/indian-express-malayalam/media/media_files/KcBTRvSy8SiJn4Z39aiv.jpg)
ഫൊട്ടോ- (X/ @Jairam_Ramesh)
ഡൽഹി: പാർലമെന്റ് വളപ്പിൽ നിന്നും മഹാത്മാ ഗാന്ധിയുടേതടക്കമുള്ള പ്രതിമകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്കറുടെയും പ്രതിമകൾ നിലവിലുണ്ടായിരുന്ന സ്ഥലത്ത് സ്ഥാപിച്ചത് കൃത്യമായ കൂടിയാലോചനയ്ക്കും പരിഗണനകൾക്കും ശേഷമാണെന്നും ഒരു കൂടിയാലോചനയും കൂടാതെ അവ മാറ്റി സ്ഥാപിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വത്തെ നശിപ്പിക്കുന്നതിന് സമമാണെന്നും ഖാർഗെ ആരോപിച്ചു.
മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, ഛത്രപതി ശിവജി തുടങ്ങിയവരുട പ്രതിമകൾ പാർലമെന്റ് സമുച്ചയത്തിന്റെ ആരും ശ്രദ്ധിക്കാത്ത ഭാഗത്തേക്ക് മാറ്റിയെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. ഇത് സംബന്ധിച്ച അക്ഷേപം ഉന്നയിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച ലോക്‌സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും കത്തെഴുതി. പ്രതിമകൾ അവ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്തേക്ക് തിരികെ സ്ഥാപിക്കണമെന്നാണ് കത്തിലെ ആവശ്യം.
കഴിഞ്ഞ വർഷം സംവിധാൻ സദൻ എന്ന് പുനർനാമകരണം ചെയ്ത പഴയ പാർലമെന്റ് മന്ദിരത്തിന് സമീപമുള്ള ലൈബ്രറി ബിൽഡിംഗിന്റെ പിൻഭാഗം വരെയാണ് പ്രതിമകൾ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. സംവിധാൻ സദന്റെ ഏഴാം നമ്പർ ഗേറ്റിന് സമീപം പഴയ കെട്ടിടത്തിന് അഭിമുഖമായി മഹാത്മാഗാന്ധിയുടെയും ഡോ.ബി.ആർ.അംബേദ്കറിന്റേയും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.
1967 ഏപ്രിൽ 2-നാണ് പാർലമെന്റ് ഹൗസ് പരിസരത്ത് ഡോ. അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനത്തിലും ചരമവാർഷികത്തിലും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്നവർക്ക് തടസ്സങ്ങളില്ലാത്ത സഞ്ചാരം ഉറപ്പ് വരുത്തുന്നതായിരുന്നു ആ തീരുമാനമെന്നും കത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.
ഈ പ്രതിമകൾ ഏകപക്ഷീയമായ രീതിയിൽ മാറ്റി സ്ഥാപിച്ചതിൽ വേദന പ്രകടിപ്പിച്ച ഖാർഗെ, ചർച്ചയോ ആലോചനയോ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തി. നേരത്തെ പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ ദേശീയ നേതാക്കളുടെയും പാർലമെന്റേറിയൻമാരുടെയും ഛായാചിത്രങ്ങളും പ്രതിമകളും സ്ഥാപിക്കുന്നതിനുള്ള കമ്മിറ്റി ഉൾപ്പെടെയുള്ള പ്രസക്തമായ പങ്കാളികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ശരിയായ കൂടിയാലോചന കൂടാതെയുള്ള ഇപ്പോഴത്തെ തീരുമാനങ്ങൾ "നമ്മുടെ പാർലമെന്റിന്റെ ചട്ടങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരാണെന്നും കത്തിൽ കുറിച്ചു.
പ്രതിമകൾ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനത്തെക്കുറിച്ച്, പ്രതിമകളൊന്നും നീക്കം ചെയ്തിട്ടില്ലെന്നും, അവ മാറ്റി സ്ഥാപിച്ചുവെന്ന് മാത്രമേയുള്ളൂവെന്നും അതിൽ രാഷ്ട്രീയമില്ലെന്നുമായിരുന്നു ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ പ്രതികരണം.
Read More
- 'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.