/indian-express-malayalam/media/media_files/2024/11/17/Gu6qGqyak7IQbBzqV4fZ.jpg)
Ukraine War Updates
Ukraine War Updates: കീവ്: അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവെ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഈ വർഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയതെന്ന് യുക്രേനിയൻ എയർ ഫോഴ്സ് അറിയിച്ചു. 574 ഡ്രോണുകളും 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യൻ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ എയർ ഫോഴ്സ് അറിയിച്ചു.
യുക്രെയ്ൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. യുക്രെയ്ൻ്റെ പാശ്ചാത്യ സഖ്യകക്ഷികൾ നൽകുന്ന സൈനിക സഹായങ്ങൾ കൈമാറുന്നതും സൂക്ഷിക്കുന്നതും ഈ മേഖലയിലാണെന്നാണ് കരുതപ്പെടുന്നത്. ഉപയോഗിച്ച ഡ്രോണുകളുടെ എണ്ണം പരിഗണിക്കുമ്പോൾ റഷ്യയുടെ ഈ വർഷത്തെ മൂന്നാമത്തെ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Also Read:യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം: റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
ഉപയോഗിച്ചിരിക്കുന്ന മിസൈലുകളുടെ എണ്ണം പരിഗണിക്കുമ്പോൾ ഈ വർഷത്തെ എട്ടാമത്തെ ഏറ്റവും കടുത്ത ആക്രമണമാണിതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെയും ആളുകൾ അധിവസിക്കുന്ന പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണങ്ങൾ നടന്നത്. റഷ്യയിൽ നിന്ന് തൊടുത്ത മിസൈലുകൾ യുക്രെയ്ൻ്റെ പടിഞ്ഞാറൻ പ്രദേശത്ത് ഹംഗറിയുടെ അതിർത്തിവരെ എത്തിയെന്നാണ് റിപ്പോർട്ട്.
Also Read:ഉക്രെയ്‌നിൻ കനത്ത ഡ്രോൺ ആക്രമണവുമായി റഷ്യ
സെലൻസ്കിയും ട്രംപും തമ്മിൽ വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഏതാണ്ട് ആയിരത്തിനടുത്ത് ദീർഘദൂര ഡ്രോണുകൾ റഷ്യ യുക്രെയ്നെ ലക്ഷ്യമിട്ട് വിക്ഷേപിച്ചതായാണ് റിപ്പോർട്ട്. യുക്രെയ്ൻ്റെ വെടിനിർത്തൽ നിർദ്ദേശവും പുടിനുമായി നേരിട്ട് സംസാരിക്കാമെന്ന സെലൻസ്കിയുടെ നിർദ്ദേശവും അടക്കം നടന്ന് വരുന്ന സമാധാന ചർച്ചകളെ തുരങ്കം വെയ്ക്കുന്നതാണ് പുടിൻ്റെ നീക്കമെന്ന് യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും കുറ്റപ്പെടുത്തിയിട്ടുണ്ട്
റഷ്യൻ ആക്രമണത്തിനെതിരെ യുക്രേനിയൻ പ്രസിഡൻ്റ് സെലൻസ്കിയും രംഗത്തെത്തിയിട്ടുണ്ട്. ഒന്നിനും മാറ്റമില്ലെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അർത്ഥ പൂർണ്ണമായ ചർച്ചകൾക്കുള്ള ലക്ഷണങ്ങളൊന്നും റഷ്യ പ്രകടിപ്പിക്കുന്നില്ലെന്നും സെലൻസ്കി കുറ്റപ്പെടുത്തി. റഷ്യയുടെ മേൽ യുദ്ധം അവസാനിപ്പിക്കുന്നത് കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഇടപെടണമെന്ന് സെലൻസ്കി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. റഷ്യയ്ക്ക് മേൽ കടുത്ത നികുതികളും ഉപരോധങ്ങളും ഏർപ്പെടുത്തണമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
Also Read:'ഒന്നും അവസാനിക്കുന്നില്ല'; ഇന്ത്യയ്ക്കെതിരായ സമ്മർദ തന്ത്രം റഷ്യയ്ക്കു വൻ പ്രഹരമെന്ന് ട്രംപ്
യുക്രെയ്ൻ്റെ സൈനിക-വ്യാവസായിക സമുച്ചയത്തിലെ സ്ഥാപനങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് റഷ്യൻ സൈന്യം വ്യക്തമാക്കുന്നത്. ഡ്രോൺ ഫാക്ടറികളും, സംഭരണ കേന്ദ്രങ്ങളും, മിസൈൽ ലോഞ്ച് പാഡുകളും, യുക്രെയ്ൻ സൈന്യം ഒത്തുചേരുന്ന പ്രദേശങ്ങളും മാത്രമാണ് ആക്രമിച്ചതെന്നും റഷ്യൻ സൈന്യം വ്യക്തമാക്കി.
യുക്രെയ്നിലെ ജനവാസ മേഖലകളിൽ ആക്രമണം നടത്തിട്ടില്ലെന്ന വാദം റഷ്യ ആവർത്തിച്ചിട്ടുണ്ട്. ഇതിനിടെ റഷ്യയ്ക്ക് നേരെ തദ്ദേശീയമായ ലോങ്ങ് റേഞ്ച് ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്നും ആക്രമണം നടത്തി. റഷ്യൻ യുദ്ധത്തിന് സഹായം നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയായിരുന്നു യുക്രെയ്ൻ ആക്രമണം. ഇതിന് പുറമെ റഷ്യയുടെ എണ്ണശുദ്ധീകരണ ശാലകളെയും യുക്രെയ്ൻ ഡ്രോണുകൾ ലക്ഷ്യം വെച്ചു.
Read More:ഗാസയിൽ സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.