിച്ച് പ്രതിയുമായി സാമ്യമുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അതും ഒരു ഫലവും നൽകിയില്ല,” ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.